ഇൻഡോർ: നീണ്ട ഇടവേളയ്ക്ക് ശേഷം സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയെ നയിക്കാനിറങ്ങുന്നു. ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസിനെ സ്മിത്ത് നയിക്കും. സ്ഥിരം നായകൻ പാറ്റ് കമ്മിൻസ് രണ്ടാം ടെസ്റ്റിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയിരുന്നു. താരം മൂന്നാം ടെസ്റ്റിന് മുൻപ് തിരിച്ചെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. മാർച്ച് ഒന്ന് മുതൽ ഇൻഡോറിലാണ് മൂന്നാം ടെസ്റ്റ്.

അടുത്ത കുടുംബാംഗത്തിന് അസുഖം ഗുരുതരമായ സാഹചര്യത്തിലായിരുന്നു പാറ്റ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങിയത്. താരം മൂന്നാം ടെസ്റ്റിന് മുൻപ് തിരിച്ചെത്തില്ലെന്ന് ഉറപ്പായി. ഇതോടെയാണ് മുൻ നായകനെ താത്കാലികമായി ചുമതല ഏൽപ്പിച്ചത്.കുടുംബത്തിനൊപ്പം നിൽക്കേണ്ടത് അനിവാര്യമാണ്. അതിനാൽ ഇപ്പോൾ ഇന്ത്യയിലേക്കില്ല.

തന്റെ സാഹചര്യം മനസിലാക്കി അതിന് പിന്തുണ നൽകിയ ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതർക്കും ടീം അംഗങ്ങൾക്കും നന്ദി പറയുന്നതായി പാറ്റ് കമ്മിൻസ് വ്യക്തമാക്കി. ഇൻഡോറിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. അഹമ്മദാബാദിൽ നടക്കുന്ന നാലാം ടെസ്റ്റിൽ കമ്മിൻസ് ടീമിനൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോഴും താരം വന്നില്ലെങ്കിൽ സ്മിത്ത് തന്നെയായിരിക്കും ക്യാപ്റ്റൻ.

2014 മുതൽ 2018 വരെ ഓസീസിനെ ടെസ്റ്റിൽ നയിച്ച ക്യാപ്റ്റനാണ് സ്മിത്ത്. 34 ടെസ്റ്റുകളിൽ അദ്ദേഹം ഓസീസ് നായകനായി. പിന്നീട് പന്ത് ചുരണ്ടൽ വിവാദത്തിൽപ്പെട്ട് നായക സ്ഥാനവും ഒരു വർഷത്തോളം ടീമിലെ സ്ഥാനവും അദ്ദേഹത്തിന് നഷ്ടമായിരുന്നു. പിന്നീട് വിലക്ക് മാറി തിരിച്ചെത്തിയ അദ്ദേഹത്തെ 2021ൽ ഓസീസ് ടീമിന്റെ വൈസ് ക്യാപ്റ്റനായി അവരോധിച്ചിരുന്നു.

പാറ്റ് കമ്മിൻസിന്റെ അഭാവം ഓസീസ് ബൗളിങിന് ക്ഷീണമുണ്ടാക്കും. അതേസമയം പരിക്ക് മാറി മിച്ചൽ സ്റ്റാർക്ക് ഇൻഡോറിൽ കളിക്കാനിറങ്ങുന്നതാണ് ഓസ്ട്രേലിയക്ക് ആശ്വാസമാകുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ട ഓസ്ട്രേലിയക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും നിർണായകമാണ്.