- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈകാരികമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്; സെഞ്ചുറി നേടിയതിൽ വളരെയധികം സന്തോഷം; ശാരീരികമായും മാനസികമായും ഒരുപാട് അധ്വാനിക്കുന്നു; അത് ഫലം കാണുന്നതിൽ സന്തോഷം; രാജ്യത്തിനായി ആദ്യ സെഞ്ച്വറി നേടിയതിൽ വൈകാരിക പ്രതികരണവുമായി സഞ്ജു സാംസൺ
പാൾ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി ആദ്യ സെഞ്ച്വറി നേടുന്ന താരമായി സഞ്ജു സാംസൺ മാറിയതോടെ സൈബർ ലോകത്ത് മലയാളികളുടെ ആഘോഷമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നാം നമ്പറിൽ ഇറങ്ങിയാണ് സഞ്ജു തന്റെ കരിയർ ബെസ്റ്റ് പ്രകടനം പുറത്തെടുത്തത്. ടീമിന് വേണ്ടിയായിരുന്ന സഞ്ജുവിന്റെ കളി. ഒരു ഘട്ടത്തിൽ ഇന്ത്യ തകരുമെന്ന ഘട്ടത്തിൽ നിന്നുമായിരുന്നു സഞ്ജുവും തിലക് വർമ്മയും ചേർന്ന് കൈപിടിച്ചുയർത്തിയത്. ഒടുവിൽ 114 പന്തിൽ 108 റൺസുമായാണ് സഞ്ജു പുറത്തായത്. മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 86 റൺസായിരുന്നു സഞ്ജുവിന്റെ ഇതുവരെയുള്ള മികച്ച സ്‌കോർ. ആ നില മെച്ചപ്പെടുത്തി താരം.
ബാറ്റിംഗിന് ശേഷം ഇന്നിങ്‌സിനെ കുറിച്ചു പ്രതികരിച്ച സഞ്ജുവിന്റെ വാക്കുകളും വൈകാരികമായിരുന്നു. ഷോൺ പൊള്ളോക്കിനോടായിരുന്നു താരം മനസ്സു തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
''ശരിക്കും വൈകാരികമായി തോന്നുന്നു, ഇപ്പോൾ വൈകാരികമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സെഞ്ചുറി നേടിയതിൽ വളരെയധികം സന്തോഷമുണ്ട്. ശാരീരികമായും മാനസികമായും ഒരുപാട് അധ്വാനിക്കുന്നു. അതിനുള്ള ഫലം എന്റെ വഴിക്ക് പോകുന്നത് കാണുന്നതിൽ സന്തോഷമുണ്ട്.'' സഞ്ജു പറഞ്ഞു.
പിച്ചിൽ ബാറ്റ് ചെയ്യാനുള്ള ബുദ്ധിമുട്ടിനെ കുറിച്ചും സഞ്ജു സംസാരിച്ചു. ''പുതിയ പന്തിൽ അവർ നന്നായി പന്തെറിഞ്ഞു. പഴയ പന്ത് വേഗത കുറയുകയും ബാറ്റ് ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ടാവുകയും ചെയ്തു. രാഹുൽ പുറത്തായതിന് ശേഷം കേശവ് മഹാരാജിനും ആധിപത്യം കാണിക്കാനായി. പക്ഷേ, എനിക്കും തിലകിനും അത് മറികടക്കാനായി. ഇന്ന് ഞങ്ങൾക്ക് ഒരു അധിക ഓൾറൗണ്ടർ ബാറ്റിംഗിനെത്താനുണ്ടായിരുന്നു. അതിനാൽ 40-ാം ഓവറിന് ശേഷം അഗ്രസീവായി കളിക്കാനാണ് ആലോചിച്ചിരുന്നത്.'' ഇന്ത്യയുടെ ആദ്യ ബാറ്റിംഗിന് ശേഷം സഞ്ജു വ്യക്തമാക്കി.
