സിഡ്നി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ നിർണായക പോരാട്ടത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് എതിരെ 168 റൺസ് വിജയലക്ഷ്യം കുറിച്ച് ന്യൂസീലൻഡ്. മുൻനിര തകർന്നിട്ടും സെഞ്ചുറിയുമായി ഒറ്റയ്ക്ക് നിന്ന് പൊരുതിയ ഗ്ലെൻ ഫിലിപ്സാണ് കിവീസിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്. ഫിലിപ്സ് 64 പന്തിൽ 104 റൺസെടുത്തു. ആദ്യം ബാറ്റുചെയ്ത ന്യൂസീലൻഡ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 167 റൺസെടുത്തത്.

തുടക്കത്തിൽ 13 റണ്ണിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ശേഷമാണ് കിവികളുടെ തിരിച്ചുവരവ്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസീലൻഡിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. നിർണായക ജയം വേണ്ട മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ ന്യൂസിലൻഡിന് പ്രഹരം നൽകിയാണ് ലങ്ക തുടങ്ങിയത്.

ഇന്നിങ്സിലെ നാലാം പന്തിൽ മഹീഷ് തീഷ്ണ, ഫിൻ അലനെ(3 പന്തിൽ 1) ബൗൾഡാക്കി. ഒരോവറിന്റെ ഇടവേളയിൽ സഹഓപ്പണർ ദേവോൺ കോൺവേയെയും(4 പന്തിൽ 1) ലങ്ക വീഴ്‌ത്തി. ധനഞ്ജയ ഡിസിൽവയ്ക്കായിരുന്നു വിക്കറ്റ്. അടുത്ത ഓവറിൽ നായകൻ കെയ്ൻ വില്യംസണും(13 പന്തിൽ 8) വീണു. കാസുൻ രജിതയാണ് ക്യാപ്റ്റനെ മടക്കിയത്. ഇതോടെ 3.6 ഓവറിൽ മൂന്ന് വിക്കറ്റിന് 15 റൺസ് എന്ന നിലയിൽ കിവികൾ പരുങ്ങി.

എന്നാൽ നാലാമനായി ഇറങ്ങിയ ഗ്ലെൻ ഫിലിപ്സ് ഡാരിൽ മിച്ചലിനെ കൂട്ടിപിടിച്ച് ഇന്നിങ്സ് മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 64 പന്തിൽ നിന്ന് 84 റൺസ് അടിച്ചെടുത്തു. ഫിലിപ്സാണ് ആക്രമിച്ച് കളിച്ചത്. എന്നാൽ ടീം സ്‌കോർ 99-ൽ നിൽക്കേ മിച്ചലിനെ പുറത്താക്കി വാനിന്ജു ഹസരംഗ ഈ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തിൽ നിന്ന് 22 റൺസാണ് മിച്ചലിന്റെ സമ്പാദ്യം.

പിന്നാലെ വന്ന ഓൾറൗണ്ടർ ജെയിംസ് നീഷാമിനും (5) പിടിച്ചുനിൽക്കാനായില്ല. പിന്നീട് ക്രീസിലെത്തിയ മിച്ചൽ സാന്റ്നറെ കൂട്ടുപിടിച്ച് ഫിലിപ്സ് സെഞ്ചുറി തികച്ചു. 18-ാം ഓവറിലെ അഞ്ചാം പന്തിൽ ബൗണ്ടറി നേടിക്കൊണ്ട് ഫിലിപ്സ് മൂന്നക്കം കണ്ടെത്തി. വെറും 61 പന്തിലാണ് താരം സെഞ്ചുറിയടിച്ചത്. ടൂർണമെന്റിൽ പിറക്കുന്ന രണ്ടാം സെഞ്ചുറിയാണിത്.

അവസാന ഓവറിലെ നാലാം പന്തിൽ ഫിലിപ്സ് പുറത്തായി. 64 പന്തിൽ നിന്ന് 104 റൺസെടുത്ത ഫിലിപ്സിനെ ലാഹിരു കുമാര പുറത്താക്കി. 10 ഫോറും നാല് സിക്സും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. അടുത്ത പന്തിൽ പുതുതായി ക്രീസിലെത്തിയ ഇഷ് സോധി റൺ ഔട്ടായി. സാന്റ്നറും (11) ടിം സൗത്തിയും (4) പുറത്താവാതെ നിന്നു.

ശ്രീലങ്കയ്ക്കായി കസുൻ രജിത നാലോവറിൽ വെറും 23 റൺസ് മാത്രം വഴങ്ങി രണ്ടുവിക്കറ്റെടുത്തു. മഹീഷ് തീക്ഷണ, ധനഞ്ജയ ഡി സിൽവ, വാനിന്ദു ഹസരംഗ, ലാഹിരു കുമാര എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.