- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജു കളിച്ചില്ലെങ്കിലും 2024ലെ രോഹിത്തിന്റെ കപ്പുയർത്തലിലും മലയാളി ഭാഗ്യം
മുംബൈ: മലയാളി ബന്ധമുണ്ടേങ്കിലേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലോകപ്പ് മുത്തമിടാൻ കഴിയൂ! 1983ൽ കപിൽ ദേവിന്റെ ചെകുത്താന്മാർ കരീബീയൻ വീര്യത്തെ വീഴ്‌ത്തി കറുത്ത കുതിരകളായി ഏകദിന ലോകകപ്പ് കപ്പുയർത്തുമ്പോൾ ആ ടീമിൽ ഒരു പാതി മലയാളിയുണ്ടായിരുന്നു. റിസർവ്വ് ബഞ്ചിൽ സുനിൽ വാൽസൺ. പിന്നെ 2011ലായിരുന്നു ഇന്ത്യയുടെ ലോകകപ്പ് വിജയം. അന്ന് കേരളത്തിൽ കളിച്ചു വളർന്ന മലയാളിയുടെ ശ്രീ... എന്ന ശ്രീശാന്ത്. 2007ൽ ഇന്ത്യ ട്വന്റ്ി ട്വന്റി ലോകകപ്പിൽ മുത്തമിട്ടപ്പോഴും ആ ടീമിൽ ശ്രീശാന്തുണ്ടായിരുന്നു. 2024ൽ വീണ്ടും ട്വന്റി ട്വന്റി കിരീടം ഇന്ത്യയിലേക്ക് എത്തുന്നു. അപ്പോഴും ടീമിലുണ്ട് ഒരു മലയാളി. ഇന്ത്യൻ ക്രിക്കറ്റിലെ ബാറ്റിങ് പവർഹൗസായ സഞ്ജു വി സാംസൺ. പോരാട്ട വീര്യത്തിലൂടെ നേടിയ ടീമിലെ സ്ഥാനം. പക്ഷേ കുട്ടിക്രിക്കറ്റിന്റെ 2024ലെ പതിപ്പിൽ ഇന്ത്യയ്ക്കാടി പാഡണിയാൻ കേരളാ ക്യാപ്ടനായില്ല. എല്ലാ കളിയിലും റിസർവ്വ് ബഞ്ചിൽ ഇരുന്നു. അപ്പോഴും മലയാളി ഭാഗ്യം ഇന്ത്യയ്ക്ക് ലോകകപ്പ് നൽകുകയാണ്. 1983ൽ സുനിൽ വാൽസണെ പുറത്തിരുത്തി ഏകദിന ലോകകപ്പുയർത്തിയ മാതൃകയിൽ 2024ൽ സഞ്ജുവിനെ കരയ്ക്കിരുത്തി രോഹിത് ശർമ്മ കപ്പുയർത്തുന്നു.
ഇന്ത്യയിലെ ക്രിക്കറ്റ് 'ദൈവങ്ങൾ' കണ്ടില്ലെന്ന് നടിക്കുന്ന താരമാണ് സഞ്ജു. കഴിഞ്ഞ ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് പവർ ഹൗസായിരുന്നു സഞ്ജു. ആ പ്രകടനം സെലക്ടർമാർക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. ഈ ലോകകപ്പിൽ സഞ്ജു കളിക്കുമെന്ന് തന്നെ ഏവരും ഉറപ്പിച്ചു. പരിശീലന മത്സരത്തിൽ സഞ്ജുവിനെ ഓപ്പണറാക്കി. നിർഭാഗ്യം വിക്കറ്റുമായി പോയപ്പോൾ സഞ്ജുവിന് പിന്നെ ഗാലറിയിൽ ഇരിക്കാനായി യോഗം. ടീം എല്ലാ കളികളും ജയിച്ച് ഫൈനൽ വരെ എത്തിയതു കൊണ്ടു തന്നെ പരീക്ഷണങ്ങൾക്ക് മാനേജ്‌മെന്റ് മുതിർന്നില്ല. വിരാട് കോലി മാത്രമായിരുന്നു ഫോമിൽ തീരെ മങ്ങിയത്. കോലിയെ പുറത്തിരുത്താൻ കഴിയുകയുമായിരുന്നില്ല. അങ്ങനെ സഞ്ജു റിസർവ്വ് ബഞ്ചിൽ കളികണ്ടു. അപ്പോഴും ലോകകപ്പിലെ കിരീട ഭാഗ്യം ഇന്ത്യയ്ക്കാകുന്നു. ഇതോടെ ലോകകപ്പ് ജയിച്ച ടീമിൽ കളിക്കാനായ ഏക മലയാളി താരമായി ശ്രീശാന്ത് തുടരുകയും ചെയ്യും. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിലും ഇന്ത്യ ഫൈനലിൽ എത്തിയിരുന്നു. അന്നും ഇന്ത്യൻ ടീമിൽ മലയാളി സാന്നിധ്യമുണ്ടായിരുന്നു. പാതി മലയാളിയായ ശ്രേയസ് അയ്യർ. പക്ഷേ ആ ഫൈനലിൽ ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം.
