- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്: ശശി തരൂർ
തിരുവനന്തപുരം: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് പിന്തുണയുമായി വീണ്ടും കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ തകർപ്പൻ ഫോമിലുള്ള സഞ്ജുവിന്റെ പ്രകടനം വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് തരൂർ പറഞ്ഞു. ഐ.സി.സി ടൂർണമെന്റുകളിൽ താരത്തെ തുടർച്ചയായി അവഗണിക്കുന്ന സെലക്ഷൻ കമ്മിറ്റിക്കെതിരെ രംഗത്തുവന്ന തരൂർ, വിക്കറ്റ് കീപ്പർ ബാറ്റർക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയ മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിന്റെ എക്‌സ് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു. 'യശസ്വി ജയ്സ്വാളിന്റെയും സഞ്ജു സാംസണിന്റെയും കാര്യത്തിൽ ഹർഭജൻ സിങ്ങിനോട് യോജിക്കുന്നതിൽ സന്തോഷമുണ്ട്. സഞ്ജുവിന് അർഹമായ പരിഗണന ലഭിച്ചിട്ടില്ലെന്ന് വർഷങ്ങളായി വാദിക്കുന്നു. ഇപ്പോൾ അദ്ദേഹം ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്, പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം' -തരൂർ എക്‌സിൽ കുറിച്ചു.
ഐ.പി.എല്ലിൽ എട്ട് മത്സരങ്ങളിൽ 314 റൺസ് നേടിയ സഞ്ജു നിലവിൽ റൺവേട്ടക്കാരിൽ അഞ്ചാമതാണ്. ലോകകപ്പിൽ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്നും രോഹിത് ശർമക്ക് ശേഷം ട്വന്റി 20 നായകനാക്കണമെന്നും ഹർഭജൻ സിങ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആസ്‌ട്രേലിയയുടെ മുൻ നായകൻ ആരോൺ ഫിഞ്ചും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.