മുംബൈ: ലോകകപ്പിൽ ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ എടുക്കാതെ തഴഞ്ഞ ബിസിസിഐക്കെതിരെ ആരാധകരുടെ രോഷം അണപൊട്ടുകയാണ്. സൈബറിടത്തിൽ വലിയ പ്രതിഷേധമാണ് ഇതിന്റെ പേരിൽ നടക്കുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനം നോക്കാതെയാണ് സഞ്ജുവിനെ ടീമിൽ നിന്നും തഴഞ്ഞതെന്നാണ് പൊതുവിൽ ഉയരുന്ന വികാരം. ഇങ്ങനെ സഞ്ജുവിന് അനുകൂലമായി വലിയ വികാര പ്രകടനം ഉണ്ടാകുമ്പോൾ ആരാധകരെ ശാന്തരാക്കാൻ ബിസിസിഐ രംഗത്ത്.

ന്യൂസീലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിക്കാൻ മലയാളി താരം സഞ്ജു സാംസനെ നിയോഗിച്ചു. വെള്ളിയാഴ്ചയാണ് ബിസിസിഐ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചത്. ലോകക്കപ്പിൽ ഇടംപിടിക്കാതെ പോയ താരങ്ങളെ ഉൾകൊള്ളിച്ചു കൊണ്ടാണ് ഇന്ത്യൻ എ ടീം. കെ.എസ്. ഭരതാണ് വിക്കറ്റ് കീപ്പർ. 16 അംഗ ടീമിൽ പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, കുൽദീപ് യാദവ്, ഉംറാൻ മാലിക്ക് തുടങ്ങിയ യുവതാരങ്ങൾക്കും ഇടം ലഭിച്ചു.

ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നൂ മത്സരങ്ങളും നടക്കുക. സെപ്റ്റംബർ 22നാണ് പരമ്പരയിലെ ആദ്യ മത്സരം. 25ന് രണ്ടാം ഏകദിനവും 27ന് മൂന്നാം മത്സരവും നടക്കും. ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതിൽ ബിസിസിഐയ്‌ക്കെതിരെ ആരാധകർ രൂക്ഷ വിമർശനമുയർത്തിയിരുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസൺ.

ഇന്ത്യ എ ടീം പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, രജത് പട്ടീദാർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുൽ ചാഹർ, തിലക് വർമ, കുൽദീപ് സെൻ, ഷാർദൂൽ ഠാക്കൂർ, ഉംറാൻ മാലിക്ക്, നവ്ദീപ് സെയ്‌നി, രാജ് അങ്കത് ബാവ.

അതേസമയം ലോകകപ്പ് ടീമിൽ സഞ്ജു വി സാംസണിനെ ഉൾപ്പെടുത്താത്തിന്റെ പ്രതിഷേധം കാര്യവട്ടം സ്റ്റേഡിയത്തിൽ ഉയരുമെന്ന വിലയിരുത്തലിലാണ് കെസിഎ. ലോകകപ്പ് ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താത് പ്രതിഭയെ നിഷേധിക്കലാണെന്ന ചർച്ച സജീവമായിരുന്നു. ഇതിന് ബിസിസിഐയോട് പ്രതിഷേധം അറിയിക്കാൻ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ തീരുമാനിച്ചു. കാര്യവട്ടത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി ട്വന്റി മത്സരം നടക്കുമ്പോൾ സഞ്ജുവിന്റെ മുഖമുള്ള ടീ ഷർട്ടുകൾ അണിഞ്ഞ് സഞ്ജുവിന് വേണ്ടി ആർപ്പുവിളിക്കാനായിരുന്നു സോഷ്യൽ മീഡിയയിലെ ആഹ്വാനം. ഇതടക്കമുള്ള പ്രതിഷേധം ശക്തമാകുമെന്ന ഘട്ടത്തിലാണ് ആരാധകരെ ശാന്തരാക്കാൻ വേണ്ടി സഞ്ജുവിനെ ഇപ്പോൾ ഇന്ത്യൻ എ ടീം ക്യാപ്ടനായി നിയോഗിച്ചിരിക്കുന്നത്.

