- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തി സ്നേഹ് റാണ; പത്ത് വിക്കറ്റ് നേട്ടം; വനിതാ ടെസ്റ്റില്‍ 10 വിക്കറ്റ് ജയത്തോടെ ഇന്ത്യ
ചെന്നൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് പത്തുവിക്കറ്റ് ജയം. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മുന്നട്ടുവച്ച 37 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 9.2 ഓവറില്‍ മറികടന്നു. സ്നേഹ് റാണയുടെ പത്ത് വിക്കറ്റ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ കുറിച്ച 603 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക, ഒന്നാം ഇന്നിങ്‌സില്‍ 266 റണ്‍സിന് പുറത്തായി. ഫോളോ ഓണ്‍ ചെയ്ത പ്രോട്ടീസ് നിര രണ്ടാം ഇന്നിങ്‌സില്‍ 373 റണ്‍സിനും പുറത്താകുകായിരുന്നു.
ഷഫാലി വര്‍മയുടെയും (197 പന്തില്‍ 205 റണ്‍സ്) സ്മൃതി മന്ദാനയുടെയും (161 പന്തില്‍ 149) കരുത്തിലാണ് ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സ് നേടിയത്. 115.1 ഓവറില്‍നിന്നായിരുന്നു ഭീമന്‍ സ്‌കോര്‍. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (86), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (69), ജെമീമ റോഡ്രിഗസ് (55) എന്നിവരും ഇന്ത്യന്‍ സ്‌കോര്‍ 600 കടത്തുന്നതില്‍ ഭാഗവാക്കായി. ദക്ഷിണാഫ്രിക്കയ്ക്കായി ഡെല്‍മി ടക്കര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 266-ല്‍ അവസാനിച്ചു. 74 റണ്‍സുമായി മരിസാന കാപ്പും 65 റണ്‍സോടെ സുന്‍ ലൂസും മാത്രമാണ് മികച്ചുനിന്നത്. നന്ദിനെ ഡി ക്ലാര്‍ക്ക്, അന്നെകെ ബോഷ് എന്നിവര്‍ 39 റണ്‍സ് വീതം നേടി. ഇതോടെ ദക്ഷിണാഫ്രിക്ക 337 റണ്‍സിന് പിന്നിലായി. എട്ട് വിക്കറ്റുകള്‍ നേടിയ സ്നേഹ് റാണയുടെ മുന്നിലാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നത്. 25.3 ഓവറില്‍ 77 റണ്‍സ് വഴങ്ങിയാണ് സ്നേഹ് റാണ എട്ട് പേരെ പുറത്താക്കിയത്. ദീപ്തി ശര്‍മ രണ്ട് വിക്കറ്റുകളും നേടി.
തുടര്‍ന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക, 10 വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സ് നേടി. 122 റണ്‍സ് നേടി ക്യാപ്റ്റന്‍ വോള്‍വാര്‍ട്ടിന്റെയും 109 റണ്‍സ് നേടിയ സുന്‍ ലൂസും ചേര്‍ന്നാണ് ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കിയത്. നന്ദിനെ ഡി ക്ലാര്‍ക്ക് 61 റണ്‍സ് നേടി. ഇതോടെ ഇന്ത്യക്ക് രണ്ടാം ഇന്നിങ്സില്‍ 37 റണ്‍സായി വിജയലക്ഷ്യം. 9.2 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ ലക്ഷ്യം മറികടന്നു. ഓപ്പണര്‍മാരായ ശുഭ സതീഷ് (13), ഷെഫാലി വര്‍മ (24) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റുകള്‍ കൂടി പിഴുത സ്നേഹ് റാണ ടെസ്റ്റില്‍ ആകെ പത്ത് വിക്കറ്റുകള്‍ നേടി ചരിത്രമെഴുതി. ദീപ്തി ഷര്‍മ, രാജേശ്വരി ഗെയ്ക്വാദ് എന്നിവരും രണ്ട് വീതം വിക്കറ്റുകളെടുത്തു. ജൂലന്‍ ഗോസ്വാമിക്ക് ശേഷം വനിതാ ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സ്നേഹ് റാണ.