ഹൈദരാബാദ്: ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ശുഭ്മാൻ ഗിൽ ഹൈദരാബാദിൽ കുറിച്ചത് ഒട്ടേറെ റെക്കോർഡുകൾ. ഏകദിന ഡബിൾ തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഗിൽ ഇന്ന് സ്വന്തമാക്കി. കഴിഞ്ഞ വർഷം ഡിസംബറിൽ ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറി നേടി റെക്കോർഡിട്ട ഇഷാൻ കിഷന്റെ(24 വയസും 145 ദിവസവും) റെക്കോർഡാണ് ഗിൽ(23 വയസും 132 ദിവസവും)ഇന്ന് മറികടന്നത്.

നേരത്ത സെഞ്ചുറി തികച്ചതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികക്കുന്ന ബാറ്ററെന്ന വിരാട് കോലിയുടെയും ശിഖർ ധവാന്റെയും റെക്കോർഡുകളും ഗിൽ മറികടന്നിരുന്നു. കോലിയും ധവാനും 24 ഇന്നിങ്‌സുകളിൽ 1000 റൺസ് തികച്ചപ്പോൾ ഗില്ലിന് വേണ്ടിവന്നത്19 ഇന്നിങ്‌സുകൾ മാത്രമാണ്.

ഏകദിനത്തിൽ അതിവേഗം 1000 റൺസ് തികച്ച ലോക താരങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാന്റെ ഇമാം ഉൾ ഹഖിനൊപ്പം രണ്ടാം സ്ഥാനത്തെത്താനും ഗില്ലിന് സാധിച്ചു. 19 ഇന്നിങ്‌സിലാണ് ഇരുവരും ഈ നേട്ടത്തിലെത്തിയത്. 18 ഇന്നിങ്‌സിൽ 1000 റൺസ് പിന്നിട്ട പാക് താരം ഫഖർ സമാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മിന്നും സെഞ്ചുറി പ്രകടനത്തോടെയാണ് ഗിൽ പുതിയ റെക്കോർഡും സ്വന്തമാക്കിയത്. 87 പന്തിൽ നിന്നാണ് ഗിൽ സെഞ്ചുറിയിലെത്തിയത്. ഏകദിന കരിയറിൽ താരത്തിന്റെ മൂന്നാമത്തെ സെഞ്ചുറിയാണ് ഹൈദരാബാദിൽ കുറിച്ചത്. ശ്രീലങ്കയ്ക്കെതിരേ തിരുവനന്തപുരത്ത് നടന്ന കഴിഞ്ഞ മത്സരത്തിലും ഗിൽ സെഞ്ചുറി നേടിയിരുന്നു. 19 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ചുറിക്ക് പുറമേ അഞ്ച് അർധസെഞ്ചുറിയും ഗിൽ നേടിയിട്ടുണ്ട്.

ഏകദിന ഡബിൾ നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ ബാറ്ററാണ് ഗിൽ. രോഹിത് ശർമ(3), സച്ചിൻ ടെൻഡുൽക്കർ, വീരേന്ദർ സെവാഗ്, ഇഷാൻ കിഷൻ എന്നിവരാണ് ഗില്ലിന് മുമ്പ് റെക്കോർഡുകൾ അടിച്ചെടുത്തത്

ഗില്ലിന് 184 റൺസിൽ നിന്ന് ഡബിൾ സെഞ്ചുറിയിലെത്താൻ വേണ്ടി വന്നത് മൂന്നേ മൂന്ന് പന്തുകൾ. 47-ാം ഓവർ പൂർത്തിയായപ്പോൾ 169 റൺസിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു ഗിൽ. 48ാം ഓവറിൽ ടിക്നർക്കെതിരെ രണ്ട് സിക്‌സ് പറത്തിയ ഗിൽ ഡബിളിനോട് അടുത്തു. അപ്പോഴും അവസാന രണ്ടോവറിൽ ഗില്ലിന് കരിയറിലെ ആദ്യ ഡബിൾ സെഞ്ചുറിയിലെത്താൻ 18 റൺസ് കൂടി വേണമായിരുന്നു.

എന്നാൽ ലോക്കി ഫെർഗൂസൻ എറിഞ്ഞ 49-ാം ഓവറിലെ ആദ്യ മൂന്ന് പന്തും സിക്‌സിന് പറത്തിയ ഗിൽ 182ൽ നിന്ന് 200ലെത്തി. 142 പന്തിൽ 182 റൺസായിരുന്ന ഗിൽ 145 പന്തിൽ കരിയറില ആദ്യ ഡബിൾ തികച്ചു. അവസാനം നേരിട്ട 12 പന്തിൽ ആറ് സിക്‌സുകളാണ് ഗിൽ പറത്തിയത്. ഹൈദരാബാദിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറെന്ന സച്ചിൻ ടെൻഡുൽക്കറുടെ(186*) റെക്കോർഡാണ് ഗിൽ(208) മറികടന്നത്.