ധരംശാല: ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെ തോൽപ്പിച്ചെങ്കിലും രാജസ്ഥാൻ റോയൽസ് നെറ്റ് റൺറേറ്റിൽ പിന്നാക്കം പോയതിന്റെ നിരാശ മറച്ചുവയ്ക്കാതെ നായകൻ സഞ്ജു സാംസൺ. ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷ തുലാസിലായതോടെയാണ് സഞ്ജു നിരാശ തുറന്നു പ്രകടിപ്പിച്ചത്. പതിനാല് പോയിന്റ് നേടിയെങ്കിലും നെറ്റ് റൺറേറ്റിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മറികടക്കാനാവാഞ്ഞത് തിരിച്ചടിയായിരുന്നു.

പഞ്ചാബ് ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം 18.5 ഓവറിലെങ്കിലും മറികടന്നാലെ നെറ്റ് റൺ റേറ്റിൽ ആർസിബിയെ മറികടന്ന് റോയൽസിന് നാലാം സ്ഥാനത്തെത്താനാവുമായിരുന്നുള്ളു. എന്നാൽ നിർണായക സമയത്ത് റിയാൻ പരാഗും ഷിമ്രോൺ ഹെറ്റ്‌മെയറും പുറത്തായതോടെ രാജസ്ഥാൻ ലക്ഷ്യത്തിലെത്തിയത് 19.4 ഓവറിലായിലുന്നു.

ഇതോടെ പ്ലേ ഓഫിലെത്താൻ നിർണായകമായേക്കാവുന്ന നെറ്റ് റൺറേറ്റിൽ രാജസ്ഥാൻ ആർസിബിക്ക് പിന്നിൽ അഞ്ചാം സ്ഥാനത്തായി. അവസാന മത്സരത്തിൽ ഗുജറാത്തിനോട് ആർസിബി വന്മാർജിനിൽ തോറ്റില്ലെങ്കിൽ രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാവില്ല.

എന്നാൽ 18.5 ഓവറിൽ തന്നെ ലക്ഷ്യം നേടാനാകുമെന്നായിരുന്നു കരുതിയതെന്ന് മത്സരശേഷം രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പറഞ്ഞു. ഹെറ്റ്‌മെയർ ക്രീസിലുണ്ടായിരുന്നപ്പോൾ 18.5 ഓവറിൽ ലക്ഷ്യം മറികടക്കാമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇത്രയും നല്ലൊരു ടീമുണ്ടായിട്ടും പോയന്റ് പട്ടികയിൽ ഞങ്ങളിപ്പോൾ നിൽക്കുന്ന സ്ഥാനം ശരിക്കും ഞെട്ടിക്കുന്നതാണെന്നും സഞ്ജു വ്യക്തമാക്കി.

മത്സരത്തിൽ യശസ്വി ജയ്സ്വാൾ പുറത്തെടുത്ത പക്വതായാർന്ന പ്രകടനത്തെയും സഞ്ജു അഭിനന്ദിച്ചു. ഓരോ മത്സരം കഴിയുമ്പോഴും അവനോട് ഞാൻ സംസാരിക്കാറുണ്ട്. അവനിപ്പോൾ 100 ടി20 മത്സരമൊക്കെ കളിച്ച് പരിചയമുള്ള കളിക്കാരനെപ്പോലെയാണ്. ട്രെന്റ് ബോൾട്ട് പവർ പ്ലേയിൽ പന്തെറിയുമ്പോൾ അദ്ദേഹം വിക്കറ്റ് വീഴ്‌ത്തുമെന്ന ടീമിന്റെ വിശ്വാസം 90 ശതമാനവും ശരിയാകാറുണ്ടെന്നും സഞ്ജു പറഞ്ഞു.

എന്നാൽ 18ാം ഓവറിൽ തന്നെ മത്സരം തീർക്കാനായിരുന്നു താൻ ശ്രമിച്ചതെന്ന് ഷിമ്രോൺ ഹെറ്റ്‌മെയർ മത്സരശേഷം പറഞ്ഞു. പക്ഷെ അതിനുവേണ്ടത്ര രീതിയിൽ എനിക്ക് സ്‌ട്രൈക്ക് കിട്ടിയില്ല. സാം കറനുമായുള്ള വാക് പോര് താൻ ആസ്വദിച്ചിരുന്നുവെന്നും ആരെങ്കിലും തനിക്കെതിരെ പറയുന്നത് ആത്മവിശ്വാസം കൂട്ടുകയെ ഉള്ളൂവെന്നും കറൻ എന്താണ് പറഞ്ഞതെന്ന് പുറത്തു പറയില്ലെന്നും ഹെറ്റ്‌മെയർ പറഞ്ഞു.