മുംബൈ: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ഏകദിന, ട്വന്റി 20 ടീമുകളിൽ നിന്നും പുറത്തായതിനു പിന്നാലെ നിരാശ വെളിപ്പെടുത്തി ഓൾറൗണ്ടർ ശിഖ പാണ്ഡെ. ബംഗ്ലാദേശ് പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമുകളിൽ നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് താരം ഓൺലൈൻ അഭിമുഖത്തിൽ വികാരധീനയായത്. ടീമിലിടം കിട്ടാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച ശിഖ, കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാത്തത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും വ്യക്തമാക്കി. ഇന്ത്യൻ വനിതാ ക്രിക്കറ്റൻ ടീം മുൻ പരിശീലകൻ ഡബ്ല്യു.വി.രാമനുമായിട്ടായിരുന്നു ഓൺലൈൻ അഭിമുഖം. മുമ്പൊരിക്കൽ ക്രിക്കറ്റിനോട് പൂർണമായും വിടപറയാൻ തീരുമാനിച്ചതിനെ പറ്റിയും ശിഖ മനസുതുറന്നു.

ബംഗ്ലാദേശ് പര്യടനത്തിനായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ധാക്കയിൽ എത്തിക്കഴിഞ്ഞു. വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനായി 9 കളികളിൽ 10 വിക്കറ്റ് നേടിയിട്ടും ബംഗ്ലാ പര്യടനത്തിന് ശിഖാ പാണ്ഡെയെ പരിഗണിക്കാതിരിക്കുകയായിരുന്നു സെലക്ടർമാർ. .

'ഞാൻ നിരാശയല്ല, എനിക്ക് സങ്കടമില്ല എന്ന് പറഞ്ഞാൽ ഞാനൊരു മനുഷ്യനാകില്ല. കഠിന പ്രയത്‌നം നടത്തിയിട്ടും അതിന് ഫലമില്ലാതാകുന്നത് വലിയ സങ്കടമാണ്. എന്നെ ടീമിൽ നിന്ന് തഴഞ്ഞതിന് കാരണങ്ങളുണ്ട് എന്നുറപ്പാണ്, എന്നാൽ അവയെ കുറിച്ച് അറിയില്ല. ടീമിലെത്താൻ കഠിനാധ്വാനം ചെയ്യുക മാത്രമാണ് എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യം. കഠിനാധ്വാനത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. മാനസികവും ശാരീരികയുമായി ഫിറ്റാവും വരെ കഠിനാധ്വാനം ചെയ്യുക മാത്രമാണ് മുന്നിലുള്ള വഴി' എന്നും ശിഖ പാണ്ഡെ പറഞ്ഞു.

ക്രിക്കറ്റിനോട് പൂർണമായും ബൈ പറയാൻ മുമ്പ് ആലോചിച്ചതിനെ കുറിച്ചും ശിഖ പാണ്ഡെ മനസുതുറന്നു. മുമ്പും ഇന്ത്യൻ ടീമിൽ നിന്ന് ശിഖ പുറത്തായിട്ടുണ്ട്. ആഭ്യന്തര ടൂർണമെന്റുകളിൽ നന്നായി പന്തെറിഞ്ഞിട്ടും 2022ലെ ഏകദിന ലോകകപ്പ് സ്‌ക്വാഡിൽ താരത്തിന് ഇടംലഭിച്ചില്ല. ഇത് അന്ന് കടുത്ത വിമർശനത്തിന് വഴിവെത്തിരുന്നു.

'ടീമിൽ നിന്ന് പുറത്തായപ്പോൾ ക്രിക്കറ്റ് മതിയാക്കാൻ ആലോചിച്ചു. ഇതൊരു വൈകാരിക ഘട്ടമാണെന്നും കൂടുതൽ സമയം തീരുമാനം എടുക്കാൻ കണ്ടെത്തണം എന്നും തിരിച്ചറിഞ്ഞു. ഇനിയുമേറെ ക്രിക്കറ്റ് എന്നിൽ അവശേഷിക്കുന്നുണ്ട് എന്ന് ഡബ്ലൂ വി രാമൻ പറഞ്ഞ് മനസിലാക്കി. ഞാനിപ്പോൾ നിരാശയാണ്. എന്നാൽ തീരുമാനങ്ങൾ എന്റെ നിയന്ത്രണത്തിലല്ല' എന്നും ശിഖ പാണ്ഡെ കൂട്ടിച്ചേർത്തു.

ശിഖ പാണ്ഡെയെ മാത്രമല്ല ബംഗ്ലാദേശ് പര്യടനത്തിൽ നിന്ന് ബിസിസിഐ ഒഴിവാക്കിയിരിക്കുന്നത്. രേണുക സിംഗും റിച്ച ഘോഷും സ്‌ക്വാഡിലില്ല. ബംഗ്ലാദേശില മൂന്ന് വീതം ഏകദിനങ്ങളും ടി20കളുമാണ് ഇന്ത്യൻ വനിതാ ടീമിനുള്ളത്.

വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസ് താരമായ ശിഖ പാണ്ഡെ, ഒൻപതു മത്സരങ്ങളിൽ പത്തു വിക്കറ്റ് വീഴ്‌ത്തിയിരുന്നു. അതിനാൽ തന്നെ ഇന്ത്യൻ ടീമിൽനിന്നുള്ള പുറത്താകൽ അപ്രതീക്ഷിതമായി. വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ്, ഫാസ്റ്റ് ബോളർ രേണുക സിങ് എന്നീ സീനിയർ താരങ്ങളെയും ഒഴിവാക്കി.

അതേസമയം, മലയാളി താരം മിന്നു മണിയടക്കം 4 പുതുമുഖങ്ങളെ ഉൾപ്പെടുത്തി. മൂന്നു വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളും അടങ്ങിയ പര്യടനത്തിലെ 18 അംഗ ട്വന്റി20 ടീമിലാണ് മിന്നു മണി ഇടംപിടിച്ചത്. ഏകദിന, ട്വന്റി20 ടീമുകളെ ഹർമൻപ്രീത് കൗർ നയിക്കും. സ്മൃതി മന്ഥനയാണ് വൈസ് ക്യാപ്റ്റൻ. ജൂലൈ ഒൻപതിന് മിർപുരിൽ ഒന്നാം ട്വന്റി20 മത്സരത്തിലൂടെ ആരംഭിക്കുന്ന ബംഗ്ലാദേശ് പര്യടനം 22ന് അവസാനിക്കും.

ഇന്ത്യയ്ക്കായി ഇതുവരെ മൂന്ന് ടെസ്റ്റുകളും 55 ഏകദിനങ്ങളും 62 ട്വന്റി20കളും കളിച്ചിട്ടുള്ള 34 വയസ്സുകാരിയായ ശിഖ പാണ്ഡെ, ഇതാദ്യമായല്ല ഇന്ത്യൻ ടീമിൽനിന്നു പുറത്താകുന്നത്. കഴിഞ്ഞ വർഷം നടന്ന വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്നും ശിഖയെ ഒഴിവാക്കിയിരുന്നു.