- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദക്ഷിണാഫ്രിക്കയെ നയിക്കാൻ ടെംബ ബവുമ; ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു; അരങ്ങേറ്റത്തിന് യുവതാരം ട്രിസ്റ്റിയൻ സ്റ്റബ്ബ്സ്; പരിക്കേറ്റ റാസി ഡെ ദസനെ ഒഴിവാക്കി; ഇന്ത്യക്കെതിരായ പരമ്പരയ്ക്കും ഇതേ ടീം

ജൊഹാനസ്ബർഗ്: ഓസ്ട്രേലിയയിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഇടത് കൈമുട്ടിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ക്യാപ്റ്റൻ ടെംബ ബവുമ ടീമിലേക്ക് മടങ്ങിയെത്തി. ബവുമ തന്നെയാണ് ലോകകപ്പിലും ടീമിനെ നയിക്കുക.
കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമിൽ നിന്ന് ബാവുമയെ ഒഴിവാക്കിയിരുന്നു. ജൂണിൽ ഇന്ത്യക്കെതിരായ മത്സരത്തിലാണ് ബാവുമക്ക് പരിക്കേൽക്കുന്നത്. അതേസമയം ബാറ്റർ റാസി ഡെ ദസന് ടീമിലിടം നേടാനായില്ല. വിരലിന് പരിക്കേറ്റതിനാൽ താരത്തെ ഒഴിവാക്കുകയായിരുന്നു. ഏകദേശം ആറാഴ്ചയോളം താരത്തിന് വിശ്രമം വേണ്ടിവരും.
വമ്പനടിക്കാരനായ യുവതാരം ട്രിസ്റ്റിയൻ സ്റ്റബ്ബ്സും ടീമിലുണ്ട്. 25 കാരനായ ട്രിസ്റ്റൺ സ്റ്റബ്സാണ് ട്വന്റി 20 ലോകകപ്പിൽ ഇത്തവണ ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറാൻ പോവുന്നത്. അടുത്തിടെ ഇംഗ്ലണ്ടുമായി നടന്ന ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തിനു ലോകകപ്പ് ടീമിലേക്കു വഴി തുറന്നത്.
ആന്റിച്ച് നോർക്യ, കാഗിസോ റബാദ, ലുങ്കി എൻഗിഡി, കേശവ് മഹാരാജ്, തബ്രൈസ് ഷംസി എന്നിവരടങ്ങുന്ന ബൗളിങ് വിഭാഗം തന്നെയാണ് പ്രോട്ടീസിന്റെ കരുത്ത്. ഇടംകൈയൻ പേസർ വെയ്ൻ പാർനലും ടീമിലുണ്ട്.
ഇതെ ടീമിനെ തന്നെയാണ് ഇന്ത്യയിലേക്കും തിരിക്കുക. മൂന്നു ട്വന്റി 20കളുടെയും ഏകദിനങ്ങളുടെയും പരമ്പരകളിലാണ് സൗത്താഫ്രിക്കയും ഇന്ത്യയും ഏറ്റുമുട്ടുന്നത്. ഏകദിന പരമ്പരയ്ക്കുള്ള ടീമിലെ ഏക മാറ്റം ജന്നെമാൻ മലാന്റെ സാന്നിധ്യമാണ്. ഈ മാസം 28നാണ് ട്വന്റി 20 പരമ്പരയ്ക്കു തുടക്കമാവുന്നത്.
ദക്ഷിണാഫ്രിക്കൻ ടീം: ടെംബ ബവുമ (ക്യാപ്റ്റൻ), ക്വിന്റൺ ഡികോക്ക്, റീസ ഹെൻഡ്രിക്സ്, ഹെന്റിച്ച് ക്ലാസൻ, കേശവ് മഹാരാജ്, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആന്റിച്ച് നോർക്യ, വെയ്ൻ പാർനെൽ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാദ, റിലീ റോസ്സോവു, തബ്രൈസ് ഷംസി, ട്രിസ്റ്റിയൻ സ്റ്റബ്ബ്സ്.
റിസർവ് താരങ്ങൾ: ബോൺ ഫോർച്യൂയിൻ, മാർക്കോ യാൻസെൻ, ആൻഡിൽ പെഹ്ലുക്വായോ.


