ഹൊബാർട്ട്: ദക്ഷിണാഫ്രിക്കയുടെ വിജയവഴിയിൽ വില്ലനായി വീണ്ടും മഴ. ട്വന്റി 20 ലോകകപ്പിൽ സിംബാബ്വെ- ദക്ഷിണാഫ്രിക്ക മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. മഴ കാരണം മത്സരം ഒമ്പത് ഓവറാക്കി ചുരുക്കിയിരുന്നു. ഇത് ആദ്യമായാല്ല മഴ പ്രോട്ടീസിന് മുന്നിൽ വിലങ്ങുതടിയാവുന്നത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്വെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് നേടി. മറുപടിയായി ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നതിനിടെ വീണ്ടും മഴയെത്തി. ഇതോടെ വിജയലക്ഷ്യം ഏഴ് ഓവറിൽ 64 ആയി ചുരുക്കി. മൂന്ന് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 51 റൺസായിരിക്കെയാണ് മഴയെത്തിയത്. അപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ നാല് ഓവറിൽ 13 റൺസ് മതിയായിരുന്നു.

എന്നാൽ മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല. 18 പന്തിൽ 47 റൺസുമായി പുറത്താവാതെ നിന്ന ക്വിന്റൺ ഡി കോക്കാണ് ടീമിനെ വിജയത്തിനടുത്തെത്തിയത്. തെംബ ബവൂമ (2) ഡി കോക്കിനൊപ്പം പുറത്താവാതെ നിന്നു. ഒരു സിക്സും എട്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്സ്. തെൻഡെ ചടാരയെറിഞ്ഞ ആദ്യ ഓവറിൽ 23 റൺസ് പിറന്നിരുന്നു. റിച്ചാർഡ് ഗവാരയുടെ രണ്ടാം ഓവറിൽ 17 റൺസും അടിച്ചെടുത്തു. സിക്കന്ദർ റാസയെറിഞ്ഞ മൂന്നാം ഓവറിൽ 11 റൺസും നേടിയിരുന്നു.

നേരത്തെ, രണ്ട് വിക്കറ്റ് നേടിയ ലുംഗി എൻഗിഡി സിംബാബ്വെയുടെ മുൻനിര തകർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. വെസ്ലി മധെവേരെയാണ് (18 പന്തിൽ 35) സിംബാബ്വെയുടെ ടോപ് സ്‌കോറർ. ഹൊബാർട്ടിൽ ടോസ് നേടിയ സിംബാബ്വെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ഓവർ പവർപ്ലേയാണ് ഒരു ടീമിന് അനുവദിച്ചിട്ടുള്ളത്. മൂന്ന് ഓവർ പൂർത്തിയാവും മുമ്പ് ക്രെയ്ഗ് ഇർവിൻ (8), റെഗിസ് ചകാബ്വ (8), സിക്കന്ദർ റാസ (0) എന്നിവരുടെ വിക്കറ്റുകൾ സിംബാബ്വെയ്ക്ക് നഷ്ടമായിരുന്നു. നാലാം ഓവറിൽ സീൻ വില്യംസും (1) മടങ്ങി. ഇതോടെ സിംബാബ്വെ നാലിന് 19 എന്ന പരിതാപകരമായ നിലയിലായി.

എന്നാൽ മധെവേരെ- മിൽട്ടൺ ഷുംബ (18) സഖ്യം ശേഷിക്കുന്ന ഓവറുകൾ പൂർത്തിയാക്കി. ഇരുവരും 59 റൺസാണ് കൂട്ടിചേർത്തത്. ഷുംബ അവസാന പന്തിൽ പറത്തായി. 18 പന്തിൽ ഒരു സിക്സും നാല് ഫോറും ഉൾപ്പെടെയാണ് മധെവേരെ 35 റൺസെടുത്തത്. എൻഗിഡിക്ക് പുറമെ വെയ്ൻ പാർനൽ, ആന്റിച്ച് നോർജെ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

