മുംബൈ: രഞ്ജി ട്രോഫിയിൽ തുടർച്ചയായി മൂന്ന് സീസണുകളിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കാത്തതിന്റെ വേദന പങ്കുവച്ച് മുംബൈ ബാറ്റർ സർഫറാസ് ഖാൻ. താരത്തെ തുടർച്ചയായി തഴയുന്നതിൽ ബിസിസിഐ നേതൃത്വത്തിനും സെലക്ടർമാർക്കുമെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

രഞ്ജി ട്രോഫിയിൽ മൂന്ന് സീസണുകളിലായി മികച്ച പ്രകടനം സർഫറാസ് പുറത്തെടുത്തിരുന്നു. ഈ സീസണിൽ ഇതുവരെ 89 ശരാശരിയിൽ 801 റൺസാണ് സർഫറാസ് നേടിയത്. 2019-20 സീസണിൽ 154.66 ശരാശരിയിൽ 928 റൺസാണ് സർഫറാസ് നേടിയത്. കഴിഞ്ഞ സീസണിൽ 982 റൺസും നേടി. ശരാശരി 122.75.

ഏതാനും നാളുകളായി ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും അധികം അവഗണന നേരിടുന്ന താരമാണ് സർഫറാസ്. ആഭ്യന്തര ക്രിക്കറ്റിൽ സർഫറാസിന്റെ അത്ര റെക്കോഡ് ഇല്ലാത്തവർ പോലും ദേശീയ ടീമിൽ ഇടംനേടുമ്പോഴാണ് താരം ടീമിന് പുറത്തുനിൽക്കുന്നത്.

ഇത്രയൊക്കെ മികച്ച പ്രകടനം നടത്തിയിട്ടും താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തിയില്ല. ഏതൊരു താരവും പ്രതീക്ഷിക്കുകയും ചെയ്യും. സർഫറാസും പ്രതീക്ഷിച്ചു. ഇക്കാര്യം തുറന്നപറഞ്ഞിരിക്കുകയാണ് 25കാരൻ.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ടീമിൽ ഉൾപ്പെടുത്താതിന് ശേഷം ആദ്യമായിട്ടാണ് സർഫറാസ് മനസ് തുറക്കുന്നത്.

യുവതാരത്തിന്റെ വാക്കുകൾ... ''ടീമിൽ എന്റെ പേരില്ലാത്തത് വിഷമത്തിലാക്കിരുന്നു. എന്റെ സ്ഥാനത്ത് വേറെ ആരാണെങ്കിലും വിഷമം വരും. കാരണം ഞാൻ ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. ഞാൻ ദിവസം മുഴുവൻ വിഷമത്തിലായിരുന്നു. ഞാൻ ഗുവാഹത്തിയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുമ്പോഴെല്ലാം അതിനെ കുറിച്ചാണ് ആലോചിച്ചിരുന്നത്. എന്തിനാണ് എന്നെ മാറ്റിനിർത്തുന്നതെന്നായിരുന്നു ചിന്ത. ഞാൻ ഒറ്റപ്പെട്ടത് പോലെ തോന്നി. ഞാൻ കരയുക പോലും ചെയ്തു.'' സർഫറാസ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2021 - 22 രഞ്ജി ഫൈനലിനിടെ ബിസിസിഐ ചീഫ് സെലക്റ്റർ ചേതൻ ശർമയുമായി സംസാരിച്ചതും സർഫറാസ് വെളിപ്പെടുത്തി. അതിങ്ങനെയായിരുന്നു... ''ബംഗളൂരുവിൽ നടന്ന ഫൈനലിൽ ഞാൻ സെഞ്ചുറി നേടിയിരുന്നു. മത്സരത്തിനിടെ ചേതൻ ശർമ എന്നോട് സംസാരിച്ചിരുന്നു. ബംഗ്ലാദേശ് പര്യടനത്തിൽ അവസരം ലഭിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. തയ്യാറായിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ അതുണ്ടായില്ല. പിന്നീടൊരിക്കൽ മുംബൈയിൽ വച്ചും ഞാൻ അദ്ദേഹത്തെ കണ്ടു. നിരാശപ്പെടരുതെന്നും നിന്റെ സമയം വരുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.'' സർഫറാസ് വ്യക്തമാക്കി.

ഓസ്ട്രേിലയക്കെതിരെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകൾക്കുള്ള ടീമിലെങ്കിലും സർഫറാസ് ഉൾപ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫെബ്രുവരി ഒമ്പതിന് നാഗ്പൂരിലാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 17ന് ഡൽഹിയിൽ തുടങ്ങും. മാർച്ച് ഒന്നിന് മൂന്നാം ടെസ്റ്റിന് ധർമശാല വേദിയാകും. നാലിന് അഹമ്മദാബാദിൽ അവസാന ടെസ്റ്റും നടക്കും. ശേഷം മൂന്ന് ഏകദിനങ്ങളിലും ഇരു ടീമുകളും കളിക്കുന്നുണ്ട്.