- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകകപ്പ് തുടക്കത്തിൽ തന്നെ ഇന്ത്യക്ക് തിരിച്ചടി! ശുഭ്മാൻ ഗില്ലിനു ഡെങ്കിപ്പനി; ആദ്യ മത്സരങ്ങൾ നഷ്ടമാവും; താരത്തിന്റെ ആരോഗ്യ നില തൃപ്തികരം; ഇഷാൻ കിഷൻ ഓപ്പണറായേക്കും; ഓസിസിനെതിരായ മത്സരം ഞായറാഴ്ച
ചെന്നൈ: ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. ഓപ്പണർ ശുഭ്മാൻ ഗില്ലിന് മത്സരത്തിൽ കളിക്കാനായേക്കില്ല. താരത്തിന് ഡെങ്കിപ്പനി ബാധിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ആശുപത്രിയിൽ കഴിയുന്ന താരത്തിന്റെ നില തൃപ്തികരമാണെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.
ഞായറാഴ്‌ച്ചയാണ് ഇന്ത്യ - ഓസ്ട്രേലിയ മത്സരം. അപ്പോഴേക്കും താരത്തിന് പൂർണ കായികക്ഷമത തിരിച്ചെടുക്കാനാവില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഓപ്പണറായി ക്യാപ്റ്റൻ രോഹിത് ശർമയോടൊപ്പം ഇഷാൻ കിഷൻ ഇറങ്ങാനാണു സാധ്യത. മുമ്പ് ഓപ്പണറായി കളിച്ചിരുന്നു കെ എൽ രാഹുലും ടീമിലുണ്ട്. എന്നാൽ മധ്യനിരയിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന രാഹുലിനെ ഓപ്പണറാക്കിയേക്കില്ല.
ചെന്നൈയിൽ എത്തിയതു മുതൽ ഗില്ലിന് പനിയുണ്ട്. പിന്നീട് പരിശോധനയിൽ ഡങ്കി സ്ഥിരീകരിക്കുകയായിരുന്നു. ഒന്നോ രണ്ടോ മത്സരങ്ങളിൽ ഗില്ലിന് വിശ്രമം നൽകിയേക്കും. മികച്ച ഫോമിലുള്ള ഗിൽ, വ്യാഴാഴ്ച ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിരുന്നു. താരത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷം വെള്ളിയാഴ്ച വീണ്ടും പരിശോധന നടത്തും.
ശുഭ്മൻ ഗിൽ ഈ വർഷം ആദ്യം ന്യൂസീലൻഡിനെതിരെ ഡബിൾ സെഞ്ചറി നേടിയിരുന്നു. സ്ഥിരതയാർന്ന പ്രകടനം കാഴ്ച വച്ചതോടെ താരം ടീമിൽ ഇടം ഉറപ്പിച്ചു. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിൽ 890 റൺസുമായി റൺവേട്ടയിൽ താരം മുന്നിലെത്തിയിരുന്നു.
302 റൺസുമായി ശ്രീലങ്കയിൽ നടന്ന ഏഷ്യാകപ്പിലും തിളങ്ങി. 104, 74, 27, 121, 19, 58, 67 എന്നിങ്ങനെയാണു താരത്തിന്റെ അവസാന ഇന്നിങ്‌സുകളിലെ സ്‌കോറുകൾ. ജസ്പ്രീത് ബുമ്ര, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ പരുക്ക് ഭേദമായ ശേഷമാണ് ലോകകപ്പിനായി ടീമിൽ ചേർന്നത്. ഏഷ്യാകപ്പിനിടെ അക്ഷർ പട്ടേലിനു പരുക്കേറ്റതോടെ, വെറ്ററൻ സ്പിന്നർ ആർ. അശ്വിനെ ഇന്ത്യ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി.
അതേസമയം, ഇന്ത്യയുടെ മത്സരങ്ങളുടെ ഷെഡ്യൂൾ കടുപ്പമാണെന്നുള്ള വാദവുമുണ്ട്. ഇന്ത്യക്ക് ഒമ്പത് വേദികളിലും കളിക്കണം. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര താരങ്ങളുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിമർശനം. ഓരോ പ്രദേശത്തും വ്യത്യസ്ത കാലാവസ്ഥയാണെന്നതും കളിക്കാർക്ക് അതിനോട് പൊരുത്തപ്പെട്ട് പോകുന്നതിന് പ്രശ്‌നമാകും
ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര.
ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, കുൽദീപ് യാദവ്, ഷാർദുൽ ഠാക്കൂർ.
സ്പോർട്സ് ഡെസ്ക്