അന്നും വില്ലനായത് മഴ

1992 ലോകകപ്പ് മുതൽ തുടങ്ങിയ ദക്ഷിണാഫ്രിക്കയുടെ നിർഭാഗ്യത്തിന്റെ കഥ ഇപ്പോഴും തുടരുകയാണ്. ലോകവേദിയിൽ മഴയോളം ദക്ഷിണാഫ്രിക്കയെ ചതിച്ച മറ്റൊരു എതിരാളിയില്ല. 92 ലോകകപ്പിലെ ഈ സ്‌കോർബോർഡ് ഇന്നും ദക്ഷിണാഫ്രിക്കക്കാരുടെ ഹൃദയം തകർക്കും. ഇംഗ്ലണ്ടിനെതിരെ 253 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് മഴകാരണംമൽസരം നിർത്തിവയ്ക്കുമ്പോൾ വേണ്ടിയിരുന്നത് 13 പന്തിൽ 22 റൺസ്. 12 മിനിറ്റിന് ശേഷം മഴമാറി മൽസരം പുനരാരംഭിച്ചപ്പോൾ വിജയലക്ഷ്യം ഒരുപന്തിൽ 22 റൺസ്.

99 ലോകകപ്പ് സെമിയിൽ ഒരുവിക്കറ്റ് മാത്രം ശേഷിക്കെ നാലുപന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് ഒരു റൺസ്. അലൻ ഡൊണാൾഡിന്റെ റണ്ണൗട്ടോടെ മൽസരം സമനിലയിൽ അവസാനിച്ചു. മികച്ച റൺറേറ്റിന്റെ ബലത്തിൽ ഓസീസ് ഫൈനലിൽ.

2003 ലോകകപ്പിൽ ലങ്കയ്‌ക്കെതിരെ മഴ കളി തടസപ്പെടുത്തും മുമ്പ് നേരിട്ട അവസാന പന്തിൽ മാർക്ക് ബൗച്ചർ ഒരു റൺസ് എടുത്തിരുന്നെങ്കിൽ ഡക്്വർത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്ക വിജയിച്ചേനെ. മൽസരം ടൈ ആയതോടെ പ്രോട്ടിയേഴ്‌സ് പുറത്ത്.

2015 ലോകകപ്പ് സെമിയിൽ ഡിവില്ലിയേഴ്‌സ് ഡുപ്ലിസിയും തകർത്തടിച്ചുനിൽക്കെ 38ാം ഓവറിൽ മഴയെത്തി. 43 ഓവറാക്കി ചുരുക്കിയ മൽസരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയത് 298 റൺസ് വിജയലക്ഷ്യം. അവസാന പന്തിൽ സിക്‌സർ പറത്തി ഗ്രാൻഡ് എലിയറ്റ് കീവീസിനെ വിജയിപ്പിച്ചതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഹൃദയം തകർത്ത മറ്റൊരു തോൽവിയായിരുന്നു.

ഒടുവിൽ 2022 ലോകകപ്പിലെ സൂപ്പർ 12ൽ ആദ്യമത്സരത്തിൽ ജയം കൈയെത്തിപ്പിടിക്കാവുന്ന ദൂരത്തിൽ മഴ തട്ടിയെടുത്തു. ഇത്തവണ മത്സരം ഉപേക്ഷിച്ചതോടെ പോയിന്റ് പങ്കിട്ടു. യോഗ്യതറൗണ്ട് കടന്നെത്തിയ സിംബാബ്വെക്കെതിരെ അനായാസം ജയിക്കാമായിരുന്ന മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ തുടർന്നുള്ള മത്സരങ്ങൾ പ്രോട്ടീസിന് നിർണായകമാകും. ഇന്ത്യയും പാക്കിസ്ഥാനും അടങ്ങുന്ന ശക്തരായ എതിരാളികളോട് മത്സരം തോറ്റാൽ സെമി കാണാതെ പുറത്താകും. ഇത്തവണയും മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് പ്രോട്ടീസ് ആരാധകർ.