ഈ ട്വന്റി ട്വന്റി ലോകകപ്പോടെ ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും പല താരങ്ങളും വിരമിക്കുമെന്ന് കരുതുന്നവരുണ്ട്. വിരാട് കോലിയും രോഹിത് ശർമ്മയുമെല്ലാം യുവാക്കൾക്കായി വഴി മാറുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ സഞ്ജുവിന് സാധ്യതകൾ കൂടും. സിംബാബ് വേയിലേക്കുള്ള ഇന്ത്യൻ ടീമിലെ പ്രധാന മുഖമാണ് സഞ്ജു. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് തുടർന്നാൽ ഇന്ത്യൻ ക്രിക്കറ്റിലെ സജീവതയായി സഞ്ജുവിന് തുടരാനാകും. ഇനിയും വർഷങ്ങളുടെ കളി ബാക്കിയുള്ള സഞ്ജുവിന് അടുത്ത ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായി മാറാൻ കഴിയുമെന്ന വിലയിരുത്തലും സജീവമാണ്. അതിന് പക്ഷേ കഴിഞ്ഞ സീസണിലെ ഐപിഎൽ ഫോം കൈവിടാതെ നോക്കേണ്ടതുണ്ടെന്ന് മാത്രം.
ടീമിലെത്തിയിട്ടും 1993ലെ ലോകകപ്പിൽ കളിക്കാൻ കഴിയാത്തതിൽ ഒരിക്കലും നിരാശനായിരുന്നിൽ സുനിൽ വാൽസൺ. അതിൽ കാര്യമില്ല. ഞാൻ കളിച്ചതുപോലെയായിരുന്നു എനിക്ക് ഓരോ മത്സരവും എന്നാണ് അതേ കുറിച്ച് സുനിൽ വാൽസൺ പിന്നീട് പ്രതികരിച്ചത്. ഞങ്ങളെല്ലാം ഒന്നെന്ന വികാരം. വെസ്റ്റിൻഡീസിനെതിരായ രണ്ടാമത്തെ മത്സരത്തലേന്നു കപിൽ എന്നോടു പറഞ്ഞു, 'വോളീ (വൽസന്റെ ഓമനപ്പേര്), റോജറിനു (ബിന്നി) പരുക്കാണ്. കളിക്കേണ്ടിവരും. തയാറായിക്കോളൂ. രാവിലെ റോജറിനൊരു ഫിറ്റ്‌നസ് ടെസ്റ്റുണ്ട്.' അന്നു കോച്ച്, ഫിസിയോ, ഡോക്ടർ തുടങ്ങിയവയൊന്നുമില്ല. കളിക്കാരന്റെ ഫിറ്റ്‌നസ് തെളിയിക്കേണ്ടതു കളിക്കാരൻതന്നെയാണ്. പിറ്റേന്നു രാവിലെ, ബിന്നി കപിലിന്റെയും മാനേജരുടേയും മുന്നിൽ കുറച്ചു ജോഗ് ചെയ്തു ഓടി. ഫിറ്റ്‌നസ് തെളിയിച്ചു. കളിയിൽ 3 വിക്കറ്റുമെടുത്തു. അതു കൊണ്ടു തന്നെ പുറത്തിരുന്നതിൽ എനിക്ക് ഒട്ടും നിരാശയുണ്ടായില്ല-ഇതായിരുന്നു വാൽസണിന്റെ കമന്റ്. 1983ലെ ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച താരങ്ങളിൽ ഒരാൾ റോജർ ബിന്നിയായിരുന്നു. 2024ൽ സഞ്ജു പുറത്തിരിക്കുമ്പോൾ ബിസിസിഐയുടെ അധ്യക്ഷനാണ് ബിന്നി എന്നതാണ് മറ്റൊരു വസ്തുത.
ഡെറാഡൂണിലാണു വാൽസൺ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഡൽഹിയാണ് എന്നും പ്രവർത്തനകേന്ദ്രം. വാൽസണിന്ററെ അച്ഛൻ കണ്ണൂർ സ്വദേശിയും അമ്മ തലശ്ശേരി സ്വദേശിയുമായിരുന്നു. ചെന്നൈയിലും ഹൈദരാബാദിലും ഡൽഹിയിലുമെല്ലാമായി ഒട്ടേറെ വർഷം ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട് പേസ് ബോളറായ സുനിൽ വൽസൻ. പാക്കിസ്ഥാനും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഇന്ത്യയിൽ കളിക്കാനെത്തിയപ്പോൾ ബോർഡ് പ്രസിഡന്റ്‌സ് ഇലവനും റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കുമെല്ലാമായി മികച്ച പ്രകടനം കാഴ്ച വച്ചു. പക്ഷേ ഒരിക്കൽ പോലും ഇന്ത്യൻ കുപ്പായത്തിൽ കളിക്കാൻ സുനിൽ വാൽസണ് അവസരം കിട്ടിയില്ലെന്നതാണ് വസ്തുത.