അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റിൽ ഏക്കാലവും ഓർത്തിക്കുന്ന ബാറ്റിങ് മികവ് പിറന്നത് ഒരു സ്ലെഡ്ജിംഗിൽ നിന്നാണ്. യുവരാജ് സിങ് ഒരോവറിൽ ആറ് സിക്‌സറുകൾ പറത്തിയത് ആൻഡ്രു ഫ്‌ളിന്റോഫ് യുവിയെ പ്രകോപിപ്പിച്ചതോടെയാണ്. തുടർന്ന് അടുത്ത ഓവറിൽ സ്റ്റുവർട്ട് ബ്രോഡിനെ ആറ് സിക്‌സറുകളും പറത്തി യുവി. ഇത്തരം മുഹൂർത്തങ്ങൾ ക്രിക്കറ്റിൽ അപൂർവമായേ ഉണ്ടാകാറുള്ളൂ. ഇന്നലെ ഐപിഎൽ സമാനമായ വിധത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്ടനും ബാറ്റുകൊണ്ട് മറുപടി നൽകി.

രാജസ്ഥാൻ റോയൽസ് - ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ രാജസ്ഥാൻ ക്യാപ്ടൻ സഞ്ജുവിനെ പ്രകോപിപ്പിച്ചത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യയായിരുന്നു. ഇതോടെ അത് കളിയുടെ ടേണിങ് പോയിന്റെ ആയി മാറുകയും ചെയ്തു. റാഷിദ് ഖാനെ തുടർച്ചയായി മൂന്ന് കിസ്‌റുകൾ പറത്തി സഞ്ജു കളം നിറയുകയായിരുന്നു.

പവർപ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് രാജസ്ഥാൻ പതറുന്നതിനിടെയായിരുന്നു ഹാർദിക്, സഞ്ജുവിനടുത്തെത്തി ചെവിയിൽ എന്തോ പറഞ്ഞത്. പറഞ്ഞത് ഇഷ്ടമായില്ലെന്ന് സഞ്ജുവിന്റെ മുഖത്ത് നിന്നും വ്യക്തമായിരുന്നു. എങ്കിലും തിരിച്ചൊന്നും പറയാതെ സഞ്ജു ക്രീസിലെത്തി ഗാർഡ് എടുത്തു. എന്നാൽ അതിന് ശേഷം സഞ്ജു ഷോയ്ക്കാണ് സ്റ്റേഡിയം സാക്ഷിയായത്. പതിയെ ഇന്നിങ്സ് കെട്ടിപ്പടുത്ത സഞ്ജു പിന്നീട് വെടിക്കെട്ടിന് തുടക്കമിട്ടു.

അതിൽ കാര്യമായി പണികിട്ടിയത് ട്വന്റി 20 ക്രിക്കറ്റിലെ തന്നെ മികച്ച ബൗളർമാരിൽ ഒരാളായ റാഷിദ് ഖാന്. 13-ാം ഓവർ എറിയാനെത്തിയ റാഷിദിനെ തുടർച്ചയായ മൂന്ന് തവണയാണ് സഞ്ജു സിക്സറിന് പറത്തിയത്. 12 ഓവറിൽ 66-ന് നാല് എന്ന നിലയിൽ പതറുകയായിരുന്ന രാജസ്ഥാൻ പിന്നീട് അവിടെ നിന്നും ഒരു കുതിപ്പായിരുന്നു. പിന്നീട് വെറും 7.2 ഓവറിൽ നിന്ന് 113 റൺസ് അടിച്ചെടുത്താണ് റോയൽസ് റോയലായി തന്നെ ജയിച്ചുകയറിയത്.

32 പന്തിൽ നിന്ന് ആറ് സിക്‌സും മൂന്ന് ഫോറുമടക്കം 60 റൺസെടുത്ത സഞ്ജു തുടക്കമിട്ട വെടിക്കെട്ട് 26 പന്തിൽ നിന്ന് അഞ്ച് സിക്സും രണ്ട് ഫോറുമടക്കം 56 റൺസുമായി ഷിംറോൺ ഹെറ്റ്മയർ പൂർത്തിയാക്കിയതോടെ ഹാർദിക്കിനെയും കൂട്ടരെയും കാഴ്ചക്കാരാക്കി നാല് പന്ത് ബാക്കിനിൽക്കേ രാജസ്ഥാൻ ജയവും ഒന്നാം സ്ഥാനവുമായി മടങ്ങി.

തുടർച്ചയായി രണ്ട് പൂജ്യത്തിന് പുറത്തായ സഞ്ജുവിന്റെ ശക്തമായ തിരിച്ചു വരവു കൂടിയായി ഇത്. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 55 റൺസെടുക്കാൻ സഞ്ജുവിനായി. രണ്ടാം മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ 42 റൺസും സഞ്ജു സ്വന്തമാക്കി. എന്നാൽ ഡൽഹി കാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നിവർക്കെതിരെ സഞ്ജുവിന് തിളങ്ങാനായില്ല. രണ്ട് മത്സരങ്ങളിലും താരം പൂജ്യത്തിന് പുറത്തായി.

പിന്നാലെ താരത്തിനെതിരെ കടുത്ത വിമർശനളുണ്ടായി. സഹതാരം ആർ അശ്വിൻ പോലും സഞ്ജുവിനെ ട്രോളിയിരുന്നു. സഞ്ജു പൂജ്യത്തിന് പുറത്തായ ഇന്നിങ്സുകളെ 'രണ്ട് മുട്ട' എന്നുള്ള രീതിയിലാണ് രസകരമായ ഒരു ലൈവിൽ അശ്വിൻ പറഞ്ഞത്. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസിനിടയിലും 'മുട്ട' പരാമർശമുണ്ടായി.

ഇത്തവണ സഞ്ജു തന്നെയാണ് ഇക്കാര്യം പറഞ്ഞത്. അവതാരകൻ ഡാനി മോറിസൺ കഴിഞ്ഞ രണ്ടു മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന് കുറിച്ച് ചോദിച്ചു. എന്നാൽ, തമാശരൂപേണ 'കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ കിട്ടിയ ഓംലെറ്റ് മതിയായെന്നും ഇന്ന് റൺസ് സ്‌കോർ ചെയ്യണ'മെന്നും സഞ്ജു വ്യക്തമാക്കുകയായിരുന്നു. എന്തായാലും സഞ്ജു വാക്കുപാലിച്ചു. തോൽക്കുമെന്ന് ഉറപ്പായ കളി തിരിച്ചുപിടിച്ചത് സഞ്ജുവിന്റെ അതിവേഗ ഇന്നിങ്സായിരുന്നു. 32 പന്തുകൾ നേരിട്ട താരം ആറ് സിക്സിന്റേയും മൂന്ന് ബൗണ്ടറികളുടേയും പിൻബലത്തിൽ 60 റൺസാണ് നേടിയത്. 15-ാം ഓവറിന്റെ അവസാന പന്തിൽ സഞ്ജു മടങ്ങുമ്പോൾ സ്‌കോർ അഞ്ചിന് 114 എന്ന നിലയാലിയിരുന്നു.