ജയ്പൂർ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് കനത്ത തിരിച്ചടി. 12 ലക്ഷം രൂപ പിഴ ചുമത്തി ഐപിഎൽ അധികൃതർ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് മലയാളി താരത്തിനെതിരായ നടപടി.

ആദ്യ തവണയായതിനാലാണു പിഴത്തുക 12 ലക്ഷമാക്കി ചുരുക്കിയതെന്ന് ഐപിഎൽ സംഘാടകർ അറിയിച്ചു. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് മൂന്നു വിക്കറ്റ് വിജയമാണ് രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടിൽ സ്വന്തമാക്കിയത്. സീസണിൽ ആദ്യ നാലു മത്സരങ്ങളും ജയിച്ച രാജസ്ഥാൻ റോയൽസ് അപ്രതീക്ഷിതമായാണു മത്സരം കൈവിട്ടത്.

എങ്കിലും എട്ടു പോയിന്റുമായി ഇപ്പോഴും പട്ടികയിൽ ഒന്നാം സ്ഥാനത്താണു രാജസ്ഥാൻ റോയൽസ്. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ (72) നേതൃത്വത്തിലാണ് ടൈറ്റൻസ് റോയൽസിന്റെ അപരാജിത കുതിപ്പിന് തടയിട്ടത്. രാജസ്ഥാൻ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസ് 7 വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ ജയം പിടിച്ചെടുത്തു.

സ്‌കോർ: രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 3ന് 196, ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 7ന് 199. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാനു വേണ്ടി റിയാൻ പരാഗും ക്യാപ്റ്റൻ സഞ്ജു സാംസണുമാണു തിളങ്ങിയത്. 38 പന്തുകൾ നേരിട്ട സഞ്ജു 68 റൺസുമായി പുറത്താകാതെനിന്നു. 48 പന്തുകൾ നേരിട്ട പരാഗ് 76 റൺസാണു നേടിയത്. ബൗണ്ടറി നേടി ഗുജറാത്തിനെ വിജയിപ്പിച്ച ടൈറ്റൻസ് താരം റാഷിദ് ഖാനാണു കളിയിലെ താരം.