മുംബൈ: രഞ്ജി ട്രോഫിയിൽ മിന്നും സെഞ്ചുറികളുമായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തിട്ടും മുംബൈ ക്രിക്കറ്റ് താരം സർഫറാസ് ഖാനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. മെലിഞ്ഞ ആളുകളെ മാത്രമാണു സിലക്ടർമാർക്കു വേണ്ടതെങ്കിൽ ക്രിക്കറ്റ് കളിക്കാൻ മോഡലുകളെ തിരഞ്ഞെടുക്കണമെന്ന് ഗാവസ്‌കർ തുറന്നടിച്ചു. സർഫറാസ് സെഞ്ചറികൾ നേടിയ ശേഷവും കളിക്കുന്നുണ്ടെന്നും ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്‌നസ് ഉണ്ടെന്നും ഗാവസ്‌കർ പറഞ്ഞു.

മാച്ച് ഫിറ്റല്ലെന്ന കാരണം നിരത്തിയാണ് സെലക്ടർമാർ സർഫറാസിനെ പരിഗണിക്കാത്തത് എന്നാണ് വിവരം. ഇതിനെതിരെയാണ് ഗവാസ്‌കർ ആഞ്ഞടിച്ചത്. കഴിഞ്ഞ ഏതാനും സീസണുകളായി അവിശ്വസനീയ ഫോമിലാണ് സർഫറാസ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 80നടുത്താണ് താരത്തിന്റെ ശരാശരി. കഴിഞ്ഞ മൂന്ന് ആഭ്യന്തര സീസണുകളിൽ നിന്നായി 2441 റൺസാണ് സർഫറാസ് സ്‌കോർ ചെയ്തിരിക്കുന്നത്. ഏറ്റവുമൊടുവിലെ മത്സരത്തിലും സെഞ്ച്വറി നേട്ടവുമായി മുംബൈ ബാറ്റിങ്ങിന്റെ നട്ടെല്ലായി തുടരുന്ന താരത്തെ അവഗണിക്കുന്ന ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ടർമാർ ഇതിലും നല്ലത് ഫാഷൻ ഷോക്ക് പോകുന്നതാണെന്ന് ഗവാസ്‌കർ കുറ്റപ്പെടുത്തി.

''സെഞ്ച്വറിത്തിളക്കവുമായി നിൽക്കുന്ന അയാൾ കളത്തിനു പുറത്തല്ല. വീണ്ടും വീണ്ടും താരം മൈതാനത്തെത്തുന്നു. അയാൾ ക്രിക്കറ്റ് കളിക്കാൻ തികഞ്ഞവനാണെന്ന് ഇതൊക്കെയും പറയുന്നു. മെലിഞ്ഞ, വടിവൊത്തവരെ മാത്രമാണ് വേണ്ടതെങ്കിൽ ഫാഷൻ ഷോക്ക് പോകുന്നതാണ് നല്ലത്. കുറച്ചു മോഡലുകളെ തെരഞ്ഞുപിടിച്ച് അവരെ ബാറ്റ് ഏൽപിക്കണം. അവരുടെ കൈക്ക് പാകമായി പന്തെറിഞ്ഞുകൊടുക്കുകയും വേണം. എന്നിട്ട് ടീമിലെടുക്കാം. ക്രിക്കറ്റർമാർ എല്ലാ രൂപത്തിലും വലിപ്പത്തിലുമുണ്ടാകും. വലിപ്പം നോക്കി പ്രശ്‌നമാക്കരുത്. റൺസും വിക്കറ്റുമാണ് പരിഗണിക്കേണ്ടത്''- ഒരു സ്പോർട്സ് മാധ്യമത്തോടു ഗാവസ്‌കർ പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ഇടം കിട്ടാതായതോടെ താൻ കരഞ്ഞുപോയെന്ന് സർഫറാസ് ഖാൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ''ടീം പ്രഖ്യാപിച്ച ദിവസം മുഴുവൻ ഞാൻ ദുഃഖത്തിലായിരുന്നു. ഞങ്ങൾ ഗുവാഹത്തിയിൽനിന്ന് ഡൽഹിയിലേക്കു പോകുമ്പോൾ ഞാൻ വലിയ ഒറ്റപ്പെടലാണ് അനുഭവിച്ചത്. ശരിക്കും കരഞ്ഞുപോയി.'' എന്നായിരുന്നു സർഫറാസിന്റെ പ്രതികരണം.പിതാവാണ് അന്ന് തുണയായത്. അതോടെ, വീണ്ടും പരിശീലനം ആരംഭിച്ചു.

നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ടീമാണ് പ്രഖ്യാപിച്ചത്. ഇനിയുള്ള രണ്ടു കളികൾക്കു കൂടി ടീമിനെ പ്രഖ്യാപിക്കാനുണ്ട്. ടെസ്റ്റ് ബാറ്റിങ് ശരാശരിയിൽ ഇതിഹാസതാരം ഡോൺ ബ്രാഡ്മാൻ മാത്രമാണ് സർഫറാസ് ഖാന് മുന്നിലുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 82.83 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. ബ്രാഡ്മാന്റെത് 95.14ഉം.

തുടർച്ചയായ രഞ്ജി ട്രോഫി സീസണുകളിൽ 900നു മുകളിൽ റൺ എടുത്ത താരമാണ്. കഴിഞ്ഞ സീസണിൽ 928 റൺസ് സ്വന്തമാക്കിയ താരം ഈ സീസണിൽ ഇതുവരെ 937 റൺസ് നേടിയിട്ടുണ്ട്. മുമ്പ് അജയ് ശർമയും വസീം ജാഫറുമാണ് രഞ്ജിയിൽ ഒന്നിലേറെ സീസണിൽ 900നു മുകളിൽ റൺസ് നേടിയവർ.

രോഹിത് നായകനും കെ.എൽ രാഹുൽ ഉപനായകനുമായ ടെസ്റ്റ് ടീമിൽ ശുഭ്മാൻ ഗിൽ, പൂജാര, കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എസ് ഭരത്, ഇശാൻ കിഷൻ, ആർ. അശ്വിൻ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്കട്ട്, സൂര്യകുമാർ യാദവ് എന്നിവരാണുള്ളത്.