- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷങ്ങളുടെ കാത്തിരിപ്പാണ്.. മകൻ ഒടുവിൽ ഇന്ത്യൻ ക്യാപ്പ് അണിഞ്ഞപ്പോൾ കണ്ണീരണിഞ്ഞ് സർഫറാസ് ഖാന്റെ പിതാവ്; കണ്ണീരോടെ തൊപ്പിയിൽ മുത്തമിട്ട് പിതാവ്; സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വൈകാരിക രംഗങ്ങൾ; രാജ്‌കോട്ടിൽ ധ്രുവ് ജുറെലിനും അരങ്ങേറ്റം
രാജ്‌കോട്ട്: രഞ്ജി ട്രോഫിയിൽ തുടർച്ചയായി മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യൻ സെലക്ടർമാർ അവഗണിച്ച താരമായിരുന്നു സർഫറാസ് ഖാൻ. സൈബറിടത്തിൽ അടക്കം സർഫറാസിനെ എന്തുകൊണ്ട് ടീമിൽ എടുക്കുന്നില്ലെന്ന ചോദ്യങ്ങൾ പലരും ഉയർത്തി. ഒടുവിൽ നീണ്ട കാത്തിരിപ്പിന് ഒടുവിൽ സർഫറാസ് ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി അരങ്ങേറുകയാണ്. രാജകോട്ടിൽ ഇംഗ്ലണ്ടിന് എതിരായ മത്സരത്തിൽ സർഫറാസ് ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു.
രഞ്ജി ട്രോഫിയിൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ വിസ്മയ പ്രകടനം പുറത്തെടുത്തിട്ടും സർഫറാസിന് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള വിളി വൈകുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ക്ഷണം കിട്ടിയിട്ടും 26 വയസുകാരനായ താരത്തിന് മൂന്നാം ടെസ്റ്റ് വരെ കാത്തിരിക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ സർഫറാസ് ഖാന്റെ ടെസ്റ്റ് അരങ്ങേറ്റം വൈകാരികമായി.
സർഫറാസ് ഖാന്റെ ടെസ്റ്റ് അരങ്ങേറ്റം കാണാൻ കുടുംബാംഗങ്ങൾ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ വേദിയായ രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയാണ് സർഫറാസിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്. സ്വപ്ന നിമിഷങ്ങൾ കണ്ട് സർഫറാസിന്റെ പിതാവും താരത്തിന്റെ പരിശീലകനുമായ നൗഷാദ് ഖാൻ വിതുമ്പി. സർഫറാസിന്റെ ഇന്ത്യൻ തൊപ്പിയിൽ നൗഷാദ് ചുംബിച്ച ശേഷം കണ്ണീരണിയുകയായിരുന്നു. ഭാര്യയും സർഫറാസിന്റെ അരങ്ങേറ്റം കാണാൻ എത്തിയിരുന്നു.
കെ എൽ രാഹുൽ പരിക്കേറ്റ് പുറത്തായതോടെയാണ് മൂന്നാം ടെസ്റ്റിൽ അരങ്ങേറാൻ സർഫറാസ് ഖാന് അവസരമൊരുങ്ങിയത്. ആഭ്യന്തര ക്രിക്കറ്റിൽ നിരവധി റെക്കോഡുകളിട്ട താരമാണ് സർഫറാസ് ഖാൻ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഡോൺ ബ്രാഡ്മാൻ കഴിഞ്ഞാൽ ഏറ്റവും മികച്ച ശരാശരിയുള്ള താരം. രഞ്ജി ട്രോഫിയിലെ 82 ശരാശരിക്ക് മുകളിൽ വിജയ് മർച്ചന്റ് (98.35), സചിൻ തെണ്ടുൽകർ (87.37) എന്നിവർ മാത്രമാണ് മുന്നിലുള്ളത്. തുടർച്ചയായ രഞ്ജി സീസണിൽ 900ലേറെ റൺ നേടിയ ആദ്യ താരമാണ്.
