ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനു കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ലക്‌നൗ സൂപ്പർ ജയന്റ്‌സ്. ഹൈദരാബാദ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 19.2 ഓവറിൽ ലക്‌നൗ മറികടന്നു. ആറാം ജയത്തോടെ 13 പോയിന്റുമായി ലക്‌നൗ നാലാം സ്ഥാനത്തേക്കു കുതിച്ചതോടെ രാജസ്ഥാൻ അഞ്ചാം സ്ഥാനത്തേക്ക് വീണു.

47 റൺസ് നേടിയ ഹെന്റിച്ച് ക്ലാസൻ, 37 റൺസെടുത്ത അബ്ദുൾ സമദ് എന്നിവർ ചേർന്നാണ് സൺറൈസേഴ്‌സിനെ മുന്നോട്ട് നയിച്ചത്. രണ്ട് വിക്കറ്റുകളുമായി ക്രുനാൽ പാണ്ഡ്യ ലഖ്‌നൗവിനായി മികവ് കാട്ടി. മറുപടി ബാറ്റിംഗിൽ അർധ സെഞ്ചുറി നേടിയ പ്രേരക് മങ്കാദ് (64) ആണ് ലഖ്‌നൗവിന്റെ തീപ്പൊരിയായത്. മാർക്കസ് സ്റ്റോയിനിസ് (40), നിക്കോളാസ് പുരാൻ (44) എന്നിവർ അത് ആളിക്കത്തിച്ചു.

പവർ പ്ലേ ഓവറുകളിൽ സ്‌കോർ കണ്ടെത്താൻ ബുദ്ധിമുട്ടിയ ലക്‌നൗവിന് വൺഡൗണായിറങ്ങിയ പ്രേരക് മങ്കാദിന്റെ അർധ സെഞ്ചറിയാണു തുണയായത്. 45 പന്തുകൾ നേരിട്ട പ്രേരക് 64 റൺസെടുത്തു പുറത്താകാതെനിന്നു. പവർ പ്ലേയിലെ 14 പന്തുകൾ നേരിട്ട കൈൽ മേയർസ് രണ്ട് റൺസെടുത്തു മടങ്ങി. ഗ്ലെൻ ഫിലിപ്‌സിന്റെ പന്തിൽ എയ്ഡൻ മർക്‌റാം ക്യാച്ചെടുത്താണു മേയർസിനെ പുറത്താക്കിയത്.

വലിയ വിജയ ലക്ഷ്യത്തിനു മുന്നിൽ നേരത്തേ ബാറ്റിങ്ങിന് ഇറങ്ങിയ മാർകസ് സ്റ്റോയ്‌നിസും തിളങ്ങി. 25 പന്തുകളിൽനിന്ന് സ്റ്റോയ്‌നിസ് അടിച്ചെടുത്തത് 40 റൺസ്. നേരിട്ട 13 പന്തിൽ ഏഴും ബൗണ്ടറി കടത്തിയ നിക്കോളാസ് പുരാനും തകർത്തുകളിച്ചതോടെ നാലു പന്തുകൾ ബാക്കി നിൽക്കെ ലക്‌നൗ വിജയത്തിലെത്തി. 44 റൺസടിച്ച പുരാൻ നാല് ഫോറും മൂന്നു സിക്‌സുമാണു നേടിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്‌സിന് ഓപ്പണിങ് വിക്കറ്റിൽ അധികം റൺസ് കൂട്ടിച്ചേർക്കാനായില്ല. യുധ്‌വീർ സിങ് അഭിഷേക് ശർമ്മയെ തിരികെ പറഞ്ഞയച്ചു. പിന്നാലെ അന്മോൽപ്രീത് സിംഗും രാഹുൽ ത്രിപാഠിയും ചേർന്ന് ലഖ്‌നൗിനെ കുഴപ്പിക്കുമെന്ന് കരുതിയെങ്കിലും കൃത്യസമയത്ത് യഷ് താക്കൂർ ഇടപെട്ടു. ഒരിക്കൽ കൂടെ ത്രിപാഠിക്ക് നന്നായി തുടങ്ങിയ ശേഷം ഇന്നിങ്‌സ് കെട്ടിപ്പടുക്കാൻ സാധിച്ചില്ല. 13 പന്തിൽ 20 റൺസായിരുന്നു ത്രിപാഠി നേടിയത്.

നായകൻ ഏയ്ഡൻ മർക്രാമിനൊപ്പം അന്മോൽപ്രീത് മികവോടെ മുന്നോട്ട് പോകുമ്പോൾ അനുഭവ സമ്പത്തുമായെത്തിയ അമിത് മിശ്ര യുവതാരത്തെ മടക്കി. ഇതിനകം അന്മോൽപ്രീത് 27 പന്തിൽ 36 റൺസ് നേടിയിരുന്നു. വിക്കറ്റുകൾ ഇടയ്ക്കിടെ വീഴുന്നുണ്ടെങ്കിലും റൺറേറ്റ് കുറയാതിരിക്കാൻ സൺറൈസേഴ്‌സ് ബാറ്റർമാർ ശ്രദ്ധിച്ചിരുന്നു. നല്ല രീതിയിൽ തുടങ്ങിയ മർക്രാമിനും ഏറെ നേരം പിടിച്ച് നിൽക്കാനായില്ല.

ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ബൗൾ ചെയ്ത ക്രുനാൽ പാണ്ഡ്യയുടെ ടേൺ മനസിലാക്കുന്നതിൽ മർക്രാമിന് പിഴച്ചപ്പോൾ സ്റ്റംമ്പ് ചെയ്യാൻ ഡിക്കോക്കിന് അധികം സമയം വേണ്ടിയിരുന്നില്ല. തൊട്ടടുത്ത പന്തിൽ ഗ്ലെൻ ഫിലിപ്‌സിന്റെ വിക്കറ്റുകൾ കടപുഴക്കി ക്രുനാൽ വീണ്ടും ആഞ്ഞടിച്ചു. വൻ തിരിച്ചടി ടീം നേരിട്ടപ്പോൾ ക്ലാസനും അബ്ദുൾ സമദും ചേർന്ന് അതിനെ തടുത്ത് നിർത്തി. അവസാന ഓവറുകളിൽ വമ്പനടിക്ക് ശ്രമിച്ച ക്ലാസനെ ആവേശ് ഖാൻ പുറത്താക്കി. സമദിനും അവസാന ഓവർ വിചാരിച്ച പോലെ കത്തിക്കാനാകാതെ പോയതോടെയാണ് ഹൈദരാബാദ് 182ൽ ഒതുങ്ങിയത്.