മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഒഴിവാക്കിയത് കെ.എല്‍. രാഹുലിനെ ഉള്‍പ്പെടുത്താനെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജു സെഞ്ചറി നേടിയെങ്കിലും ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ താരത്തെ ടീമിലെടുത്തിരുന്നില്ല.

ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ വരുന്നതിനാല്‍ പ്രധാന താരങ്ങളെയെല്ലാം ശ്രീലങ്കയ്‌ക്കെതിരെ കളിപ്പിക്കാനാണ് ബിസിസിഐ ശ്രമിച്ചത്. ഋഷഭ് പന്തും കെ.എല്‍. രാഹുലുമാണ് ഏകദിന ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. ഋഷഭ് പന്തിന് ബാക്ക് അപ്പായി സഞ്ജു വേണ്ടെന്നായിരുന്നു ബിസിസിഐയുടെ നിലപാടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

രാജസ്ഥാന്‍ റോയല്‍സ് യുവതാരം ധ്രുവ് ജുറേലിനെയാണ് രണ്ടാം വിക്കറ്റ് കീപ്പറായി ബിസിസിഐ പരിഗണിച്ചിരുന്നത്. ഈ വര്‍ഷം ആദ്യം നടന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ധ്രുവ് ജുറേലിനെ ടീമിലേക്കു തിരികെയെത്തിക്കാനായിരുന്നു ബിസിസിഐയ്ക്കു താല്‍പര്യം.

കാറപകടത്തില്‍ പരിക്കേല്‍ക്കുന്നതിന് മുമ്പ് മൂന്ന് ഫോര്‍മാറ്റിലും ഋഷഭ് പന്ത് ആയിരുന്നു ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. വിദേശത്ത് അടക്കം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സുപ്രധാന വിജയങ്ങള്‍ സമ്മാനിച്ചിട്ടുള്ള കളിക്കാരനുമാണ് ഋഷഭ് പന്ത്. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ഋഷഭ് പന്തിനെ ഇതുവരെ ടി20 മത്സരങ്ങളില്‍ മാത്രമാണ് കളിപ്പിച്ചത്. ഓസ്‌ട്രേലിയക്കെതിരെ അടക്കം വരാനിരിക്കുന്ന നിര്‍ണായക പരമ്പരകള്‍ കണക്കിലെടുത്ത് തിരിച്ചുവരവിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് ഋഷഭ് പന്തിന് ഏകദിന ടീമിലും ഇപ്പോള്‍ അവസരം നല്‍കിയതെന്നും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു.

ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തിയപ്പോള്‍ സഞ്ജു അടക്കമുള്ള ചില താരങ്ങള്‍ നിര്‍ഭാഗ്യം കൊണ്ട് പുറത്തായി. എന്നാല്‍ ഇപ്പോള്‍ ടീമിലെത്തിയ താരങ്ങള്‍ ലഭിക്കുന്ന അവസരങ്ങളില്‍ മികവ് കാട്ടിയാല്‍ മാത്രമെ അവര്‍ക്ക് ടീമിലെ സ്ഥാനം നിലനിര്‍ത്താനാവു. കാരണം, പറ്റിയ പകരക്കാര്‍ പുറത്തുണ്ട്. പുറത്തു നില്‍ക്കുന്നവരോട് പറയാനുള്ളത് മികച്ച പ്രകടനം തുടരണമെന്നാണെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

ട്വന്റി20 പരമ്പരയില്‍ സഞ്ജു സാംസണാണ് ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പര്‍. പക്ഷേ ഋഷഭ് പന്തിനെ പിന്തള്ളി സഞ്ജു മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ കളിക്കാന്‍ സാധ്യതയില്ല. സ്‌പെഷലിസ്റ്റ് ബാറ്ററായി പരിഗണിക്കുകയാണെങ്കില്‍ മലയാളി താരത്തിന് ഒരുപക്ഷേ അവസരം ലഭിച്ചേക്കും. ഏകദിന പരമ്പരയില്‍ പന്തിനു പകരക്കാരനായി ബിസിസിഐ സഞ്ജുവിനെ പരിഗണിച്ചില്ല. കെ.എല്‍. രാഹുല്‍ രണ്ടാം വിക്കറ്റ് കീപ്പറായാണു ഏകദിനത്തില്‍ കളിക്കുക. സഞ്ജുവിനെപ്പോലെ തന്നെ രാഹുലിനെയും സ്‌പെഷലിസ്റ്റ് ബാറ്ററായി ഉപയോഗിക്കാന്‍ സാധിക്കും.

2026ലെ ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ട് ട്വന്റി20 ക്രിക്കറ്റില്‍ യുവതാരങ്ങളെയാണ് ബിസിസിഐ ഇനി കൂടുതലായി കളിപ്പിക്കുക. ഈ സാഹചര്യത്തില്‍ രാഹുലിനെ ഇനി ട്വന്റി20 ടീമിലെടുക്കാന്‍ സാധ്യത കുറവാണ്. ഐപിഎല്‍ സീസണിലെ മോശം പ്രകടനത്തിനു പിന്നാലെ, ട്വന്റി20 ലോകകപ്പിലും സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലും രാഹുലിനെ ബിസിസിഐ കളിപ്പിച്ചിരുന്നില്ല.