ചെന്നൈ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മിസ്റ്റർ ഐപിഎൽ സുരേഷ് റെയ്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്ന് വിരമിക്കുന്നതായാണ് റെയ്നയുടെ അറിയിപ്പ്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് 2020ൽ റെയ്ന വിരമിച്ചിരുന്നു.

ബിസിസിഐക്കും ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷനും ചെന്നൈ സൂപ്പർ കിങ്സിനും ആരാധകർക്കും റെയ്ന നന്ദി അറിയിച്ചു. ഐപിഎല്ലിന് പുറമെ ആഭ്യന്തര ക്രിക്കറ്റിലും റെയ്ന ഇനി കളിക്കില്ല. 2011-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന റെയ്ന, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രധാന താരമായിരുന്നു.

രാജ്യാന്തര ക്രിക്കറ്റ് മതിയാക്കിയ ശേഷം താരം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കളി തുടർന്നിരുന്നു. എന്നാൽ കഴിഞ്ഞ ഐപിഎൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് റെയ്നയെ ഒഴിവാക്കുകയും മറ്റ് ഫ്രാഞ്ചൈസികളൊന്നും ടീമിലെടുക്കാതിരിക്കുകയും ചെയ്തതോടെ താരത്തിന്റെ ഐപിഎൽ സാധ്യത അടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം വരുന്നത്. ഇതോടെ മറ്റ് രാജ്യങ്ങളിലെ ട്വന്റി 20 ലീഗുകളിൽ റെയ്നയ്ക്ക് കളിക്കാനാകും.

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നത് മതിയാക്കി വിദേശ ടി20 ലീഗുകളിൽ കളിക്കാനാണ് റെയ്നയുടെ ശ്രമമെന്ന് ദൈനിക് ജാഗ്രൺ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം റെയ്ന ബിസിസിഐയെയും ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷനേയും അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

'ഞാനെന്റെ തീരുമാനം ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷനേയും ബിസിസിഐ സെക്രട്ടറി ജയ് ഷായേയും അറിയിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് അസോസിയേഷനിൽ നിന്ന് എൻഒസി ലഭിച്ചിട്ടുണ്ട്. വിദേശ ലീഗുകളിൽ കളിക്കാൻ ഞാനിപ്പോൾ തയ്യാറാണ്. എനിക്ക് രണ്ടുമൂന്ന് വർഷം കൂടി ക്രിക്കറ്റ് കളിക്കണം. ഉത്തർപ്രദേശ് ക്രിക്കറ്റിൽ ഭാവിവാഗ്ദാനങ്ങളായ യുവ താരങ്ങൾ വളർന്നുവരുന്നുണ്ട്' എന്നും റെയ്ന പറഞ്ഞതായി ദൈനിക് ജാഗ്രൺ റിപ്പോർട്ട് ചെയ്തു.

സെപ്റ്റംബർ 10 മുതൽ റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ സുരേഷ് റെയ്ന കളിക്കും. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളിൽ നിന്ന് ഫ്രാഞ്ചൈസികൾ സമീപിച്ചിട്ടുണ്ടെങ്കിലും റെയ്ന തീരുമാനം കൈക്കൊണ്ടിട്ടില്ല. സുരേഷ് റെയ്ന പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെ താരം മടങ്ങിവരവിന് തയ്യാറെടുക്കുന്നു എന്ന് വ്യക്തമായിരുന്നു.

2020 ഓഗസ്റ്റ് 15ന് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച റെയ്ന ഐപിഎല്ലിൽ പിന്നീട് തുടർന്നും കളിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സിന്റെ എക്കാലത്തെയും മികച്ച ബാറ്റർ എന്നതാണ് റെയ്നയ്ക്കുള്ള വിശേഷണം. എന്നാൽ 2022ൽ നിലനിർത്താതിരുന്ന താരത്തെ സിഎസ്‌കെ മെഗാതാരലേലത്തിലും സ്വന്തമാക്കിയിരുന്നില്ല. മറ്റ് ടീമുകളും താരത്തെ സ്വന്തമാക്കാൻ ലേലത്തിൽ രംഗത്തുവരാതിരുന്നത് അമ്പരപ്പിച്ചിരുന്നു.

ഐപിഎല്ലിൽ 12 സീസണുകളിൽ സിഎസ്‌കെയുടെ നെടുംതൂണായ റെയ്ന ടൂർണമെന്റ് ചരിത്രത്തിലെ ഉയർന്ന നാലാമത്തെ റൺവേട്ടക്കാരനാണ്. 205 മത്സരങ്ങളിൽ 5528 റൺസ് സ്വന്തമാക്കിയപ്പോൾ ഇതിൽ 4,687 റൺസും സിഎസ്‌കെ കുപ്പായത്തിലായിരുന്നു.

13 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ ഇന്ത്യയെ 18 ടെസ്റ്റിലും 226 ഏകദിനങ്ങളിലും 78 രാജ്യാന്തര ടി20കളിലും റെയ്ന പ്രതിനിധീകരിച്ചിട്ടുണ്ട്. ഏകദിനത്തിൽ 5615 ഉം ടി20യിൽ 1605ഉം റൺസും ടെസ്റ്റിൽ 768 റൺസുമാണ് റെയ്ന ഇന്ത്യൻ കുപ്പായത്തിൽ നേടിയത്. ടെസ്റ്റിൽ അരങ്ങേറ്റ സെഞ്ചുറിയും നേടി. മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരമാണ് സുരേഷ് റെയ്ന. 2011 ഏകദിന ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ് റെയ്‌ന. ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം നാല് തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടവും സ്വന്തമാക്കി.