സിഡ്നി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 ലെ ജീവന്മരണ പോരാട്ടത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയിൽ. ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. ശ്രീലങ്ക ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്ത് ശേഷിക്കേ ഇംഗ്ലണ്ട് മറികടന്നു. ഏഴ് പോയന്റോടെ ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ടിന്റെ സെമിപ്രവേശം. അതേ സമയം നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയ സെമി കാണാതെ ലോകകപ്പിൽ നിന്ന് പുറത്തായി. ഓസ്ട്രേലിയക്കും ഏഴ് പോയന്റുണ്ടെങ്കിലും ഉയർന്ന നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് സെമിയിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഒന്നിൽ നിന്ന് ന്യൂസിലൻഡ് നേരത്തേ സെമി ബർത്ത് ഉറപ്പിച്ചിരുന്നു.

ഓപ്പണർ അലക്‌സ് ഹെയിൽസും(30 പന്തിൽ 47), ക്യാപ്റ്റൻ ജോസ് ബട്ലറും(23 പന്തിൽ 28) നൽകിയ തകർപ്പൻ തുടക്കത്തിന്റെയും ബെൻ സ്റ്റോക്‌സിന്റെ(36 പന്തിൽ 44*) പോരാട്ടത്തിന്റെയും കരുത്തിലാണ് ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തിയത്. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും ഗ്രൂപ്പ് ചാമ്പ്യന്മാരായ ന്യൂസിലൻഡിനും ഏഴ് പോയന്റ് വീതമാണെങ്കിലും മോശം നെറ്റ് റൺറേറ്റാണ് ഓസീസിനെ ചതിച്ചത്. ഇംഗ്ലണ്ട് നേരിയ ജയം സ്വന്തമാക്കിയതോടെ മികച്ച നെറ്റ് റൺറേറ്റിന്റെ കരുത്തിൽ ന്യൂസിലൻഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. സ്‌കോർ ശ്രീലങ്ക 20 ഓവറിൽ 141-8, ഇംഗ്ലണ്ട് 19.4 ഓവറിൽ 144-6.

ശ്രീലങ്ക ഉയർത്തിയ 142 റൺസ് വിജയലക്ഷ്യത്തിലേക്ക് കരുതലോടെയാണ് ഓപ്പണർമാരായ ജോസ് ബട്ട്ലറും അലക്സ് ഹേൽസും ബാറ്റേന്തിയത്. ആദ്യ ഓവറുകളിൽ മെല്ലെ തുടങ്ങിയ ഇരുവരും പതിയെ താളം കണ്ടെത്തി. സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയം പിന്നീട് ഇരുവരുടേയും വെടിക്കെട്ടിനാണ് സാക്ഷ്യം വഹിച്ചത്. ആദ്യ ആറ് ഓവറിൽ 70-റൺസ് അടിച്ചെടുത്ത് ഇംഗ്ലണ്ട് അനായാസം വിജയത്തിലേക്ക് കുതിച്ചു.

എന്നാൽ എട്ടാം ഓവറിലെ രണ്ടാം പന്തിൽ ജോസ് ബട്ട്ലറിനെ പുറത്താക്കി കൊണ്ട് വാനിന്ദു ഹസരങ്ക ഓപ്പണിങ്ങ് കൂട്ടുകെട്ട് പൊളിച്ചു. 23 പന്തിൽ നിന്ന് 28 റൺസാണ് ബട്ട്ലർ നേടിയത്. പത്താം ഓവറിൽ അലക്സ് ഹേൽസിനേയും ഹസരങ്ക പുറത്താക്കി. 30 പന്തിൽ നിന്ന് 47 റൺസാണ് ഹേൽസ് അടിച്ചെടുത്തത്.

പിന്നീടിറങ്ങിയ ഹാരി ബ്രൂക്ക്(4), ലിയാം ലിവിങ്സ്റ്റൺ(4), മൊയീൻ അലി(1) എന്നിവർ വേഗത്തിൽ കൂടാരം കയറി. അതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. അവസാന ഓവറുകളിൽ ശ്രീലങ്കൻ ബൗളർമാർ പിടിമുറിക്കിയതോടെ രണ്ട് ഓവറിൽ 13 റൺസായി വിജയലക്ഷ്യം മാറി. എന്നാൽ രണ്ട് പന്ത് ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് വിജയത്തിലെത്തി.

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ശ്രീലങ്ക ഓപ്പണർ പാതും നിസങ്കയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ തകർത്തടിച്ച് തുടങ്ങിയെങ്കിലും അവസാന ഓവറുകളിൽ ഇംഗ്ലീഷ് ബൗളർമാർ എറിഞ്ഞുപിടിക്കുകയായിരുന്നു. 45 പന്തിൽ 67 റൺസെടുത്ത പാതും നിസങ്കയും 22 റൺസെടുത്ത ഭാനുക രജപക്‌സെയും 18 റൺസെടുത്ത കുശാൽ മെൻഡിസും മാത്രമെ ലങ്കൻ നിരയിൽ രണ്ടക്കം കടന്നുള്ളു. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തു.

പവർ പ്ലേ പിന്നിടുമ്പോൾ ലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെടുത്തിരുന്നു. പത്തോവറിൽ 80 റൺസടിച്ച ലങ്കക്ക് അവസാന പത്തോവറിൽ 61 റൺസെ കൂട്ടിച്ചേർക്കാനായുള്ളു. അസലങ്ക(8) നിരാശപ്പെടുത്തിയപ്പോൾ 33 പന്തിൽ അർധസെഞ്ചുറി തികച്ച നിസങ്ക(67) മാത്രമെ പൊരുതിയുള്ളു. 13-ാം ഓവറിൽ ലങ്ക 100ഉം 15 ഓവറിൽ 116ലും എത്തിയ ലങ്കയെ അവസാന ഓവറുകളിൽ സാം കറനും ആദിൽ റഷീദും മാർക്ക് വുഡും ചേർന്ന് വരിഞ്ഞു കെട്ടി. ഇതോടെ അവസാന അഞ്ചോവറിൽ ലങ്കക്ക് 26 റൺസെ നേടാനായുള്ളു. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തു. സാം കറൻ, ആദിൽ റഷീദ്, ക്രിസ് വോക്ക്സ്, ബെൻ സ്റ്റോക്ക്സ് എന്നിവർ ഓരോ വിക്കറ്റെടുത്തു.