ജോഹന്നാസ്ബർഗ്: ഇന്ത്യക്കെതിരായ ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് 202 റൺസ് വിജയലക്ഷ്യം. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 201 റൺസ് നേടി. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ കണ്ടെത്താനായത്. 55 പന്തിൽ നിന്ന് സെഞ്ച്വറി അടിച്ച സൂര്യകുമാർ യാദവ് ആണ് ടോപ്സ്‌കോറർ.

ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമായിരിക്കെ മികച്ച ബാറ്റിങ്ങാണ് സൂര്യകുമാർ പുറത്തെടുടത്തത്. ജയ്സ്വാൾ 41 പന്തിൽ നിന്ന് 60 റൺസ് നേടി. അതിൽ ആറ് ഫോറുകളും മൂന്ന് സിക്സറും ഉൾപ്പെടുന്നു. പരമ്പരയിൽ 0-1ന് പിന്നിലുള്ള ഇന്ത്യക്ക് ജയം അനിവാര്യമായ മത്സരത്തിൽ ടോസ് അനുകൂലമായിരുന്നില്ലെങ്കിലും ഗംഭീര തുടക്കമാണ് ഓപണർ യശസ്വി ജയസ്വാൾ നൽകിയത്. എന്നാൽ 12 റൺസെടത്ത് ശുഭ്മാൻ ഗില്ലും നിലയുറപ്പിക്കും മുൻപ് തിലക് വർമയും(0) പോയെങ്കിലും നായകൻ സൂര്യകുമാറുമൊത്ത് ജയ്‌സ്വാൾ റൺറേറ്റ് പത്തിന് മുകളിൽ തന്നെ കൊണ്ടുപോയി.

13.6 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നിൽക്കെ കൂറ്റൻ അടിക്ക് ശ്രമിക്കവെ തബ്രായിസ് ഷംസിക്ക് വിക്കറ്റ് നൽകി ജയ്‌സ്വാൾ മടങ്ങി. തുടർന്നെത്തിയ റിങ്കുസിങിനെ (14) സാക്ഷിയാക്കി സൂര്യകുമാർ ഗ്യാലറിയിലേക്ക് സിക്‌സറുകൾ തുടരെ തുടരെ പായിച്ചതോടെ സ്‌കോർ അതിവേഗം കുതിച്ചുയർന്നു.

അവസാന ഓവറിൽ സെഞ്ച്വറി പൂർത്തിയാക്കി സൂര്യകുമാർ മടങ്ങുമ്പോൾ 194 റൺസിലെത്തിയിരുന്നു.56 പന്തുകൾ നേരിട്ട സൂര്യകുമാർ എട്ടു സിക്‌സും ഏഴു ഫോറും ഉൾപ്പെടെയാണ് 100 റൺസെടുത്തത്. ജിതേഷ് ശർമ (4), രവീന്ദ്ര ജഡേജ (4) ഉൾപ്പെടെ അവസാന ഓവറിൽ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അർഷദീപ് സിങും (0) മുഹമ്മദ് സിറാജും (1) പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജും ലിസാഡ് വില്യംസും രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഇന്നത്തെ മത്സരം ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ജൊഹന്നാസ്ബർഗിൽ ഇതുവരെ കളിച്ച 4 ടി20 മത്സരങ്ങളിൽ മൂന്നിലും ഇന്ത്യയാണ് വിജയിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യമത്സരം മഴ കളിമുടക്കിയിരുന്നു. രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് ജയിച്ചതോടെ ഇന്ത്യക്ക് ഇന്നത്തെ മത്സരം അതിനിർണായകമാകുകയായിരുന്നു. കഴിഞ്ഞമത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ ഇറക്കിയത്.