ട്രിനിഡാഡ്: ടി20 ലോകപ്പ് ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക. സെമിയിൽ അഫ്ഗാനിസ്താനെ തകർത്താണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് എത്തുന്നത്. ഇന്ത്യാ-ഇംഗ്ലണ്ട് സെമി വിജയിയെ ദക്ഷിണാഫ്രിക്ക ഫൈനലിൽ നേരിടും. അഫ്ഗാനെ 9 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തകർത്തത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ഗാൻ കയ്യടി നേടിയാണ് മടങ്ങുന്നത്. ഓസ്‌ട്രേലിയയെ അട്ടിമറിച്ചായിരുന്നു അഫ്ഗാൻ സെമിയിൽ എത്തിയത്. എന്നാൽ ആ പോരാട്ട മികവ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഫ്ഗാന് എടുക്കാനായില്ല.

ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനെ 56 റൺസിന് ഓൾഔട്ടാക്കിയ എയ്ഡൻ മാർക്രവും സംഘവും അനായാസം ലക്ഷ്യം കണ്ടു. 8.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ടീം ലക്ഷ്യത്തിലെത്തി.ലോകകപ്പിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. 57 റൺസെന്ന ചെറിയ വിജയലക്ഷ്യമെങ്കിലും അഫ്ഗാൻ പൊരുതാനുറച്ചാണ് മൈതാനത്തിറങ്ങിയത്. നവീൻ ഉൾ ഹഖ് എറിഞ്ഞ ആദ്യ ഓവറിൽ ഒരു റൺ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. പിന്നാലെ ടീം അഞ്ചിൽ നിൽക്കേ ആദ്യ വിക്കറ്റും നഷ്ടമായി. ക്വിന്റൺ ഡി കോക്കിനെ ഫസൽഹഖ് ഫറൂഖി ബൗൾഡാക്കി.

നവീൻ ഉൾ ഹഖ് എറിഞ്ഞ മൂന്നാം ഓവറിൽ മാർക്രത്തിന്റെ വിക്കറ്റിനുള്ള അവസരം റിവ്യൂ നൽകാത്തതുമൂലം അഫ്ഗാൻ നഷ്ടപ്പെടുത്തി. മാർക്രത്തിന്റെ ബാറ്റിലുരസിയാണ് പന്ത് കടന്നുപോയത്. പിന്നാലെ വിക്കറ്റ് കീപ്പർ ഗുർബാസ് കൈപ്പിടിലാക്കി. എന്നാൽ അഫ്ഗാൻ റിവ്യൂ നൽകിയില്ല. റീപ്ലേകളിൽ പന്ത് ബാറ്റിലുരസിയിരുന്നെന്ന് വ്യക്തമായിരുന്നു. അഫ്ഗാനുണ്ടായ ഈ പിഴവ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായി. റീസ ഹെൻഡ്രിക്സും എയ്ഡൻ മാർക്രവും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി. 8.5 ഓവറിൽ അവർ ജയിച്ചു.റീസ ഹെൻഡ്രിക്സ് 25 പന്തിൽ നിന്ന് 29 റൺസെടുത്തപ്പോൾ മാർക്രം 21 പന്തിൽഡ നിന്ന് 23 റൺസെടുത്തു.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ടീം സ്‌കോർ നാലിൽ നിൽക്കുമ്പോൾ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. അവിടെ നിന്നും അഫ്ഗാൻ ബാറ്റിങ് കരകയറിയില്ല. ഇതാണ് അഫ്ഗാന് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ യാൻസനും ഷംസിയും മൂന്ന് വിക്കറ്റെടുത്തു. റബാദ, നോർക്യേ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.