ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി 20 ടീം പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് വിരാമമിട്ട് നായകന്‍ സൂര്യകുമാര്‍ യാദവിന് കട്ട സപ്പോര്‍ട്ടുമായി ഹാര്‍ദിക് പാണ്ഡ്യ. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപനായകനായിരുന്ന ഹാര്‍ദിക് പാണ്ഡ്യ രോഹിത് ശര്‍മക്ക് പകരക്കാരനായി ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എല്ലാവരേയും ഞെട്ടിച്ച് സൂര്യകുമാര്‍ യാദവിനെയാണ് പ്രഖ്യാപിച്ചത്. ഇതോടെ സൂര്യയേയും ഹാര്‍ദികിനേയും പിന്തുണച്ച് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പോരടിച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ ഇപ്പോഴും അടുത്ത സൗഹൃദം പുലര്‍ത്തുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ.

തന്നെ തഴഞ്ഞ് പുതിയ നായകനെ പ്രഖ്യാപിച്ചതില്‍ ഹാര്‍ദിക് പ്രതിഷേധത്തിലാണെന്നും ഇന്ത്യയുടെ കെട്ടുറപ്പിനെ ഇത് ബാധിക്കുമെന്നും പ്രചരണവുണ്ടായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ തങ്ങളെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ സീനിയര്‍ താരങ്ങള്‍. ശ്രീലങ്കയില്‍ പരമ്പരയ്ക്കായി ടീം എത്തിയ ശേഷം താമസ സ്ഥലത്തേക്ക് പുറപ്പെടുന്നതിന് മുമ്പ് പുതിയ നായകന്‍ സൂര്യയെ ആശ്ലേഷിക്കുന്ന ഹാര്‍ദികിന്റെ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ശ്രീലങ്കയിലെത്തിയ ശേഷമാണ് ഇരുവരും ഒന്നിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

ഈ മാസം 27നാണ് ശ്രീലങ്കന്‍ പര്യടനത്തിന് തുടക്കമാകുക. പുതിയ പരിശീലകന്‍ ഗൗതം ഗംഭീര്‍ പരിശീലക സ്ഥാനത്തെത്തിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണെന്ന പ്രത്യേകതയുമുണ്ട്. പര്യടനത്തില്‍ മൂന്ന് വീതം ടി20യും ഏകദിനവുമാണ് ഇന്ത്യ കളിക്കുക. പല്ലെകെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് എല്ലാ മാച്ചുകളും. ആഗസ്റ്റ് രണ്ടിനാണ് ഏകദിന മത്സരങ്ങള്‍ക്ക് തുടക്കമാകുക.

അതേസമയം, ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഹാര്‍ദികിനെ മാറ്റിനിര്‍ത്തിയതിന്റെ കാരണം കഴിഞ്ഞദിവസം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. ഫിറ്റ്നസാണ് പ്രധാന തടസമെന്നാണ്് അഗാര്‍ക്കര്‍ പറഞ്ഞത്. ഹാര്‍ദിക് ഇപ്പോഴും ടീമിലെ പ്രധാന താരമാണ്. ഓരോരുത്തരുമായും ചര്‍ച്ച ചെയ്ത ശേഷമാണ് ചുമതല നല്‍കിയത്. ഹാര്‍ദികുമായും ഇക്കാര്യം സംസാരിച്ചിരുന്നതായും അഗാര്‍ക്കര്‍ പ്രസ്മീറ്റില്‍ വ്യക്തമാക്കുകയുണ്ടായി.