- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
ചെന്നൈ: ഐ.പി.എല്ലിന്റെ റെക്കോഡ് ബുക്കിൽ സ്വന്തം പേര് എഴുതി ചേർത്ത് ലഖ്‌നോ സൂപ്പർ ജയന്റ്‌സിന്റെ ഓസീസ് ഓൾ റൗണ്ടർ മാർക്കസ് സ്റ്റോണിസ്. 63 പന്തിൽ 124 റൺസെടുത്ത സ്റ്റോണിസാണ് ലഖ്‌നോവിനെ ലക്ഷ്യത്തിലെത്തിച്ചത്. ആറു സിക്‌സുകളും 13 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ അപരാജിത ഇന്നിങ്‌സ്.
ഐ.പി.എല്ലിന്റെ ചരിത്രത്തിൽ റൺ ചേസിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണ് സ്റ്റോണിന്റെ ഇന്നിങ്‌സിലൂടെ ചെപ്പോക്കിൽ പിറന്നത്. 2011ൽ ചെന്നൈക്കെതിരെ പഞ്ചാബ് കിങ്‌സ് മുൻ താരം പോൾ വാൽത്താട്ടി കുറിച്ച അപരാജിത 120 റൺസ് പ്രകടനമാണ് ഇതോടെ പഴങ്കഥയായത്. ചെന്നൈയിൽ ഒരു ഐ.പി.എൽ ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്‌കോറുമാണിത്. ചെന്നൈ ഉയർത്തിയ വലിയ വിജയലക്ഷ്യം മൂന്നു പന്തുകൾ ബാക്കിനിൽക്കെയാണ് ലഖ്‌നോ മറികടന്നത്.
അഞ്ചു ദിവസത്തിനിടെ ചെന്നൈക്കെതിരെ ലഖ്‌നോവിന്റെ രണ്ടാമത്തെ ജയമാണിത്. ചെപ്പോക്കിന്റെ മണ്ണിൽ ലഖ്‌നോവിന്റെ ആദ്യ ജയവും. സ്റ്റോയിനിസിനെ മൂന്നാം നമ്പറിൽ ബാറ്റിങ്ങിന് ഇറക്കാനുള്ള ലഖ്‌നോ നായകൻ കെ.എൽ. രാഹുലിന്റെ തീരുമാനവും നിർണായകമായി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക് വാദിന്റെ (60 പന്തിൽ 108 നോട്ടൗട്ട്) അപരാജിത സെഞ്ച്വറി പ്രകടനം പാഴായി. അവസാന ഓവറിൽ 17 റൺസാണ് ലഖ്‌നോവിന് ജയിക്കാൻ വേണ്ടിയിരുന്നത്. മുസ്താഫിസുറിന്റെ പന്തുകൾ തുടർച്ചയായി അതിർത്തി കടത്തിയ സ്റ്റോയിനിസ് കൊടുങ്കാറ്റായപ്പോൾ ജയം ലഖ്‌നോക്കൊപ്പം നിന്നു.
ഐ.പി.എൽ റൺ ചേസിലെ ഉയർന്ന വ്യക്തിഗത സ്‌കോർ;
1. മാർക്കസ് സ്റ്റോണിസ് (ലഖ്‌നോ) -ചെന്നൈക്കെതിരെ 124 റൺസ് നോട്ടൗട്ട് (2024)
2. പോൾ വാർത്താട്ടി (പഞ്ചാബി കിങ്‌സ്) -ചെന്നൈക്കെതിരെ 120 റൺസ് നോട്ടൗട്ട് (2011)
3. വീരേന്ദർ സെവാഗ് (ഡൽഹി) -ഡെക്കാൻ ചാർജേഴ്‌സിനെതിരെ 119 റൺസ് (2011)
4. സഞ്ജു സാംസൺ (രാജസ്ഥാൻ) -പഞ്ചാബിനെതിരെ 119 റൺസ് (2021)
5. ഷെയിൻ വാട്‌സൺ (ചെന്നൈ) -ഹൈദരാബാദിനെതിരെ 117 റൺസ് (2018)