ലണ്ടൻ: ഇന്ത്യ- പാക്കിസ്ഥാൻ ബന്ധത്തിലെ വിള്ളൽ, വരുന്ന ഇംഗ്ലണ്ട്- ഇന്ത്യ ടെസ്റ്റ് പരമ്പരയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ചില സൂചനകൾ പുറത്തു വന്നിരുന്നു. ഇംഗ്ലണ്ട് ഓഫ് സ്പിന്നറായ ഷൊയേബ് ബഷീറിന്റെ വിസയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളായിരുന്നു കാരണം. എന്നാൽ, ഇപ്പോൾ ഷൊയേബിന് ഇന്ത്യൻ വിസ ലഭിച്ചതായി ഇ എസ് പി എൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഇന്നോ നാളെയോ ആയി ഷൊയേബ് ഇന്ത്യയിലേക്ക് യാത്ര തിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ ടീമംഗങ്ങളോടൊപ്പം യാത്ര തിരിച്ച ഷൊയെബിനെ യു എ ഇയിൽ നിന്നും വിസ പ്രക്രിയകൾ പൂർത്തിയാക്കുന്നതിനായി യു കെയിലെക്ക് തിരിച്ചയയ്ക്കുകയായിരുന്നു. മറ്റു ടീമംഗങ്ങൾ ഇന്ത്യയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ഇന്ന് ഹൈദരാബാദിൽ വച്ചാണ് ഇംഗ്ലണ്ട്- ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. ഷൊയെബ് ബഷീർ ഇല്ലാതെയാണ് അബുദാബിയിൽ ഇന്നും ഇംഗ്ലണ്ട് ടീം എത്തിച്ചേർന്നിരിക്കുന്നത്.

ഷൊയെബിന്റെ വിസ കാര്യത്തിൽ ബ്രിട്ടീഷ് സർക്കാർ ഇടപെട്ടതായാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ബ്രിട്ടീഷ് പൗരന്മാരോട് നല്ല രീതിയിലുള്ള സമീപനം പുലർത്തണമെന്ന് ബ്രിട്ടൻ ഇന്ത്യയോട് ആവശ്യപ്പെട്ടതായി ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇക്കാര്യം ഷൊയെബ് ബഷീറും ഇന്ത്യൻ സർക്കാരും തമ്മിലുള്ള പ്രശ്നമാണെന്ന് ഒരു ഔദ്യോഗിക വക്താവ് പറഞ്ഞതായും ഇ എസ് പി എൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ബ്രിട്ടീഷ് സർക്കാർ ഇക്കാര്യം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി സംസാരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

പാക് വംശജരായ ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കുമ്പൊൾ സുതാര്യമായ സമീപനം ലഭിക്കണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. സറേയിൽ ജനിച്ച, ബ്രിട്ടീഷ് പാസ്സ്പോർട്ട് ഉള്ള ഷൊയേബിന് വിലങ്ങായത് പാക്കിസ്ഥാൻ പാരമ്പര്യമാണ്. സമാനമായ കാരണത്താൽ നേരത്തെ ആസ്ട്രേലിയൻ ബാറ്റ്സ്മാൻ ഉസ്മാൻ ക്വാജയ്ക്കും വിസ ലഭിക്കുവാൻ താമസം നേരിട്ടിരുന്നു. ക്വാജ പക്ഷെ ഇസ്ലാമാബാദിൽ ആണ് ജനിച്ചത്.

ഷൊയേബിന് വിസ ലഭിക്കാൻ താമസിച്ചത് ടീമംഗങ്ങളെ ആശങ്കയിലാഴ്‌ത്തിയതായി ഇംഗ്ലീഷ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് പറഞ്ഞു. വിസ ലഭിക്കാൻ താമസിച്ചതിനാൽ, ഇന്ന്, ഹൈദരാബാദിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ കളിക്കാൻ ഷൊയെബിന് കഴിയുകയില്ല. ചൊവ്വാഴ്‌ച്ചയെങ്കിലും പ്രശ്നങ്ങൾ തീർത്ത് ഷൊയെബിന് ഹൈദരാബാദിൽ എത്താനാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, കാര്യങ്ങൾ പിന്നെയും നീളുകയായിരുന്നു.

കഴിഞ്ഞ വർഷം നടന്ന ഐ സി സി ലോക കപ്പ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പാക് ടീമിനും സമാനമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വന്നിരുന്നു. പാക്കിസ്ഥാനിൽ നിന്നും യാത്ര തിരിക്കുന്നതിന്റെ തൊട്ട് തലേന്ന് മാത്രമായിരുന്നു അവർക്ക് വിസ ലഭിച്ചത്. വിസ ലഭിക്കാൻ താമസിച്ചതിനാൽ ദുബായിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന പരിശീലന ക്യാമ്പ് ടീം റദ്ദാക്കിയിരുന്നു. നിരവധി പാക് ആരാധകർക്കും ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ച ഡിസംബർ 11 ശേഷം ഉടൻ തന്നെ മറ്റ് ടീമംഗങ്ങൾക്ക് ഒപ്പം ഷൊയെബിന്റെ അപെക്ഷയും സമർപ്പിച്ചിരുന്നു. ഇംഗ്ലണ്ട് ടീമിലെ മറ്റൊരു പാക് വംശജനായ റെഹാൻ അഹമ്മദിന് പക്ഷെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. കഴിഞ്ഞ ലോകകപ്പ് ടീമിൽ അംഗമായിരുന്ന റെഹാന്റെ പേപ്പറുകൾ എല്ലാം തന്നെ നേരത്തെ ശരിയാക്കിയിരുന്നു.