പാൾ (ദക്ഷിണാഫ്രിക്ക): നങ്കൂരമിടുക... എന്നാൽ റൺസെടുക്കാനുള്ള അവസരം മുതലാക്കുക.... ക്ലാസുള്ളവർക്ക് ഏകദിനത്തിൽ താരമാകാനുള്ള കോച്ചുമാരുടെ സ്ഥിരം ഉപദേശമാണ് ഇത്. ക്ലാസുണ്ടായിട്ടും സഞ്ജു വി സാംസണ് പലപ്പോഴും കിട്ടിയ അവസരങ്ങൾ മുതലാക്കാനായില്ല. ഒരു സെഞ്ച്വറിയുണ്ടായിരുന്നുവെങ്കിൽ എന്ന് പലരും സഞ്ജുവിന്റെ കാര്യത്തിൽ പറയുമായിരുന്നു. ഇന്ത്യൻ ടീമിന്റെ സ്ഥിരം മുഖമായി കേരളത്തിന്റെ ക്യാപ്ടൻ മാറാത്തിന് കാരണമായി പറഞ്ഞത് ഏകദിനത്തിലെ മൂന്നക്ക സ്‌കോറാണ്. ദക്ഷിണാഫ്രിക്കയിൽ അതും മലയാളി നേടുന്നു. ഇനിയും ഇന്ത്യൻ ക്രിക്കറ്റ് ദൈവങ്ങൾ സഞ്ജുവിനോട് ഇരട്ടത്താപ്പ് തുടരുമോ? ആർക്കും കൃത്യമായ മറുപടി ഇതിന് പറയാനാകില്ല. എന്തായാലും സഞ്ജു തെളിയിച്ചു കഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ഈ സെഞ്ച്വറി താരത്തിന് പുതിയ ആത്മവിശ്വാസം നൽകും.

ഏകദിനത്തിൽ എൺപത് റൺസ് നേടുന്ന മുൻനിരക്കാർ തട്ടിയും മുട്ടിയും സെഞ്ച്വറിയിലേക്ക് എത്താനാകും ശ്രമിക്കുക. റിസ്‌ക് പരമാവധി കുറയ്ക്കും. പക്ഷേ സഞ്ജു അങ്ങനെ അല്ല. വ്യക്തിഗത സ്‌കോർ എൺപതിലെത്തിയപ്പോഴും ടീമിന് വേണ്ടി കളിക്കുന്നു. റൺസ് എങ്ങനേയും നേടുകയാണ് ലക്ഷ്യം. സ്വാർത്ഥത ഇല്ലാത്ത കളിക്കാരനുള്ള തെളിവാണ് ഇത്-ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു എൺപതുകളിൽ ബാറ്റ് ചെയ്യുമ്പോൾ സാക്ഷാൽ സഞ്ജയ് മഞ്ജരേക്കർ പറഞ്ഞതാണ് ഇത്. ഇത് തന്നെയാണ് എന്തുകൊണ്ട് വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി കളിക്കുന്ന താരത്തിൽ നിന്നും സഞ്ജുവിനെ വ്യത്യസ്തനാക്കുന്നുവെന്നതിന് തെളിവ്. 110 പന്തിൽ നിന്നാണ് സഞ്ജു 100 റൺസ് നേടിയത്. മസിൽ കാട്ടി തനിക്ക് സെഞ്ച്വറി നേടാനുള്ള കരുത്തുണ്ടെന്ന് കാണിച്ച് സഞ്ജു ഏകദിനത്തിലെ കന്നി സെഞ്ച്വറിയെ ആഘോഷമാക്കി.

സഞ്ജുവിന്റെ വ്യക്തിഗത സ്‌കോർ 99 ൽ നിൽക്കുമ്പോൾ റിങ്കു സിങ് റണ്ണൗട്ടിന് സാധ്യതയുള്ള ഒരു റൺസിന് വേണ്ടി ശ്രമിച്ചു. സാധാരണ സെഞ്ച്വറി അനിവാര്യമെന്ന് കരുതുന്ന താരങ്ങൾ അതിൽ നിന്നും റിങ്കുവിനെ തടയും. പക്ഷേ സഞ്ജു അതും ഓടി. ജോണ്ടി റോഡ്സിന്റെ പിൻഗാമികളുടെ ഫിൽഡിങ് കരുത്ത് തിരിച്ചറിഞ്ഞു തന്നെ റിസ്‌ക് എടുത്തു. സെഞ്ച്വറിക്കല്ല ടീമിനാണ് പ്രാധാന്യമെന്ന് അവിടെ സഞ്ജു തെളിയിച്ചു. പലപ്പോഴും ഏകദിനത്തിൽ കിട്ടിയ അവസരങ്ങൾ സഞ്ജു ഉപയോഗിച്ചില്ലെന്ന് വിമർശനം ഉയർന്നിരുന്നു. പലപ്പോഴും ടീമിന് ഗുണകരമായ ഇന്നിങ്സുകളും പിറന്നില്ലെന്നത് യാഥാർത്ഥ്യമാണ്. എപ്പോഴും സഞ്ജു ടീമിന് വേണ്ടി റൺസ് എടുക്കാനാണ് ശ്രമിച്ചിരുന്നത് എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ അനാവശ്യ ഷോട്ടുകളിൽ വിക്കറ്റ് കളഞ്ഞു കുളിച്ചു.