അതിനിടെ കാര്യവട്ടത്തെ ക്രിക്കറ്റല്ല അല്ല മലയാളി പ്രതിഭയുടെ ക്രിക്കറ്റ് ഭാവിയാണ് വലുതെന്ന് ആരാധകർ പറയുന്നു. ഇനി പ്രതിഭ തെളിയിക്കുന്ന മലയാളിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. അതിന് വേണ്ടിയാണ് ക്രിക്കറ്റ് ലോകത്തെ സഞ്ജുവിന്റെ നാട്ടുകാർ പ്രതിഷേധം അറിയിക്കാൻ ശ്രമിക്കുന്നതെന്നാണ് സഞ്ജു അനുകൂല കൂട്ടായ്മകളുടെ നിലപാട്. സ്റ്റേഡിയത്തിൽ സഞ്ജുവിന് അനുകൂലമായ ആരവം ഉയരുമെന്നാണ് അവർ പറയുന്നത്. ഇതിൽ ചില പരിശീലകർ പോലും അസ്വസ്ഥരാകുമ്പോൾ ക്രിക്കറ്റ് ആരാധകർ നിരാശരാണ്. കളിക്കാർക്ക് വേണ്ടിയാകണം പരിശീലകർ വാദിക്കേണ്ടത്. അല്ലാതെ ക്രിക്കറ്റ് മത്സരങ്ങൾക്ക് വേണ്ടിയാകരുതെന്ന വാദവും സജീവമാണ്.

ഓസ്‌ട്രേലിയയിലാണ് ലോകകപ്പ്. ബൗൺസി സീമിങ് ട്രാക്കിൽ ഫ്രണ്ട് ഫൂട് പ്ലേയേഴ്‌സിനു പ്രാമുഖ്യമുള്ള ബാറ്റിങ് യൂണിറ്റുമായി പോകുന്ന ടീം ഇന്ത്യ. ഇന്ത്യൻ സാധ്യത ആദ്യ 5 ബാറ്റർമാരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ഇപ്പോൾ ടീമിലുള്ള മിക്കവരും ഫോം ഔട്ട്. എന്നിട്ടും സഞ്ജു സാംസൺ എന്ന മലയാളിയെ ടീം ഇന്ത്യ മറന്നു. അവർക്ക് വേണ്ടത് ബൗളറെയാണ്. അതിന് വേണ്ടി ദീപക് ഹൂഡയെ എടുത്തുവെന്ന് പറയുന്ന ടീം സെലക്ടേഴ്‌സ്. ചേതൻ ശർമ, ദെബാശിശ് മൊഹന്തി, ഹർവിന്ദർ സിങ്, സുനിൽ ജോഷി... എന്നീ ഇന്ത്യൻ സെലക്ടേഴ്‌സ്... എല്ലാം ബൗളർമാർ. ഇവരിൽ നിന്ന് ഇതു മാത്രമേ പ്രതീക്ഷിക്കാനാകൂ. 2020യിൽ ബാറ്റിങ് കരുത്താണ് അവശ്യം. എന്നിട്ടും ബൗളർമാരായ സെലക്ടർമാർക്ക് അത് പോലും മനസ്സിലായിട്ടില്ല.

ഇതിനെല്ലാം കാരണം ചതിയാണ്. സഞ്ജുവിനെ ഒഴിവാക്കാനുള്ള ചതി. ലോകകപ്പ് ഹീറോയായി സഞ്ജു മാറുമോ എന്ന ഭയം. ഇതെല്ലാം വച്ചുള്ള തീരുമാനം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ്. പുതിയ ആഹ്വാനങ്ങളും എത്തുന്നു. സഞ്ജുവിന് വേണ്ടി മലയാളി ശബ്ദിച്ചു തുടങ്ങുകയാണ്. അതിനുള്ള വേദിയായി ഇന്ത്യ-ദക്ഷിണാഫ്രിക്കാ മത്സരം മാറും. കാര്യവട്ടത്ത് കളി എത്തുകയാണ്. അന്ന് ബിസിസിഐയ്ക്ക് മുമ്പിൽ കരുത്ത് കാട്ടാൻ ഒരുങ്ങുകയാണ് മലായാളികൾ. സഞ്ജുവിനെതിരെയുള്ള നീതി നിഷേധത്തിന്റെ പ്രതിഷേധം ഗ്രൗണ്ടിൽ ഉയരും. ഇതിനെ തടയാനാണ് മറുവാദവുമായി ഒരു കൂട്ടർ എത്തുന്നത്.

ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി-ട്വന്റി മത്സരത്തിന് സജ്ജമായി കഴിഞ്ഞു തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. നാൽപ്പതിനായിരത്തിലധികം കാണികളെ ഉൽക്കൊള്ളാവുന്ന തരത്തിലാണ് ഈ മാസം 28ന് നടക്കുന്ന മൽസരത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. മൽസരങ്ങളില്ലാതെ കാടുപിടിച്ചു കിടന്ന സ്റ്റേഡിയം നവീകരിച്ചാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ മൽസരത്തിന് സജ്ജമാക്കിയത്. ഇതിനൊപ്പമാണ് ബിസിസിഐയുടെ മനസ്സിലെ കാട് മാറ്റാൻ കേരളത്തിലെ ആരാധകർ പ്രതിഷേധത്തിന് പുതിയ രൂപവും ഭാവവും നൽകുന്നത്. ഇതിനുള്ള ആഹ്വാനങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.