2019-20 സീസണിൽ 154 ശരാശരിയിൽ 928 റൺസായിരുന്നു 25കാരന്റെ സമ്പാദ്യം. 2021-22 സീസണിൽ നാലു സെഞ്ച്വറിയടക്കം 982 റൺസും അടിച്ചെടുത്തു. 2022-23ൽ ആറു കളികളിൽ നിന്ന് 556 ആയിരുന്നു സമ്പാദ്യം. മൊത്തം 37 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 13 സെഞ്ച്വറികളടക്കം 79.65 ശരാശരിയിൽ 3,505 റൺസ് നേടിയിട്ടുണ്ട്.
അതേസമയം സർഫറാസിനൊപ്പം ധ്രുവ് ജുറെലും ഇന്ന് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. പേസർ മുഹമ്മദ് സിറാജും ഓൾറൗണ്ടർ രവീന്ദ്രജദേജയും ടീമിൽ തിരിച്ചെത്തിയപ്പോൾ അക്‌സർ പട്ടേലും മുകേഷ് കുമാറും പുറത്തായി.
റൺസൊഴുകുമെന്ന് കണക്കുകൂട്ടുന്ന പിച്ചിൽ പുതുമുഖങ്ങളെ അണിനിരത്തിയാണ് ഇന്ത്യ പോരിനിറങ്ങുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഒരോ മത്സരങ്ങൾ ജയിച്ച് 1-1 നിലയിലാണ് ഇരു ടീമും. നിർണായകമായ മത്സരത്തിൽ സീനിയർ ബാറ്റർമാരായ വിരാട് കോഹ്ലി, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ അഭാവവും ക്യാപ്റ്റൻ രോഹിത് ശർമയുടെ നിറംമങ്ങിയ പ്രകടനങ്ങളും ഇന്ത്യയെ അലട്ടുന്നുണ്ട്.
ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സിനിത് നൂറാം ടെസ്റ്റാണ്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ 500ാം വിക്കറ്റെന്ന ചരിത്രവും രാജ്‌കോട്ടിൽ പിറക്കാനാണ് സാധ്യത. 499 വിക്കറ്റാണ് നിലവിൽ അശ്വിന്റെ സമ്പാദ്യം. മൂന്നാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനെ പതിവുപോലെ ഒരുദിവസം മുമ്പേ തന്നെ പ്രഖ്യാപിച്ചിരുന്നു ഇംഗ്ലീഷ് ടീം.
രണ്ടാം ടെസ്റ്റ് കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് സന്ദർകർ ഇറങ്ങുന്നത്. പേസർ മാർക്ക് വുഡ് ടീമിൽ മടങ്ങിയെത്തി. യുവ സ്പിന്നർ ശുഐബ് ബഷീർ പുറത്തായി. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ വുഡ് കളിച്ചിരുന്നു. അന്ന് ഒരു വിക്കറ്റ് പോലും നേടാനായില്ല. പരമ്പരയിൽ ആദ്യമായാണ് ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിൽ രണ്ട് പേസർമാരെ കളിപ്പിക്കുന്നത്. വെറ്ററൻ താരം ജെയിംസ് ആൻഡേഴ്‌സണാണ് മറ്റൊരു പേസർ.
Wholesome moments in Rajkot ❤️????
- JioCinema (@JioCinema) February 15, 2024
How excited are you to see Sarfaraz Khan & Dhruv Jurel ???? in the 3rd #INDvENG Test?#BazBowled #JioCinemaSports #TeamIndia #IDFCFirstBankTestSeries pic.twitter.com/r7VLxGTBxT
ഇന്ത്യൻ ടീം : രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, രജത് പാട്ടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ: ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, സാക് ക്രോളി, ജോ റൂട്ട്, ഒലീ പോപ്, ജോണി ബെയർസ്റ്റോ, ബെൻ ഫോക്‌സ്, റെഹാൻ അഹ്മദ്, ടോം ഹാർട് ലി, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്‌സൺ.
സ്പോർട്സ് ഡെസ്ക്