ധരംശാല: പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിൽ ജയം നേടിയെങ്കിലും രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് സാധ്യത തുലാസിലാണ്. 14 മത്സരങ്ങൾ പൂർത്തിയായപ്പോൾ 14 പോയന്റുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും തങ്ങളുടെ അവസാന മത്സരം തോറ്റെങ്കിൽ മാത്രമേ ഇനി രാജസ്ഥാന് പ്ലേ ഓഫ് സാധ്യതയുള്ളൂ. നാലാം സ്ഥാനത്തുള്ള ആർസിബി വൻ മാർജിനിൽ തോൽക്കുകയും വേണം.

എന്നാൽ പഞ്ചാബിനെതിരായ മത്സര ശേഷം സഞ്ജു സാംസൺ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം വൈറലാകുകയാണ്. ജോസ് ബട്ട്ലർക്കും യുസ്വേന്ദ്ര ചാഹലിനുമൊപ്പം മൈതാനത്തിരിക്കുന്ന ചിത്രമാണ് സഞ്ജു പങ്കുവെച്ചത്. എന്നാൽ ഇതിന് സഞ്ജു മലയാളത്തിൽ നൽകിയ അടിക്കുറിപ്പാണ് പോസ്റ്റ് വൈറലാക്കിയത്.

രാജസ്ഥാന്റെ നിലവിലെ അവസ്ഥ തന്നെയാണ് സഞ്ജു സാംസൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ''യുസീ(യുസ്വേന്ദ്ര ചാഹൽ), ജോസേട്ടാ(ജോസ് ബട്‌ലർ)... കുറച്ചുനേരം ഇരുന്നുനോക്കാം, ചിലപ്പോൾ ബിരിയാണി കിട്ടിയാലോ...''. സഞ്ജുവും ജോസ് ബട്‌ലറും ചാഹലും കൂടി ഗ്രൌണ്ടിൽ പരിശീലനത്തിനിടെ ഇരുന്ന് തമാശ പങ്കിടുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

തങ്ങളെ ട്രോളാൻ വേറൊയാരും വേണ്ടെന്ന തരത്തിലാണ് സഞ്ജുവിന്റെ പോസ്റ്റെന്ന് ആരാധകരും കമന്റ് ചെയ്യുന്നു. എന്നാൽ ഏറ്റവും രസകരമായ കമന്റ് പങ്കുവെച്ചത് മറ്റാരുമല്ല, രാജസ്ഥാൻ ഓപ്പണർ ജോസ് ബട്‌ലർ തന്നെയാണ്.

ബിരിയാണി കിട്ടിയാലോ എന്ന അടിക്കുറിപ്പിന് കിട്ടാൻ പോകുന്നത് ബിരിയാണി അല്ലെന്നും, ഡക്ക്(മുട്ട) പാൻകേക്ക് ആയിരിക്കുമെന്നാണ് ബട്ലർ കമന്റിട്ടത്. ബട്ലർ അവസാന മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായിരുന്നു. അതിനുപുറമേ ഈ ഐ.പി.എൽ സീസണിൽ മൊത്തം അഞ്ച് തവണയും ബട്ലർ പൂജ്യത്തിന് പുറത്തായി. ഇതോടെ ഒരു സീസണിൽ ഏറ്റവും കുടുതൽ തവണ പൂജ്യത്തിന് പുറത്താവുന്ന താരമെന്ന മോശം റെക്കോർഡും ബട്ലറുടെ പേരിലായി. ഇക്കാര്യം ഓർമിപ്പിച്ചാണ് സെൽഫ് ട്രോൾ കമന്റുമായി ബട്‌ലർ എത്തിയത്. അതേസമയം സഞ്ജുവിന്റെ പോസ്റ്റിന് താഴെ രാജസ്ഥാന്റെ സീസണിലെ പ്രകടനത്തെ വിമർശിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by Sanju V Samson (@imsanjusamson)

രാജസ്ഥാനെ സംബന്ധിച്ച് ഐ.പി.എൽ പ്ലേ ഓഫ് സാധ്യതകൾ തുലാസിലാണ്. പഞ്ചാബിനെതിരായ അവസാന മത്സരം ജയിച്ചതോടെ 14 പോയിന്റുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് സഞ്ജുവും സംഘവും. 13 മത്സരങ്ങളിൽ 14 പോയിന്റോടെ ബാംഗ്ലൂർ നാലാം സ്ഥാനത്തും അത്ര തന്നെ മത്സരത്തിൽ അത്ര തന്നെ പോയിന്റുമായി മുംബൈ ഇന്ത്യൻസ് ആറാം സ്ഥാനത്തുമാണ്. 13 കളികളിൽ 12 പോയിന്റുമായി കൊൽക്കത്ത ഏഴാം സ്ഥാനത്തുമുണ്ട്.

രാജസ്ഥാന് പ്ലേ ഓഫിലെത്തണമെങ്കിൽ ഇന്ന് നടക്കുന്ന ലഖ്‌നൗ- കൊൽക്കത്ത മത്സരത്തിൽ വലിയ മാർജിനിൽ കൊൽക്കത്ത വിജയിക്കാൻ പാടില്ല. പുറമേ നാളെ നടക്കുന്ന രണ്ട് മത്സരങ്ങളും രാജസ്ഥാന് നിർണായകമാണ്. മുംബൈ-സൺറൈസേഴ്‌സ് മത്സരത്തിൽ മുംബൈ ജയിക്കാൻ പാടില്ല. മുംബൈ ജയിച്ചാൽ 16 പോയിന്റോടെ അവർ ടോബിളിൽ ടോപ് ഫോറിലെത്തും.

അതുപോലെതന്നെ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ബാംഗ്ലൂരിനെ തോൽപ്പിക്കുകയും വേണം. 14 പോയിന്റുള്ള ബാംഗ്ലൂർ റൺറേറ്റിലും മുൻപിലാണ്. അതുകൊണ്ട് തന്നെ വലിയ മാർജിനിൽ ബാംഗ്ലൂർ തോറ്റാൽ മാത്രമേ രാജസ്ഥാന് പ്ലേ ഓഫ് കളിക്കാൻ കഴിയൂ.