- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഐപിഎല്ലിലെ തല്ലുകൊള്ളുന്ന പഴയ 'ചെണ്ടയല്ല'; മുഹമ്മദ് സിറാജ് ഏകദിനത്തിലെ ലോക ഒന്നാം നമ്പർ ബൗളർ; ഐസിസി ഏകദിന റാങ്കിങിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ താരം; രോഹിതിനെയും കോലിയേയും പിന്നിലാക്കി ശുഭ്മാൻ ഗില്ലും
ദുബായ്: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ മടങ്ങിയെത്തി ഒരു വർഷത്തിനുള്ളിൽ ചരിത്ര നേട്ടം കുറിച്ച് പേസർ മുഹമ്മദ് സിറാജ്. സമീപ കാലത്തെ മിന്നും പ്രകടനങ്ങളിലൂടെ ഐസിസി ഏകദിന ബൗളിങ് റാങ്കിംഗിൽ ഒന്നാമനായി മാറിയാണ് ഇന്ത്യന് പേസർ ചരിത്രനേട്ടം കുറിച്ചത്. അതേ സമയം കിവിസിന് എതിരായ ഇരട്ട സെഞ്ചുറിയടക്കം റൺവേട്ടയിൽ കുതിച്ച ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗില്ലും ഐസിസി ഏകദിന ബാറ്റിങ് റാങ്കിംഗിൽ വൻ കുതിപ്പാണ് കൈവരിച്ചത്.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ പുറത്തിറക്കിയ പുതിയ റാങ്കിംഗിൽ ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടിനെ പിന്തള്ളി സിറാജ് ഒന്നാം സ്ഥാനത്തെത്തി. മൂന്ന് വർഷത്തെ ഇടവേളക്കുശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇന്ത്യൻ ഏകദിന ടീമിൽ സിറാജ് തിരിച്ചെത്തിയത്. ഒരു വർഷത്തിനുള്ളിൽ ഒന്നാം റാങ്കിലെത്തി തന്നെ തഴഞ്ഞ സെലക്ടർമാർക്ക് മറുപടി നൽകാൻ താരത്തിനായി. ജസ്പ്രീത് ബുമ്രക്കുശേഷം ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ പേസറാണ് 28കാരനായ സിറാജ്.
സമീപകാലത്ത് ഏകദിനങ്ങളിൽ ഇന്ത്യയുടെ വിശ്വസ്ത ബൗളറായി മാറിയ സിറാജ് 20 മത്സരങ്ങളിൽ 37 വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ഇന്നലെ ഐസിസി തെരഞ്ഞെടുത്ത കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഏകദിന ടീമിലും സിറാജ് ഇടം നേടിയിരുന്നു. 729 റേറ്റിങ് പോയന്റുമായാണ് സിറാജ് ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയത്. 727 റേറ്റിങ് പോയന്റുള്ള ഓസ്‌ട്രേലിയയുടെ ജോഷ് ഹേസൽവുഡ് രണ്ടാമതും 708 പോയന്റുമായി ട്രെന്റ് ബോൾട്ട് മൂന്നാമതുമാണ്.