എന്നാൽ ഇന്ത്യൻ ടീമിൽ കളി തുടരാനുള്ള അവസാന അവസരത്തിൽ സഞ്ജു കളി മാറ്റി പിടിച്ചു. ടീമിന് വേണ്ടി റൺസ് നേടുക എന്നതിന് അപ്പുറത്തേക്ക് ടീമിന് വേണ്ടി കളിക്കേണ്ട രീതിയിൽ കളിച്ചു. അത് മൂന്നക്ക സ്‌കോറായി മാറുകയും ചെയ്തു. മൂന്നാം നമ്പറിൽ സഞ്ജുവിന് അവസരം കൊടുത്ത ക്യാപ്ടൻ കെ എൽ രാഹുലിന്റെ തീരുമാനവും മലയാളിക്ക് നിർണ്ണായകമായി. തുടക്കത്തിലെ തകർച്ചയിൽ നിന്നും ഇന്ത്യയെ കരുതലോടെ സഞ്ജു കൈ പിടിച്ചുയർത്തി. ക്യാപ്ടൻ രാഹുൽ പുറത്തായ ശേഷം സ്‌കോർ മാന്യമായ നിലയിൽ എത്തി എന്ന് ഉറപ്പിക്കാനുള്ള കളിയായിരുന്നു. ബലിഷ്ഠമായ കൈകളും, ചലിക്കാത്ത കാലുകളും, ആശയക്കുഴപ്പം നിറഞ്ഞ മനസ്സും, പുറത്താകലിനെ കുറിച്ചുള്ള ഭയാശങ്കകളും താരത്തെ ഇത്തവണ ചതിയിലേക്ക് തള്ളിയിട്ടില്ല.

തുടക്കത്തിൽ തിലക് വർമ്മ പ്രതിരോധത്തിലേക്ക് പോയപ്പോഴും സഞ്ജു നിരാശനായില്ല. തിലക് വർമ്മയെ ആത്മവിശ്വാസത്തിലേക്ക് കൊണ്ടു വന്ന് അർദ്ധ സെഞ്ച്വറി അടുപ്പിച്ച ചേട്ടനായും സഞ്ജു മാറി. അങ്ങനെ സ്വന്തം സ്‌കോറിങ്ങിലെ കരുതൽ മറുവശത്തെ താരത്തോടും സഞ്ജു കാട്ടി. 114 പന്തിൽ 108 റണ്ഡസെടുത്ത് മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കൻ താരങ്ങൾ പോലും ഓടിയെത്തി സഞ്ജുവിനെ അഭിനന്ദിച്ചു. എത്രത്തോളും പ്രധാനപ്പെട്ടതാണ് ആ വിക്കറ്റെന്ന് അവർ തിരിച്ചറിഞ്ഞതിന് തെളിവ് കൂടിയാണ് ഇത്. അങ്ങനെ ഇന്ത്യൻ മുന്നേറ്റത്തിന് മുതൽകൂട്ടാകാൻ താനുണ്ടെന്ന് സഞ്ജു തെളിയിക്കുകയാണ്. രോഹിത് ശർമ്മയും വിരാട് കോലിയും ഏകദിനത്തിൽ നിന്ന് അകന്നാലും ആ കുറവ് പരിഹരിക്കാനുള്ള കരുത്ത് സഞ്ജുവിന്റെ ബാറ്റിനുണ്ടെന്നതാണ് വസ്തുത.

2021ൽ അരങ്ങേറ്റം കുറിച്ച സഞ്ജു 15-ാം ഏകദിനത്തിലാണ് കന്നി സെഞ്ച്വറി നേടുന്നത്. മൂന്ന് അർദ്ധ ശതകങ്ങൾ നേടിയിട്ടുമുണ്ട്. ബാറ്റിങ് ശരാശരി അമ്പത് റൺസിനു മുകളിലും. ദക്ഷിണാഫ്രിക്കയിലെ സെന്റ് ജോർജ് പാർക്കിൽ നടന്ന രണ്ടാം ഏകദിനത്തിൽ സഞ്ജു സാംസൺ പുറത്തായ രീതി സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. അതിമനോഹരമായൊരു സ്‌ക്വയർ ഡ്രൈവിലൂടെ ബൗണ്ടറി കണ്ടെത്തിയ സാംസണ് ലഭിച്ചത് നല്ല തുടക്കമായിരുന്നു. എന്നാൽ, പതിയ ഡോട്ട് ബോളുകളുടെ സമ്മർദ്ദത്തിലേക്ക് വഴുതിവീണ സഞ്ജു പന്ത് സ്റ്റംപിലേക്ക് സ്വയം തട്ടിയിട്ട് അനിവാര്യമായ പുറത്താകൽ ക്ഷണിച്ചുവരുത്തുകയായിരുന്നു. എന്നാൽ നിർണ്ണായക മൂന്നാം ഏകദിനത്തിൽ ആ അബദ്ധം സഞ്ജു കാട്ടിയില്ല.

രാജ്യത്തിനായി ആദ്യ സെഞ്ചറി നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. 113 പന്തിൽനിന്ന് 108 റൺസെടുത്ത് പുറത്തായി. വില്യംസിന്റെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജു, ഹെൻട്രിക്‌സിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. മൂന്ന് സിക്‌സും ആറ് ഫോറും ഉൾപ്പെട്ടതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. ഈ സെഞ്ച്വറി ഇല്ലായിരുന്നുവെങ്കിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും പരാജിതനെന്ന പേരുദോഷം സഞ്ജുവിന് വരുമായിരുന്നു. പിന്നെ ആരും പരിഗണിക്കാത്ത താരമായി മാറുകയും ചെയ്യുന്ന സ്ഥിതി വരുമായിരുന്നു. ഇത് മനസ്സിൽ വച്ചാണ് പാളിൽ സഞ്ജു കളിച്ചു കയറിയതും.