- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീതികേടിന് കപ്പുയർത്തി മറുപടി നൽകിയ അയ്യരുടെ കഥ
മുംബൈ: ഐപിഎല്ലിൽ മലയാളിത്തം കിരീട നേട്ടമായി മാറുകയാണ്. ശ്രേയസ് അയ്യർ ഐപിഎൽ കപ്പുയർത്തുമ്പോൾ ആദ്യമായി മലയാളി ക്യാപ്ടന്റെ കൈയിൽ ആ കിരീടം എത്തുന്നു. മുംബൈയ്ക്ക് വേണ്ടി കളിച്ച് ഇന്ത്യൻ ടീമിലെത്തിയ ശ്രേയസ് ഇന്ന് ടീമിലെ സ്ഥിര സാന്നിധ്യമല്ല. ആ പ്രതിസന്ധിക്കിടെയാണ് കൊൽക്കത്താ നൈറ്റ് റൈഡേഴ്‌സിനെ നയിക്കാനുള്ള നിയോഗമെത്തുന്നത്. അത് ഭംഗിയായി നിർവ്വഹിച്ചു ശ്രേയസ്. അങ്ങനെ ഐപിഎല്ലിൽ മലയാളി കൈയൊപ്പം എത്തുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ നാലാം നമ്പർ ബാറ്ററായി ശ്രേയസിന് ഇനിയും തിരിച്ചെത്താൻ അവസരമുണ്ടെന്ന് കൂടി പറഞ്ഞു വയ്ക്കുകയാണ് കൊൽക്കത്താ ടീമിന്റെ ഈ കിരീട നേട്ടം. കൊൽക്കത്താ നൈറ്റ് റെഡേഴ്‌സ് ഉടമ ഷാരൂഖ് ഖാന്റെ വിശ്വാസമാണ് ശ്രേയസിനെ ടീമിന്റെ നായക സ്ഥാനത്ത് എത്തിച്ചത്.
മുംബൈയിൽ 1994 ഡിസംബർ മാസത്തിൽ ആണ് ശ്രേയസ് അയ്യർ ജനിച്ചത്. അയ്യർ ഒരു പാതി മലയാളി കൂടെ ആണ്. കേരളത്തിലെ തൃശ്ശൂരിൽ അച്ഛന്റെ ബന്ധുക്കൾ ഉണ്ട്. സ്‌കൂൾ ലെവലിൽ നിന്ന് തന്നെ ആണ് തുടക്കം. എന്നാൽ ക്രിക്കറ്റ് കരിയറിലെ ആദ്യത്തെ വഴി തിരിവ് ഉണ്ടായത് അച്ഛൻ സന്തോഷ് അയ്യരിലൂടെ ആണ്. ശ്രേയസിന് ചെറുപ്പത്തിൽ ക്രിക്കറ്റ് പോലെ തന്നെ ഫുട്ബാളും പ്രിയപ്പെട്ടതായിരുന്നു എന്നാൽ ക്രിക്കറ്റിൽ മകന്റെ കഴിവ് മനസ്സിലാക്കി ക്രിക്കറ്റിലേക്ക് വഴി തിരിച്ചു വിട്ടത് അച്ഛൻ ആയിരുന്നു. ചെറുപ്പത്തിൽ ക്ലാസ്സ് കഴിഞ്ഞ ശേഷം മഹാരാഷ്ട്രയിലെ ജിംഖാന സ്റ്റേഡിയത്തിൽ അയ്യർ പരിശീലനത്തിന് പോയിരുന്നു. അവിടെ വച്ചാണ് മുൻ ഇന്ത്യൻ കളിക്കാരനും മുംബൈ രഞ്ജി ടീമിന്റെ കോച്ച് ആയിരുന്ന പ്രവീൺ ആംറെയെ കണ്ടു മുട്ടുന്നത്. ഇത് നിർണ്ണായകമായി. അങ്ങനെ ശ്രേയസ് ഇന്ത്യൻ ടീമിലും എത്തി.
