- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇത്തവണ തോറ്റത് ഇന്ത്യയുടെ ഓൾറൗണ്ട് മികവിന് മുന്നിൽ
ബ്രിഡ്ജ് ടൗൺ: ലോകോത്തര താരങ്ങളുടെ വമ്പൻ നിരയുണ്ടായിട്ടും ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ഇത്രയും നിർഭാഗ്യം ഉള്ള മറ്റൊരു ടീമില്ല. 2024നും പറയാനുള്ളത് ഈ കഥ തന്നെ. അഞ്ചു തവണ സെമിയിൽ തോറ്റ് മടങ്ങിയവർ ആറാം തവണ ഫൈനലിൽ തോൽക്കുന്നു. അതും ഇന്ത്യൻ വീര്യത്തിന് മുന്നിൽ. ഇന്ത്യൻ പേസ് നിരയാണ് ദക്ഷിണാഫ്രിക്കയെ കരിബീയൻ മണ്ണിൽ 2024 ജൂൺ 28ന് തകർത്തത്.
ഇതിന് മുമ്പ് വിശ്വകിരീടത്തിനായുള്ള പോരാട്ടത്തിൽ അഞ്ചാം തവണ പ്രോട്ടീസ് സെമിഫൈനലിൽ തോറ്റ് പുറത്തായി. ഇത്തവണ സെമിയിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിക്കാൻ പ്രോട്ടീസിനായി. ഇതോടെ കപ്പുയർത്തുന്നതിൽ ഒരു പിടി അടുത്തു. എന്നാൽ ഇന്ത്യൻ കരുത്ത് അവർക്ക് മുകളിലായിരുന്നു. കപ്പും കൊണ്ട് മാത്രമേ മടങ്ങൂവെന്ന നിശ്ചയദാർഢ്യം രോഹിത് ശർമ്മയുടെ ടീം ഇന്ത്യയ്ക്കുണ്ടായിരുന്നു. അങ്ങനെ അവസാന നാലിന് അപ്പുറം കടന്ന ആറാം തവണയും ടൂർണ്ണമെന്റിൽ നിന്നും നിരാശയുമായി ദക്ഷിണാഫ്രിക്ക മടങ്ങുന്നു.
പലപ്പോഴും നിർഭാഗ്യമാണ് അവരുടെ വഴി മുടക്കിയതെങ്കിൽ മറ്റുചിലപ്പോൾ നിർണായക മത്സരങ്ങളിലെ ഇടർച്ചയാണ് തോൽവിയായത്. ആദ്യമായി പങ്കെടുത്ത 1992ലെ ലോകകപ്പിൽ മഴ നിയമമാണ് ദക്ഷിണാഫ്രിക്കയെ ചതിച്ചത്. സിഡ്‌നിയിൽ നടന്ന സെമിയിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45 ഓവറിൽ അടിച്ചെടുത്തത് ആറ് വിക്കറ്റ് നഷട്ത്തിൽ 252 റൺസായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 19 പന്തിൽ 22 റൺസ് വേണ്ടപ്പോൾ മഴയെത്തി. മഴയൊഴിഞ്ഞ് കളി പുനരാരംഭിച്ചപ്പോൾ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം കണ്ട് ഏവരും ഞെട്ടി. ഒരു പന്തിൽ 22 റൺസ്!. അങ്ങനെ വിജയം ദക്ഷിണാഫ്രിക്കയിൽനിന്ന് തട്ടിയെടുക്കുകയായിരുന്നു. അസാധ്യ ലക്ഷ്യത്തിൽ തട്ടി അവർ കണ്ണീരോടെ മടങ്ങി. ക്രിക്കറ്റിലെ ഏറ്റവും വിവാദ മത്സരങ്ങളിലൊന്നായിരുന്നു അത്.
1999ൽ എഡ്ജ്ബാസ്റ്റണിൽ നടന്ന സെമിഫൈനലിൽ ഓസ്‌ട്രേലിയയായിരുന്നു എതിരാളികൾ. എന്നാൽ, അലൻ ഡൊണാൾഡും ലാൻസ് ക്ലൂസ്നറും തമ്മിലുള്ള കൂട്ടുകെട്ട് അവസാന പന്തിൽ റണ്ണൗട്ടിൽ കലാശിച്ചതോടെ മത്സരം ടൈയിൽ അവസാനിച്ചു. നെറ്റ് റൺറേറ്റിന്റെ ബലത്തിൽ ഓസ്ട്രേലിയ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ലോകകപ്പ് കണ്ട ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു അത്. അവസാന ഓവറിൽ അന്ന് ഒൻപത് റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തിലും ക്ലൂസ്‌നർ ഫോറുകൾ തൂക്കിയതോടെ മത്സരം നാല് പന്തിൽ ഒരു റൺസെന്ന നിലയിൽ. എന്നാൽ ആ ലക്ഷ്യത്തിലേക്ക് എത്തും മുൻപ് അലൻ ഡൊണാൾഡ് റണ്ണൗട്ടായി. മത്സരം ടൈ കെട്ടി. സൂപ്പർ സിക്‌സിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയതിന്റെ ബലത്തിൽ ഓസ്ട്രേലിയ ഫൈനലിലേക്ക്. പ്രോട്ടീസിന്റെ രണ്ടാം നിർഭാഗ്യം.
