- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഹിതിനും കോലിക്കുമൊപ്പമെത്തി ഇന്ത്യൻ സ്മൃതി മന്ഥാന
മുംബൈ: അന്താരാഷ്ട്ര ടി 20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു പിടി റെക്കോർഡുകൾ കൈവശമുള്ളത് ഇന്ത്യക്കാരുടെ പക്കലാണ്. ഇക്കൂട്ടത്തിലേക്ക് ഒരു വനിത കൂടി നടന്നു കയറി. ട്വന്റി 20 ക്രിക്കറ്റിൽ 3000 റൺസ് നേട്ടവുമായി ഇന്ത്യൻ വനിതാ താരം സ്മൃതി മന്ഥാനയാണ് പുതു ചരിത്രമെഴുതിയത്. ഓസ്ത്രേലിയക്കെതിരായ ട്വന്റി 20 മത്സരത്തിലാണ് 27 കാരി കരിയറിലെ നാഴികകല്ല് പിന്നിട്ടത്.
നവി മുംബൈയിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ആസ്ത്രേലിയക്കെതിരെ അർധ സെഞ്ചുറിയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ നേടിയത്. 52 പന്തിൽ 54 റൺസെടുത്തതോടെ കുട്ടി ക്രിക്കറ്റിൽ 3000 പിന്നിട്ടു. ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തിച്ചേർന്ന വനിതാ താരവുമായി.
ട്വന്റി 20 ക്രിക്കറ്റിൽ 3000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരവുമായി സ്മൃതി മന്ഥാന. വിരാട് കോഹ്ലി, രോഹിത് ശർമ്മ, വനിതാ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യൻ താരങ്ങൾ.സുസി ബേറ്റ്സ്, മെഗ് ലാനിങ്, സ്റ്റെഫാനി ടെയ്ലർ, ഹർമൻപ്രീത്, സോഫി ഡിവൈൻ എന്നിവർക്ക് ശേഷം വനിതാ ടി 20യിൽ 3000 റൺസ് തികയ്ക്കുന്ന ആറാമത്തെ വനിതാ താരമെന്ന നേട്ടവും കൈവരിച്ചു.
ഓസീസിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യ ഒൻപത് വിക്കറ്റിന്റെ തകർപ്പൻ വിജയവും സ്വന്തമാക്കിയിരുന്നു. ഏകദിന പരമ്പര നഷ്ടമായ ആതിഥേയർ ശക്തമായ തിരിച്ചുവരവാണ് ആദ്യ ട്വന്റി 20യിൽ നടത്തിയത്.