സഞ്ജുവിന്റെ ഇന്നിങ്‌സിനെ പുകഴ്‌ത്തി കൊണ്ടാണ് കമന്റേറ്റർമാരും രംഗത്തുവന്ന്. ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌ക്കരും സഞ്ജുവിനെ പുകഴ്‌ത്തി. സഞ്ജു തന്റെ കഴിവിനെ മികച്ച വിധത്തിൽ പ്രയോജനപ്പെടുത്തിയെന്ന് സുനിൽ ഗവാസ്‌ക്കർ പറഞ്ഞു. ഇന്ത്യൻ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്ന പ്രകടനമാണ സഞ്ജുവിൽ നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സെഞ്ച്വറി പൂർത്തിയാക്കി മടങ്ങിയ സഞ്ജുവിനെ ദക്ഷിണാഫ്രിക്കൻ താരങ്ങളും അഭിനന്ദിച്ചു. മത്സരത്തിൽ സഞ്ജുവിനെ വിശ്വാസത്തിലെടുത്തു മൂന്നാം നമ്പറിൽ കളിക്കാൻ അനുവദിച്ച ക്യാപട്ൻ കെ എൽ രാഹുലും ക്രെഡിറ്റ് അർഹിക്കുന്നുണ്ട്. തുടക്കത്തിലെ തകർച്ചയിൽ നിന്നും ഇന്ത്യയെ കരുതലോടെ സഞ്ജു കൈ പിടിച്ചുയർത്തി. ക്യാപ്ടൻ രാഹുൽ പുറത്തായ ശേഷം സ്‌കോർ മാന്യമായ നിലയിൽ എത്തി എന്ന് ഉറപ്പിക്കാനുള്ള കളിയായിരുന്നു. ബലിഷ്ഠമായ കൈകളും, ചലിക്കാത്ത കാലുകളും, ആശയക്കുഴപ്പം നിറഞ്ഞ മനസ്സും, പുറത്താകലിനെ കുറിച്ചുള്ള ഭയാശങ്കകളും താരത്തെ ഇത്തവണ ചതിയിലേക്ക് തള്ളിയിട്ടില്ല.
തുടക്കത്തിൽ തിലക് വർമ്മ പ്രതിരോധത്തിലേക്ക് പോയപ്പോഴും സഞ്ജു നിരാശനായില്ല. തിലക് വർമ്മയെ ആത്മവിശ്വാസത്തിലേക്ക് കൊണ്ടു വന്ന് അർദ്ധ സെഞ്ച്വറി അടുപ്പിച്ച ചേട്ടനായും സഞ്ജു മാറി. അങ്ങനെ സ്വന്തം സ്‌കോറിങ്ങിലെ കരുതൽ മറുവശത്തെ താരത്തോടും സഞ്ജു കാട്ടി. 114 പന്തിൽ 108 റണ്ഡസെടുത്ത് മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കൻ താരങ്ങൾ പോലും ഓടിയെത്തി സഞ്ജുവിനെ അഭിനന്ദിച്ചു. എത്രത്തോളും പ്രധാനപ്പെട്ടതാണ് ആ വിക്കറ്റെന്ന് അവർ തിരിച്ചറിഞ്ഞതിന് തെളിവ് കൂടിയാണ് ഇത്. അങ്ങനെ ഇന്ത്യൻ മുന്നേറ്റത്തിന് മുതൽകൂട്ടാകാൻ താനുണ്ടെന്ന് സഞ്ജു തെളിയിക്കുകയാണ്. രോഹിത് ശർമ്മയും വിരാട് കോലിയും ഏകദിനത്തിൽ നിന്ന് അകന്നാലും ആ കുറവ് പരിഹരിക്കാനുള്ള കരുത്ത് സഞ്ജുവിന്റെ ബാറ്റിനുണ്ടെന്നതാണ് വസ്തുത.
സ്പോർട്സ് ഡെസ്ക്