- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ സെഞ്ച്വറി സഞ്ജുവിന്റെ കരിയർ മാറ്റിമറിക്കും; ആത്മവിശ്വാസം വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ അവസരങ്ങൾ ലഭിക്കും; മികച്ച ഷോട്ട് സെലക്ഷനാണ് ഇന്നിങ്‌സിന്റെ പ്രത്യേകത; സഞ്ജുവിന്റെ സെഞ്ച്വറിയെ പുകഴ്ത്തി സുനിൽ ഗവാസ്ക്കർ; തട്ടുതകർപ്പനിൽ നിന്നും കരുതലെടുത്തുള്ള സഞ്ജുവിന്റേത് മികച്ച ഏകദിന ഇന്നിങ്സ്
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിനത്തിൽ കന്നി സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസതാരം സുനിൽ ഗവാസ്‌കർ. സഞ്ജുവിന്റെ കരിയർ മാറ്റി മറിക്കുന്നതായിരിക്കും ഈ സെഞ്ച്വറിയെന്ന് ഗവാസ്‌കർ പറയുന്നു. മികച്ച ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ ഇന്നിങ്‌സിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
''മുൻ മത്സരങ്ങളിൽ മികച്ച തുടക്കം ലഭിച്ചിട്ടും പുറത്താവുകയായിരുന്നു സഞ്ജു. എന്നാൽ ഇത്തവണ വീഴ്ച വരുത്തിയില്ല. അദ്ദേഹം തനിക്ക് കിട്ടിയ അവസരം മുതലെടുത്തു. മോശം പന്തുകൾക്കായി കാത്തിരുന്ന് സെഞ്ച്വറി പൂർത്തിയാക്കി. ഈ സെഞ്ച്വറി സഞ്ജുവിന്റെ കരിയർ മാറ്റിമറിക്കും. ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്. സെഞ്ച്വറി കാരണം കൂടുതൽ അവസരങ്ങൾ ലഭിക്കും. '' - സുനിൽ ഗാവസ്‌കർ പറഞ്ഞു.
114 പന്തിൽ മൂന്ന് സിക്‌സും ആറു ഫോറുമുൾപ്പെടെ 108 റൺസാണ് സഞ്ജു നേടിയത്. സഞ്ജുവിന്റെ ബാറ്റിങ് മികവിൽ 296 റൺസെടുത്ത ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 218 റൺസെടുക്കാനേ കഴിഞ്ഞുള്ളു. 78 റൺസിന്റെ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. സഞ്ജു സാംസൺ തന്നെയായിരുന്നു കളിയിലെ താരം.
തന്റെ പതിവു ശൈലി മാറ്റിയാണ് സഞ്ജു സാംസൺ ഏകജിനത്തിൽ സെഞ്ച്വറി തികച്ചത്. വിമർശകർക്കും തന്നെ ടീമിൽ നിന്ന് തഴഞ്ഞവർക്കെല്ലാവർക്കുമുള്ള മറുപടി ആ സെഞ്ച്വറിയിൽ ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ബോളണ്ട് പാർക്കിൽ സഞ്ജു സാംസണിന്റെ സെഞ്ചുറിക്ക് അങ്ങനെ പല മാനങ്ങളുമുണ്ട്. രാജ്യത്തിനായുള്ള കന്നി സെഞ്ചുറി മാത്രമായിരുന്നില്ല. വർഷങ്ങളായി തുടരുന്ന അവഗണനകൾക്കും കളിയാക്കലുകൾക്കും സഞ്ജു ബാറ്റ് കൊണ്ട് ഉത്തരം നൽകി. അത് കൃത്യവും വ്യക്തവുമായിരുന്നു.
