തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിന മത്സരത്തിൽ ഐതിഹാസിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കേരളത്തിന്റെ മണ്ണിൽ 317 റൺസിനാണ് ശ്രീലങ്കൻ ടീമിനെ രോഹിത് ശർമയും സംഘവും കെട്ടുകെട്ടിച്ചത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് കുറിച്ചത്.

വിരാട് കോലിയും ശുഭ്മാൻ ഗില്ലും ബാറ്റിങ് വെടിക്കെട്ട് കൊണ്ട് മലയാളി ആരാധകരെ ആവേശ കൊടുമുടിയിൽ എത്തിച്ചെങ്കിലും ലോക്കൽ ഹീറോ സഞ്ജു സാംസണിന്റെ അസാന്നിധ്യം അവരെ നിരാശരാക്കിയിരുന്നു.

കാര്യവട്ടത്ത് കളികാണാൻ ആരാധകർ വളരെ കുറവായിരുന്നു. ഇതിന് കാരണങ്ങളിൽ ഒന്ന് സഞ്ജുവിന്റെ അഭാവമാണെന്നും വിലയിരുത്തലുണ്ട്. ഇപ്പോഴിതാ മത്സരത്തിനിടെ കാണികൾ സഞ്ജു എവിടെയെന്ന് സൂര്യകുമാർ യാദവിനോട് ചോദിക്കുന്നതിന്റെയും അതിന് സൂര്യകുമാർ നൽകിയ മറുപടിയുടെയും ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

സൂര്യകുമാർ യാദവ് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്ത് വരികെയാണ് സഞ്ജു എവിടെയെന്ന ചോദ്യം ഗ്യാലറിയിൽ നിന്നുയരുന്നത്. ചോദ്യം ചെവിയിൽ കൈവെച്ച് കേൾക്കുന്നപോലെ ആംഗ്യം കാട്ടിയ സൂര്യകുമാർ ഹൃദയത്തിലെന്നാണ് ആംഗ്യത്തിലൂടെ മറുപടി നൽകിയത്. സൂര്യയുടെ പ്രതികരണം ആരാധകർ ആർപ്പുവിളിയോടൊണ് വരവേറ്റത്.

ഇത് കേരള ആരാധകരെ സംബന്ധിച്ച് വലിയ ആവേശമായി. സൂര്യ സഞ്ജു ഹൃദയത്തിലാണെന്ന് ആംഗ്യം കാട്ടുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സഞ്ജുവിനെ വളരെയധികം സ്നേഹിക്കുന്ന ആരാധകരുള്ള സ്ഥലമാണ് തിരുവനന്തപുരം.

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ സഞ്ജു ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്. പരിക്കേറ്റില്ലായിരുന്നുവെങ്കിലും സഞ്ജുവിന് ഏകദിന ടീമിൽ ഇടമില്ലായിരുന്നു.

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് സഞ്ജുവിന്റെ കാൽമുട്ടിന് പരിക്കേറ്റത്. സ്‌കാനിംഗിന് വിധേയനാക്കിയ സഞ്ജുവിന്റെ പരിക്ക് ഗുരുതരമല്ലെങ്കിൽ പൂർണ കായികക്ഷമത വീണ്ടെടുക്കാൻ മൂന്നാഴ്ചയെങ്കിലും സമയം വേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. പരിക്കിൽ നിന്ന് മോചിതകാനാത്തതിനാൽ സഞ്ജുവിനെ അടുത്ത ആഴ്ച തുടങ്ങുന്ന ന്യൂസിലൻഡിനെിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും ഉൾപ്പെടുത്തിയിട്ടില്ല.

ന്യൂസീലൻഡിനെതിരായ വരാനിരിക്കുന്ന പരമ്പരയിലും സഞ്ജുവിന് ടീമിൽ ഇടമില്ല. സഞ്ജുവിന്റെ സമീപകാലത്തെ ഏകദിനത്തിലെ പ്രകടനങ്ങൾ മികച്ചതാണെങ്കിലും ഇന്ത്യ അദ്ദേഹത്തിന് അവസരം നൽകുന്നില്ല. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും സഞ്ജു ഇന്ത്യൻ ടീമിലുണ്ടായേക്കില്ല.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ 317 റൺസിന്റെ കൂറ്റൻജയം സ്വന്തമാക്കി പരമ്പര തൂത്തുവാരിയിരുന്നു. ഇന്ത്യ ഉയർത്തിയ 391 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 22 ഓവറിൽ 73 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് നേടി മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകർത്തത്. 19 റൺസ് നേടി നുവാനിഡു ഫെർണാണ്ടോയാണ് ലങ്കയുടെ ടോപ് സ്‌കോറർ. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വിരാട് കോലി (പുറത്താവാതെ 166), ശുഭ്മാൻ ഗിൽ (116) എന്നിവരുടെ സെഞ്ചുറിയാണ് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.