ഗോൾ: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ അമ്പത് വിക്കറ്റുകൾ തികയ്ക്കുന്ന സ്പിന്നർ എന്ന ചരിത്ര നേട്ടത്തിൽ ശ്രീലങ്കൻ യുവതാരം പ്രബത് ജയസൂര്യ. വെസ്റ്റ് ഇൻഡീസ് സ്പിന്നർ ആൽഫ് വാലന്റീനിന്റെ 72 വർഷം പഴക്കമുള്ള റെക്കോർഡാണ് പ്രബത് തകർത്തത്.

ഗോളിൽ അയർലൻഡിന് എതിരായ രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനം സ്റ്റാർ ബാറ്റർ പോൾ സ്റ്റിർലിങിനെ പുറത്താക്കിയാണ് ഇടംകൈയൻ സ്പിന്നറായ പ്രബത് ജയസൂര്യയുടെ റെക്കോർഡ് നേട്ടം. വെറും ഏഴ് ടെസ്റ്റുകളിലെ 13 ഇന്നിങ്‌സുകളിൽ നിന്ന് പ്രബത് റെക്കോർഡിലെത്തി.

എട്ട് ടെസ്റ്റിലും 15 ഇന്നിങ്സിലും 50 വിക്കറ്റ് തികച്ചായിരുന്നു വിൻഡീസ് താരം നേരത്തെ റെക്കോർഡ് കൈവശമാക്കിയിരുന്നത്. 1951-ലാണ് താരം ഈ റെക്കോഡ് സ്വന്തമാക്കിയത്.

50 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി ഇതോടെ ജയസൂര്യ. ഓസീസ് മുൻ താരം ചാർലി ടർണറുടെ പേരിലാണ് ലോക റെക്കോർഡ്. തന്റെ ആറാം ടെസ്റ്റിലെ 10 ഇന്നിങ്സുകളിൽ ടർണർ അമ്പത് വിക്കറ്റ് എന്ന നാഴികക്കല്ലിലെത്തി. ഇംഗ്ലണ്ടിന്റെ ടോം റിച്ചാർഡ്സൺ, സൗത്ത് ആഫ്രിക്കയുടെ വെറോൺ ഫിലാൻഡർ എന്നീ പേസ് ബൗളർമാർ ഏഴ് ടെസ്റ്റിൽ നിന്ന് 50 വിക്കറ്റ് നേടിയിട്ടുണ്ട്.

അയർലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനമാണ് ജയസൂര്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇന്നിങ്സിൽ അഞ്ചുവിക്കറ്റ് വീഴ്‌ത്തിയ താരം ടെസ്റ്റ് കരിയറിലെ അഞ്ചാം അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു. മത്സരത്തിൽ ശ്രീലങ്ക ഇന്നിങ്സിനും 10 വിക്കറ്റിനും വിജയിച്ചു. രണ്ട് ഇന്നിങ്സിൽ നിന്നുമായി ജയസൂര്യ ഏഴ് വിക്കറ്റ് വീഴ്‌ത്തി. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ശ്രീലങ്ക തൂത്തുവാരി.

മത്സരം ശ്രീലങ്ക ഇന്നിങ്സിനും 10 റൺസിനും ജയിച്ചപ്പോൾ പ്രബത് ജയസൂര്യയായിരുന്നു കളിയിലെ താരം. നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 492 റൺസ് നേടി. മത്സരത്തിൽ സെഞ്ചുറി നേടിയ പോൾ സ്റ്റിർലിംഗും(103), കർട്ടിസ് കാംഫെറും(111) ആണ് അയർലൻഡിന് മികച്ച സ്‌കോറൊരുക്കിയത്.

മറുപടി ബാറ്റിംഗിൽ ലങ്ക 704-3 എന്ന കൂറ്റൻ സ്‌കോറിലാണ് ഡിക്ലെയർ ചെയ്തത്. നിഷാൻ മധുശനകയും(205), കുശാൽ മെൻഡിസും(245) ഇരട്ട സെഞ്ചുറി നേടിയപ്പോൾ നായകൻ ദിമുത് കരുണരത്‌നെയും(115), ഏയ്ഞ്ചലോ മാത്യൂസ് പുറത്താവാതെ 100* നേടി. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ അയർലൻഡിനെ 202ൽ ചുരുട്ടിക്കെട്ടി ലങ്ക ജയം നേടുകയായിരുന്നു. മത്സരത്തിൽ പ്രബത് ജയസൂര്യ ഏഴ് വിക്കറ്റ് നേടി.