സെഞ്ചുറിക്ക് പിന്നാലെ ഐപിഎൽ ടീമായ രാജസ്ഥാന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. 'സഞ്ജു കംബാക്ക് സാംസൺ'. സഞ്ജുവിന്റെ പ്രകടനത്തെ യഥാർഥത്തിൽ അടിവരയിടുന്ന വാക്കുകൾ. അഭിനന്ദനങ്ങൾകൊണ്ട് രാജസ്ഥാൻ പിന്നേയും തങ്ങളുടെ നായകന്റെ സെഞ്ചുറി ആഘോഷമാക്കി. 'ചേട്ടൻസ് മെയ്ഡൻ ഛഉക സെഞ്ചുറി' എന്നായിരുന്നു അടുത്ത പോസ്റ്റ്. സെഞ്ചുറി നേടുന്ന വീഡിയോയും ടീം പങ്കുവെച്ചു. ഈ ദിവസം അയാൾ കാലങ്ങളോളം ഓർത്തുവെയ്ക്കും എന്നായിരുന്നു ക്യാപ്ഷൻ.
പ്രോട്ടീസിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിലാണ് സഞ്ജു പക്വതയോടെ ബാറ്റേന്തിയത്. അഞ്ചാം ഓവറിൽ ടീം 34-ൽ നിൽക്കേ രജത് പാട്ടിദാറിനെ ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ ക്രീസിലിറങ്ങിയ സഞ്ജു ക്ഷമയോടെ ബാറ്റേന്തി. മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ശാന്തത കൈവെടിയാതെ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. അനാവശ്യ ഷോട്ടുകൾ കളിച്ച് വിക്കറ്റ് കളയുന്നവനെന്നും ക്ഷമയില്ലാത്തവനെന്നുമുള്ള എല്ലാ വിമർശനങ്ങളേയും സഞ്ജു ഈ ഇന്നിങ്സുകൊണ്ട് തട്ടിത്തെറിപ്പിച്ചു. സെഞ്ചുറി കുറിച്ച സഞ്ജു ഇനി ഏകദിനത്തിൽ ടീമിന് താൻ മുതൽക്കൂട്ടാണെന്ന പ്രഖ്യാപനവുമായാണ് മടങ്ങിയത്.
സെഞ്ചുറി നേടിയതിനു പിന്നാലെ തന്റെ മസിൽ കാണിച്ചുള്ള സഞ്ജുവിന്റെ ആ ആഘോഷം ഒരു ഉറച്ച മനസിൽ നിന്നുള്ളതാണ്. എഴുതിത്ത്തള്ളാൻ തുടങ്ങിയവർക്കുള്ള മറുപടിയാണ്. ഷോട്ടുകൾ കളിക്കുമ്പോഴുള്ള ആശയക്കുഴപ്പമാണ് പലപ്പോഴും സഞ്ജുവിന് വിക്കറ്റ് നഷ്ടപ്പെടുത്താറുള്ളത്. സ്ലോട്ടിൽ കിട്ടുന്ന പന്താണെങ്കിലും അത് സിക്സറടിക്കണോ അതോ ശ്രദ്ധയോടെ കളിക്കണോ എന്ന് സഞ്ജു ചിന്തിക്കുന്നത് പന്ത് അടുത്തെത്തിയ ശേഷമാണെന്ന് ചിലരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാനാകില്ല.
രണ്ടാം മത്സരത്തിൽ ഇത്തരത്തിൽ പകുതി മനസോടെ കളിച്ച ഒരു ഷോട്ടിലാണ് സഞ്ജു പന്തിനെ വിക്കറ്റിലേക്ക് എടുത്തിട്ടത്. എന്നാൽ ഇവിടെ അത്തരം ആശയക്കുഴപ്പങ്ങൾക്കൊന്നും ഇടനൽകിയില്ല അദ്ദേഹം. ഓരോ പന്തും എങ്ങനെ കളിക്കണമെന്ന കൃത്യമായ ധാരണയോടെയുള്ള ഇന്നിങ്സ്. ഇതോടെ മികച്ച ഏകദിന ഇന്നിങ്‌സുകളിൽ ഒന്നായി മാറുകയും ചെയ്തു.
സ്പോർട്സ് ഡെസ്ക്