- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരക്കാരനില്ല; തീരുമാനം അറിയിച്ച് സെലക്ഷൻ കമ്മിറ്റി; സഞ്ജുവിന്റെ 'വഴിമുടക്കി' വീണ്ടും ബിസിസിഐ; ശ്രേയസിന് ഒരു മാസമെങ്കിലും വിശ്രമം വേണ്ടിവന്നേക്കുമെന്നും റിപ്പോർട്ട്
അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും പരിക്കേറ്റ ശ്രേയസ് അയ്യരെ ഒഴിവാക്കിയിട്ടും പകരക്കാരനായി ആരെയും പ്രഖ്യാപിക്കാത്തത് മലയാളി താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവ് മുടക്കാനോ?. ഏകദിന ടീമിലേക്ക് പകരക്കാരനായി ആരെയും പ്രഖ്യാപിക്കേണ്ടെന്ന് ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള മുന്നൊരുക്കമാണ് ഓസിസിന് എതിരായ പരമ്പര.
.അഹമ്മദാബാദിൽ നടന്ന ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനുശേഷം ശിവ് സുന്ദർ ദാസിന്റെ നേതൃത്വത്തിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയാണ് ശ്രേയസിന്റെ പകരക്കാരനെ പ്രഖ്യാപിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് ഇൻസൈഡ് സ്‌പോർട് റിപ്പോർട്ട് ചെയ്തു. . ഇതോടെ ലോകകപ്പ് സാധ്യത ടീമിലേക്ക് മലയാളി താരം സഞ്ജു സാംസൺ എത്തുമെന്ന ആരാധകരുടെ പ്രതീക്ഷയാണ് പൊലിയുന്നത്.
പുറത്തേറ്റ പരിക്ക് മൂലം ശ്രേയസിന് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയും ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റും നഷ്ടമായിരുന്നു. രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും കളിച്ച ശ്രേയസിന് തിളങ്ങാനുമായില്ല. ഇതിനിടെയാണ് നാലാം ടെസ്റ്റിൽ വീണ്ടും പുറംവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ശ്രേയസിനെ സ്‌കാനിംഗിന് വിധേയനാക്കിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിൽ ശ്രേയസ് ബാറ്റിംഗിനിറങ്ങിയതുമില്ല.
ശ്രേയസിന് ഒരു മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇതോടെ ശ്രേയസിന്റെ ഐപിഎൽ പങ്കാളിത്തവും അനിശ്ചിതത്വത്തിലായി. എന്നാൽ ശ്രേയസിന് പകരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ ആദ്യ ഏകദിനത്തിൽ വ്യക്തിപരമായ കാരണങ്ങളാൽ കളിക്കില്ല. ആദ്യ ഏകദിനത്തിൽ രോഹിത്തിന് പകരം ഹാർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുക.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ നേരത്തേ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ ടീമിലെടുത്തിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ പരുക്കേറ്റ സഞ്ജു സാംസൺ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് സഞ്ജു തിരിച്ചുവരവിന്റെ ഭാഗമായി പരിശീലിച്ചത്. ശ്രേയസിന് പകരക്കാരനാകാൻ സാധ്യതയുള്ളവരിൽ മുൻനിരയിലായിരുന്നു സഞ്ജു സാംസൺ.