പുതിയ റാങ്കിംഗിൽ ഷർദ്ദുൽ താക്കൂർ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 35ാം സ്ഥാനത്ത് എത്തിയപ്പോൾ ജസ്പ്രീത് ബുമ്ര രണ്ട് സ്ഥാനം താഴേക്കിറങ്ങി 24-ാമതാണ്. ഇന്ത്യൻ ബൗളർമാരിൽ യുസ്വേന്ദ്ര ചാഹലും നേട്ടമുണ്ടാക്കി. ചാഹൽ മൂന്ന് സ്ഥാനം ഉയർന്ന് 39-ാം സ്ഥാനത്തെത്തി. ഏഴ് സ്ഥാനം മെച്ചപ്പെടുത്തിയ ഹാർദ്ദിക് പാണ്ഡ്യ 80 സ്ഥാനത്തെത്തിയപ്പോൾ മുഹമ്മദ് ഷമി മൂന്ന് സ്ഥാനം താഴേക്കിറങ്ങി 32-ാമതാണ്. കുൽദീപ് യാദവ് 20ാം സ്ഥാനത്ത് തുടരുന്നു. ആദ്യ ഇരുപതിൽ സിറാജും കുൽദീപും മാത്രമാണ് ഇന്ത്യൻ സാന്നിധ്യങ്ങൾ.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഒരു ഡബിൾ സെഞ്ചുറിയും ഒരു സെഞ്ചുറിയും അടക്കം 360 റൺസടിച്ച് റെക്കോർഡിട്ട ഗിൽ ഏകദിന ബാറ്റിങ് റാങ്കിംഗിൽ വിരാട് കോലിയെയും രോഹിത് ശർമയെയും പിന്തള്ളി ആറാം സ്ഥാനത്തെത്തി. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് ഗിൽ 734 റേറ്റിങ് പോയന്റുമായി ആറാം സ്ഥാനത്തേക്ക് ഉയർന്നത്.
ശ്രീലങ്കക്കെതിരെ രണ്ട് സെഞ്ചുറിയുമായി തകർപ്പൻ പ്രകടനം പുറത്തെടുത്തശേഷം ന്യൂസിലൻഡിനെിരെ നിറം മങ്ങിയ വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി ആറാം സ്ഥാനത്തെത്തി. മൂന്ന് വർഷത്തിനുശേഷമുള്ള ആദ്യ ഏകദിന സെഞ്ചുറിയിലൂടെ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമയും നില മെച്ചപ്പെടുത്തി. പുതിയ റാങ്കിംഗിൽ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനൊപ്പം എട്ടാം സ്ഥാനത്താണ് രോഹിത് ശർമ. പാക്കിസ്ഥാൻ നായകൻ ബാബർ അസം തന്നെയാണ് ഒന്നാം സ്ഥാനത്ത്.
ആദ്യ പത്തിൽ ഗില്ലും കോലിയും രോഹിത്തുമാണ് ഇന്ത്യൻ സാന്നിധ്യങ്ങൾ. പരിക്കു മൂലം ന്യൂസിലൻഡിനെതിരായ പരമ്പര നഷ്ടമായ ശ്രേയസ് അയ്യർ ഒരു സ്ഥാനം താഴേക്കിറങ്ങി 19-ാമതാണ്. വിവാഹിതനാവുന്നതിനാൽ ന്യൂബസിലൻഡിനെതിരെ കളിക്കാതിരുന്ന കെ എൽ രാഹുൽ മൂന്ന് സ്ഥാനം താഴേക്കിറങ്ങി 43-ാം സ്ഥാനത്താണിപ്പോൾ.
ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ യുവതാരം ഇഷൻ കിഷൻ ന്യൂസിലൻഡിനെതിരെ നിറം മങ്ങിയതോടെ എട്ട് സ്ഥാനം താഴേക്ക് വീണ് 45-ാം സ്ഥാനത്തായി. ഇന്നലെ ന്യൂസിലൻഡിനെതിരെ അർധസെഞ്ചുറിയുമായി തിളങ്ങിയ ഹാർദ്ദിക് പാണ്ഡ്യ ഏഴ് സ്ഥാനം മെച്ചപ്പെടുത്തി 75-ാം സ്ഥാനത്തുണ്ട്. ഓൾ റൗണ്ടർമാരിൽ ആദ്യ പത്തിൽ ഇന്ത്യൻ താരങ്ങാരും ഇല്ല. 17-ാം സ്ഥാനത്തുള്ള ഹാർദ്ദിക് ആണ് ആദ്യ ഇരുപതിലെ ഏക ഇന്ത്യൻ സാന്നിധ്യം.
ഇന്നലെ ഇൻഡോറിൽ നടന്ന ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും സെഞ്ചുറി നേടിയ ഗിൽ മൂന്ന് മത്സര പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസടിക്കുന്ന ബാറ്ററെന്ന പാക്കിസ്ഥാൻ നായകൻ ബാബർ അസമിന്റെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു.