ദുബായ്: ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയോട് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി പാക്കിസ്ഥാൻ താരം ഷദാബ് ഖാൻ.ശ്രീലങ്കയുടെ ഇന്നിങ്സിനിടെ നിർണായകമായ രണ്ട് ക്യാച്ചുകൾ ഷദാബ് നഷ്ടപ്പെടുത്തിയിരുന്നു. അതിലൊന്ന് ഡെത്ത് ഓവറുകളിൽ സിക്സറിൽ കലാശിക്കുകയും ചെയ്തു.

ശ്രീലങ്കയുടെ ടോപ് സ്‌കോററായ ഭനുക രജപക്സ നൽകിയ രണ്ട് ക്യാച്ചുകളാണ് ഷദാബ് നഷ്ടപ്പെടുത്തിയത്. ആദ്യം ലോങ് ഓണിൽ ഫീൽഡ് ചെയ്യുന്നതിനിടെ വന്ന ക്യാച്ച് കൈപ്പിടിയിലൊതുക്കാൻ താരത്തിന് സാധിച്ചില്ല. പിന്നാലെ 19-ാം ഓവറിൽ ആസിഫ് അലിയുമായി കൂട്ടിയിടിച്ച് ബൗണ്ടറി ലൈനിന് അരികിൽ മറ്റൊരു ക്യാച്ചും ഷദാബ് നഷ്ടപ്പെടുത്തി.

രജപക്സ ഉയർത്തിയടിച്ച പന്ത് പിടിക്കാൻ ഡീപ് മിഡ്വിക്കറ്റിൽ നിന്ന് ഷദാബും ആസിഫ് അലി ലോങ് ഓണിൽ നിന്നും ഓടിയെത്തി. ഇരുവരും കൂട്ടിയിടിച്ച് ക്യാച്ച് നഷ്ടപ്പെടുത്തി എന്നത് മാത്രമല്ല ഇത് സിക്സറിൽ കലാശിക്കുകയും ചെയ്തു.മത്സരം അവസാനിച്ചതിനു പിന്നാലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഷദാബ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പ് പറയുന്നതായി വ്യക്തമാക്കിയത്.

'ക്യാച്ചുകൾ മത്സരങ്ങൾ ജയിപ്പിക്കും. ക്ഷമിക്കണം, ഈ തോൽവിയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, ഞാൻ എന്റെ ടീമിനെ നിരാശപ്പെടുത്തി. നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ്, അടക്കമുള്ള ബൗളിങ് നിര മികച്ചതായിരുന്നു. മുഹമ്മദ് റിസ്വാൻ ശക്തമായി പോരാടി. ടീം ഒന്നടങ്കം പരമാവധി ശ്രമിച്ചു. ശ്രീലങ്കയ്ക്ക് അഭിനന്ദനങ്ങൾ.' - ഷദാബ് ട്വീറ്റ് ചെയ്തു.കലാശപ്പോരിൽ 23 റൺസിനായിരുന്നു പാക്കിസ്ഥാന്റെ തോൽവി.