2007ലെ സെമിയിലും ഓസ്‌ട്രേലിയയായിരുന്നു എതിരാളികൾ. എന്നാൽ, ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വെറും 149 റൺസിന് പുറത്തായി. ഓസ്‌ട്രേലിയ 31.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസ ജയം നേടി. നാല് വിക്കറ്റെടുത്ത ഷോൺ ടെയ്റ്റും മൂന്ന് വിക്കറ്റ് നേടിയ ഗ്ലെൻ മഗ്രാത്തുമായിരുന്നു ദക്ഷിണാഫ്രിക്കൻ പ്രതീക്ഷകളെ എറിഞ്ഞിട്ടത്. 2015ൽ ന്യൂസിലാൻഡാണ് ഫൈനലിലേക്കുള്ള വഴിമുടക്കിയത്. അന്നും മഴ വില്ലനായി. ഓവറുകൾ ചുരുക്കിയതും ഫീൽഡിങിലെ പിഴവുകളും അവരുടെ വഴിയടച്ചു. ഓക്ലൻഡിൽ നടന്ന മത്സരം മഴ കാരണം ഓവറുകൾ ചുരുക്കിയതും ഫീൽഡിങ് പിഴവുകളുമാണ് ഇത്തവണ തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 43 ഓവറിൽ അഞ്ചിന് 281 റൺസടിച്ചപ്പോൾ ന്യൂസിലാൻഡിന്റെ ലക്ഷ്യം 43 ഓവറിൽ 298 റൺസായി നിർണയിച്ചു. എന്നാൽ, ഡെയ്ൽ സ്റ്റെയിൻ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് സിക്‌സടിച്ച് ഗ്രാന്റ് എലിയട്ടാണ് കിവികൾക്ക് നാല് വിക്കറ്റിന്റെ വിജയം സമ്മാനിച്ച് ഫൈനലിലേക്ക് വഴി തുറന്നത്.
2023ൽ ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പതിൽ ഏഴ് മത്സരങ്ങളും ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിഫൈനലിൽ ഇടം നേടിയത്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന സെമിയിൽ ടോസ് നേടിയ അവർ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാൽ, 24 റൺസെടുക്കുമ്പോഴേക്കും അവരുടെ നാല് മുൻനിര വിക്കറ്റുകൾ ഓസീസ് എറിഞ്ഞുവീഴ്‌ത്തി. ഡേവിഡ് മില്ലറുടെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിൽ ഓസ്‌ട്രേലിയക്ക് മുമ്പിൽ 213 റൺസ് വിജയലക്ഷ്യം വെച്ചപ്പോൾ ഓസീസ് 47.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുക്കുകയായിരുന്നു. ഇതോടെ അഞ്ചാം തവണയും ദക്ഷിണാഫ്രിക്കയുടെ ഫൈനൽ സ്വപ്നം ഇരുളടഞ്ഞു.
എന്നാൽ 2024ലെ ട്വന്റി ട്വന്റിയിൽ കഥമാറി. സെമിയിൽ ഏഷ്യയിലെ കറുത്ത കുതിരകളായ അഫ്ഗാനായിരുന്നു എതിരാളികൾ. അഫ്ഗാനിസ്ഥാനെ തകർത്ത് ഫൈനലിൽ എത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് മുമ്പിലെ തടസ്സം ഇന്ത്യയായിരുന്നു. ആവേശം നിറഞ്ഞ കലാശപോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക തോൽക്കുകായണ്. പക്ഷേ വർത്തമാന കാല ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമിനോടാണ് തോൽവിയെന്നത് മാത്രമാകും ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം. 2024ൽ കളിയിൽ മികവ് കാട്ടിയ ടീമാണ് കപ്പുമായി വെസ്റ്റ് ഇൻഡീസിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നത്.