മുംബൈ: വാങ്കഡെയിലെ സൂര്യകുമാർ യാദവിന്റെ താണ്ഡവം. സൂര്യകുമാർ കത്തിക്കയറിയപ്പോൾ മുംബൈ ഇന്ത്യൻസ് കൂറ്റൻ സ്‌കോറിലെത്തി. ഗുജറാത്ത് ടൈറ്റൻസിനെതിരേ ട്വന്റി 20 ബാറ്റിങ്ങിന്റെ സ്ഫോടനാത്മകത മുഴുവൻ പുറത്തെടുത്ത ഇന്നിങ്സിലൂടെ ആരാധകരുടെ സ്വന്തം സ്‌കൈ ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ചുറിയും കുറിച്ചു.

ഗുജറാത്ത് ബൗളർമാരെ നിലംതൊടാതെ പറത്തിയ സൂര്യ 49 പന്തിൽ നിന്ന് 11 ഫോറും ആറ് സിക്സും പറത്തി 103 റൺസോടെ പുറത്താകാതെ നിന്നു. സൂര്യ കത്തിക്കയറിയപ്പോൾ ഗുജറാത്തിനെതിരേ മുംബൈ കുറിച്ചത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ്. മുംബൈ ഇന്ത്യൻസിനായി ഐപിഎല്ലിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോർ എന്ന നേട്ടവും സൂര്യ സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റൻസിനെതിരേ ഒരു താരത്തിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്.

മോശം ഫോമിനെത്തുടർന്ന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ കടുത്ത വിമർശനം നേരിട്ടയാളാണ് സൂര്യ. എന്നാൽ പഴയ ഫോമിലേക്ക് മടങ്ങിയെത്തിയ സൂര്യയെ പിന്നീട് പിടിച്ചുകെട്ടാൻ ആർക്കും സാധിച്ചിട്ടില്ല. നേരത്തെ ഈ സീസണിൽ മുംബൈ മൂന്ന് തവണ 200-ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടർന്ന് വിജയിച്ചു. ആ മൂന്ന് മത്സരങ്ങളിലും മുംബൈ ബാറ്റിങ്ങിനെ മുന്നിൽ നിന്ന് നയിച്ചത് സൂര്യയായിരുന്നു. രാജസ്ഥാനെതിരേ 29 പന്തിൽ 55, പഞ്ചാബിനെതിരേ 31 പന്തിൽ 66, ആർസിബിക്കെതിരേ 35 പന്തിൽ 83, പിന്നാലെ ഇപ്പോഴിതാ സെഞ്ചുറിയും.

ഇത്രയും ആത്മവിശ്വാസത്തോടെ ഷോട്ടുകൾ കളിക്കുകയും തന്റെ കഴിവിൽ വിശ്വസിക്കുകയും ചെയ്യുന്ന മറ്റൊരു ബാറ്റ്‌സ്മാനില്ലെന്നാണ് ആരാധകർ പറയുന്നത്. സൂര്യയുടെ വെടിക്കെട്ട് ബാറ്റിങ്ങിനിടെ ഗുജറാത്തിന്റെ മുഹമ്മദ് ഷമിയും മോഹിത് ശർമയും അൽസാരി ജോസഫുമെല്ലാം നന്നായി തല്ലുവാങ്ങി.