കേരളത്തിലെ തൃശൂർ സ്വദേശിയായ സന്തോഷ് അയ്യരുടെ മകനാണ് ശ്രേയസ്. രോഹിണി അയ്യരാണ് അമ്മ. മുംബൈയിൽ ബിസിനസുകാരനാണ് സന്തോഷ് അയ്യർ. അതിനാൽ തന്നെ കുടുംബം മുംബൈയിൽ സ്ഥിരതാമസക്കാരാണ്. ശ്രേയസ് ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലായിരുന്നു. 12-ാം വയസ്സിൽ പരിശീലകൻ പ്രവീൺ അംറീയാണ് ശ്രേയസിനെ ക്രിക്കറ്റിലേക്ക് കൈപിടിച്ചുനയിച്ചത്. 2014-15-ൽ വിജയ് ഹസാരെ ട്രോഫിയിൽ ഇടം നേടി. 2015- രഞ്ജി ട്രോഫിയിൽ കളിച്ചു. 2015-ൽ തന്നെ ഡൽഹി ഡെയർ ഡെവിൾസ് 2.6 കോടിക്ക് ശ്രേയസ് അയ്യരെ ഐപിഎൽ ടീമിലേക്ക് സ്വന്തമാക്കി. 2017-ൽ ഇന്ത്യൻ ടെസ്റ്റ് ടീമിലും ട്വന്റി-20യിലും ഏകദിനത്തിലും ശ്രേയസ് കളിച്ചു. കഠിനാധ്വാനത്തിലൂടെ വളർന്ന താരം.
29 വയസ്സുകാരനായ അയ്യരെ ബിസിസിഐ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ബിസിസിഐയുടെ വാർഷിക കരാറിൽ നിന്നും താരത്തെ പുറത്താക്കിയിരുന്നു. അതിനു പിന്നാലെയാണ് ഐപിഎൽ കിരീടം നേടി ശ്രേയസിന്റെ ശക്തമായ തിരിച്ചുവരവ്. മാസങ്ങൾക്കു മുൻപ് പരുക്കിന്റെ പിടിയിലായിരുന്ന ശ്രേയസ് ബിസിസിഐയുടെ കണ്ണിൽ 'അനുസരണയില്ലാത്ത' താരമായിരുന്നു. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ അതിൽനിന്നും താരത്തെ മാറ്റിനിർത്തി. ഏകദിന ലോകകപ്പിൽ കളിച്ച, ഇന്ത്യൻ പ്ലേയിങ് ഇലവനിൽ സ്ഥിരമായി കളിച്ചുകൊണ്ടിരുന്ന താരത്തെയാണ് ബിസിസിഐ ഒഴിവാക്കിയത്. പരുക്കുമാറി ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഐപിഎല്ലിനിറങ്ങിയ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കിയായിരുന്നു ബിസിസിഐ ലോകകപ്പ് ടീമിലെടുത്തത്. ഈ ഇളവ് ശ്രേയസിന്റെ കാര്യത്തിൽ നൽകിയില്ല.
2024 സീസണിനു മുന്നോടിയായാണ് ഗൗതം ഗംഭീർ കൊൽക്കത്തയുടെ മെന്ററായെത്തുന്നത്. കഴിഞ്ഞ സീസണിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായിരുന്നു ഗംഭീർ. ഗംഭീർ ടീമിന്റെ ഭാഗമായതോടെ കൊൽക്കത്തയിൽ മാറ്റങ്ങളുണ്ടായി. വിൻഡീസ് താരം സുനിൽ നരെയ്‌ന് സ്ഥിരം ഓപ്പണിങ് സ്ഥാനം ഉൾപ്പെടെ നൽകി ഗംഭീർ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ ക്ലിക്കായി. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തായി പ്ലേ ഓഫ് കാണാതെ മടങ്ങിയ കൊൽക്കത്ത ഇത്തവണ പോയിന്റ് പട്ടികയിലെ ടോപ് ടീമായി. അങ്ങനെ കൊൽക്കത്തയുടെ വിജയക്കുതിപ്പിനു പിന്നിലെ ഡബിൾ എൻജിനുകളായി ക്യാപ്റ്റൻ ശ്രേയസും മെന്റർ ഗൗതം ഗംഭീറും.
ഇരുവരും മുൻപ് ഐപിഎല്ലിൽ ഒരുമിച്ചു കളിച്ച താരങ്ങളാണ്. 2018 സീസണിൽ ഇന്നത്തെ ഡൽഹി ക്യാപിറ്റൽസ്, 'ഡെയർ ഡെവിൾസ്' ആയിരുന്ന കാലത്ത് ടീം ക്യാപ്റ്റനായിരുന്നു ഗംഭീർ. ആ സീസണിൽ ഡൽഹി തുടർച്ചയായി മത്സരങ്ങൾ തോറ്റതോടെ ഗംഭീർ ക്യാപ്റ്റൻ സ്ഥാനമൊഴിയാൻ തീരുമാനിച്ചു. പകരം ഡൽഹിയുടെ ക്യാപ്റ്റൻസി ഏറ്റെടുത്തത് ശ്രേയസ് അയ്യരായിരുന്നു. പിന്നീട് ഡൽഹിവിട്ട ശ്രേയസ് കൊൽക്കത്തയിൽ ചേർന്നു. അങ്ങനെ ശ്രേയസും ഗംഭീറും വീണ്ടും കൊൽക്കത്തയിൽ ഒരുമിച്ചു. അത് കിരീട നേട്ടവുമായി.