- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സഞ്ജുവിന് സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കാനായില്ല; ബാറ്റിങിനോടുള്ള സമീപനം മാറ്റണം; ഏകദിനത്തിൽ കൂടുതൽ പന്തുകൾ നേരിടാനുള്ള ക്ഷമ കാണിക്കണം; സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്ത സിലക്ഷൻ കമ്മിറ്റിയുടേത് ശരിയായ തീരുമാനം'; തുറന്നടിച്ച് ശ്രീശാന്ത്
മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസമാദ്യമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമിൽ പ്രധാന താരങ്ങളെല്ലാം ഇടം പിടിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസൺ ഒഴിവാക്കപ്പെട്ടു. ഏകദിന ക്രിക്കറ്റിൽ താരതമ്യേന ഭേദപ്പെട്ട റെക്കോഡുള്ള സഞ്ജുവിനെ ലോകകപ്പ് ടീമിൽ നിന്ന് തഴഞ്ഞത് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചർച്ചയായിരുന്നു.
ഏകദിനത്തിൽ മികച്ച പ്രകടനം ഇതുവരെ പുറത്തെടുക്കാത്ത സൂര്യകുമാർ യാദവിനെ, സഞ്ജുവിനെ മറികടന്ന് ടീമിൽ ഉൾപ്പെടുത്തിയതായിരുന്നു ആരാധകരെ ഞെട്ടിച്ചത്. ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ നിരവധി ചർച്ചകളും നടന്നു. ആരാധകർക്കു പുറമെ ക്രിക്കറ്റ് നിരീക്ഷകരും മുൻ താരങ്ങളുമുൾപ്പെടെ സഞ്ജുവിനെ ഉൾപ്പെടുത്താത്തതിൽ നിരാശ പ്രകടിപ്പിച്ചിരുന്നു. താരത്തെ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ പോലും ഉൾപ്പെടുത്താതെ ബിസിസിഐ തഴഞ്ഞെന്നും ഇവർ പറയുന്നു.
എന്നാൽ സഞ്ജുവിനെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്ന സെലക്ടർമാരുടെ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളറും ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പുകൾ നേട്ടത്തിൽ പങ്കാളിയുമായ മലയാളി താരവുമായ എസ് ശ്രീശാന്ത്. ഏകദിനത്തിൽ കൂടുതൽ പന്തുകൾ നേരിടാനുള്ള ക്ഷമ സഞ്ജു കാണിക്കണമെന്നും ശ്രീശാന്ത് പറയുന്നു.
സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്ന സിലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ അനുകൂലിക്കുന്നതായി ശ്രീശാന്ത് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സഞ്ജു ബാറ്റിങിനോടുള്ള സമീപനം മാറ്റണമെന്നും മുൻ കളിക്കാരുടെ അഭിപ്രായങ്ങൾ മാനിക്കാൻ തയാറാകണമെന്നും ശ്രീശാന്ത് പറഞ്ഞു. പിച്ചിന്റെ സ്വഭാവമനുസരിച്ച് കളിക്കണമെന്ന് ആരെങ്കിലും പറഞ്ഞാലും സഞ്ജു അതു കേൾക്കാതെ ഒരേ രീതിയിലാണ് ബാറ്റു ചെയ്യാറെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി.
'സഞ്ജുവിനെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്നത് ശരിയായ തീരുമാനമാണ്. എന്തെന്നാൽ താൻ ആരാണെന്ന് ഒരു കളിക്കാരൻ സ്വയം മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. സഞ്ജുവിന്റെ കഴിവിൽ ആർക്കും സംശയമില്ല. സുനിൽ ഗവാസ്‌കർ മുതൽ ഹർഷ ഭോഗ്ലെ, രവി ശാസ്ത്രി തുടങ്ങിയവരെല്ലാം സഞ്ജുവിനെ അംഗീകരിക്കുന്നു. പക്ഷേ അവന്റെ സമീപനം...പിച്ച് നോക്കി കളിക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടാലും അവനത് കേൾക്കുന്നില്ല. ഈ സമീപനം മാറ്റാൻ അദ്ദേഹത്തിന് സാധിക്കും'. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ശ്രീശാന്ത് പറഞ്ഞു.
'വിക്കറ്റ് മനസിലാക്കി കളിക്കണമെന്നാണ് എപ്പോളും അവനെ കാണുമ്പോൾ ഞാൻ പറയാറുള്ളത്. ഒരു ബോളറുടെ പിന്നാലെയും പോകരുതെന്നും അവസരത്തിനായി കാത്തിരിക്കണമെന്നും അവനോട് പറയാറുണ്ട്. ഞാനടക്കം സഞ്ജുവിനെ പിന്തുണയ്ക്കുന്ന മലയാളികളെല്ലാം പറയുന്ന കാര്യമാണ് അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കുന്നില്ല എന്നത്. അങ്ങനെ പറയാനാകില്ല. അയർലൻഡിനെതിരെ യും ശ്രീലങ്കയ്‌ക്കെതിരെയും അവന് അവസരങ്ങൾ ലഭിച്ചു. പത്ത് വർഷത്തോളമായി അവൻ ഐപിഎല്ലിൽ കളിക്കുന്നു, 2013 മുതൽ ഐപിഎല്ലിൽ കളിക്കുന്ന അവൻ ഒരു ടീമിന്റെ ക്യാപ്റ്റനാണ്. വെറും മൂന്ന് സെഞ്ചുറികൾ മാത്രമാണ് ഐപിഎല്ലിൽ അവന് നേടാനായത്.' ശ്രീശാന്ത് ചൂണ്ടിക്കാട്ടി.
തന്റെ ചിന്താഗതി മാറ്റിയാൽ സഞ്ജു ശക്തമായി തിരിച്ചെത്തുമെന്നും എന്നാൽ അങ്ങനെ സംഭവിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു. ഇപ്പോളത്തെ ചിന്താഗതി മാറ്റിയാൽ ടെസ്റ്റ്, ഏകദിനം, ട്വന്റി 20 അങ്ങനെ എല്ലാ ഫോർമാറ്റിലും സഞ്ജു കളിക്കും. എന്നാൽ അവൻ ഈ ചിന്താഗതി മാറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതുപോലൊരു പ്രതിഭ ഐപിഎൽ മാത്രം കളിച്ചുകൊണ്ട് അവസാനിക്കരുതെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അവൻ തന്റെ സമീപനം മാറ്റണമെന്ന് എനിക്ക് ആഗ്രഹമുണ്ടെങ്കിലും അതുണ്ടാകില്ല. മാറാൻ ആഗ്രഹിക്കാത്ത ഒരാളെ മാറ്റാൻ ഞാനും ആഗ്രഹിക്കുന്നില്ല.' ശ്രീശാന്ത് കൂട്ടിച്ചേർത്തു.
സ്പോർട്സ് ഡെസ്ക്