- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സെഞ്ചുറിയുമായി ഗെയ്ക്വാദ്; നിരാശപ്പെടുത്തി സഞ്ജു; പൊരുതിയത് രോഹൻ കുന്നുമ്മൽ മാത്രം; മഹാരാഷ്ട്രയ്ക്ക് 40 റൺസ് ജയം; കേരളത്തിന് രണ്ടാം തോൽവി; പോയിന്റ് പട്ടികയിൽ നാലാമത്

ലുധിയാന: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ മഹാരാഷ്ട്രയോടും പരാജയപ്പെട്ടതോടെ കേരളം പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പതിച്ചു. 40 റൺസിനാണു മഹാരാഷ്ട്ര കേരളത്തെ പരാജയപ്പെടുത്തിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര നാലു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കേരളത്തിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുക്കാനേ സാധിച്ചുള്ളൂ. അർധ സെഞ്ചറി നേടിയ ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ മാത്രമാണു കേരളത്തിനായി തിളങ്ങിയത്.
ആദ്യം ബാറ്റു ചെയ്ത മഹാരാഷ്ട്രയ്ക്കായി ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് സെഞ്ചറി നേടി. 68 പന്തുകൾ നേരിട്ട താരം 114 റൺസെടുത്തു പുറത്തായി. ഏഴു സിക്‌സും എട്ട് ഫോറുകളുമാണു ഗെയ്ക്വാദ് അടിച്ചുപറത്തിയത്. ഓപ്പണർ പൃഥ്വി ഷായും തിളങ്ങി. 29 പന്തുകൾ നേരിട്ട പൃഥ്വി 31 റൺസെടുത്തു. കേരളത്തിനായി സിജോമോൻ ജോസഫ് മൂന്നു വിക്കറ്റും കെ.എം. ആസിഫ് ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സഞ്ജു സാംസണും സച്ചിൻ ബേബിയുമുൾപ്പെടെ കേരളത്തിന്റെ ആറ് മുൻനിര താരങ്ങൾ രണ്ടക്കം കടക്കാനാകാതെ പുറത്തായതാണു കേരളത്തിനു തിരിച്ചടിയായത്. വിഷ്ണു വിനോദ് (എട്ടു പന്തിൽ പത്ത്), ഷോൺ റോജർ (12 പന്തിൽ മൂന്ന്), മുഹമ്മദ് അസ്ഹറുദ്ദീൻ (ഏഴു പന്തിൽ അഞ്ച്), സച്ചിൻ ബേബി (നാലു പന്തിൽ നാല്), സഞ്ജു സാംസൺ (ഏഴു പന്തിൽ മൂന്ന്), അബ്ദുൽ ബാസിത്ത് (ഏഴു പന്തിൽ അഞ്ച്), മനു കൃഷ്ണൻ (മൂന്ന് പന്തിൽ രണ്ട്) എന്നിങ്ങനെയാണു പുറത്തായ കേരള ബാറ്റർമാരുടെ സ്‌കോറുകൾ. സിജോമോൻ ജോസഫ് 20 പന്തിൽ 18 റൺസെടുത്തു പുറത്താകാതെ നിന്നു.
കഴിഞ്ഞ മത്സരത്തിൽ സർവീസസിനോട് കേരളം 12 റൺസിനു തോറ്റിരുന്നു. ആദ്യ മൂന്നു മത്സരങ്ങളിൽ ഹരിയാന, കർണാടക, അരുണാചൽ ടീമുകളെ കേരളം തോൽപിച്ചു. 20ന് ജമ്മു കശ്മീരുമായും 22ന് മേഘാലയയുമായും കേരളത്തിനു മത്സരങ്ങൾ ബാക്കിയുണ്ട്.
മഹാരാഷ്ട്രക്കായി വിക്കി ഓട്സ്വാൾ മൂന്നും അസീം കാസി രണ്ടും വിക്കറ്റെടുത്തു. അഞ്ച് മത്സരങ്ങളിൽ മൂന്ന് ജയവും രണ്ട് തോൽവിയുമായി പോയന്റ് പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് കേരളം. നാല് കളികളിൽ മുന്ന് ജയവുമായി സർവീസസ് മൂന്നാമതും അഞ്ച് കളികളിൽ നാലു ജയമുള്ള ഹരിയാന രണ്ടാമതും ഇത്രയും മത്സരങ്ങളിൽ നാല് ജയമുള്ള കർണാടക ഒന്നമതുമാണ്.


