മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജമ്മു കശ്മീരിനെ 62 റൺസിന് കീഴടക്കി കേരളം നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി. എലൈറ്റ് ഗ്രൂപ്പ് സിയിൽ തുടർച്ചയായ രണ്ടു തോൽവികൾക്കു ശേഷം നായകൻ സഞ്ജു സാംസണിന്റെയും സച്ചിൻ ബേബിയുടേയും ബാറ്റിങ് മികവിലാണ് കേരളം ജയം നേടിയത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 184 റൺസ്. ജമ്മു കശ്മീരിന്റെ മറുപടി 19 ഓവറിൽ 122 റൺസിൽ അവസാനിച്ചു. ടൂർണമെന്റിലെ ആദ്യ മൂന്നു കളികളും ജയിച്ച് പ്രതീക്ഷ നൽകിയ കേരളം, തുടർന്നുള്ള രണ്ടു കളികൾ തോറ്റത് തിരിച്ചടിയായിരുന്നു. ഇനി ശനിയാഴ്ച മേഘാലയയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

കേരളം ഉയർത്തിയ് 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ജമ്മു കശ്മീരിന് ഓപ്പണർമാർ മികച്ച തുടക്കമാണ് സമ്മാനിച്ചത്. 25 പന്തിൽ 42 റൺസ് നേടിയ ശേഷമാണ് ഓപ്പണിങ് കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കണ്ടെത്തിയ കേരള ബോളർമാർ ടീമിനു വിജയം സമ്മാനിച്ചു. നാല് ഓവറിൽ 21 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തിയ ബേസിൽ തമ്പി, മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത കെ.എം.ആസിഫ് എന്നിവർ ചേർന്നാണ് ജമ്മു കശ്മീരിനെ തകർത്തത്. വൈശാഖ് ചന്ദ്രൻ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. സിജോമോൻ ജോസഫ്, എസ്. മിഥുൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

14 പന്തിൽ തകർത്തടിച്ച് 30 റൺസെടുത്ത ഓപ്പണർ ശുഭം ഖജൂരിയയാണ് ജമ്മു കശ്മീരിന്റെ ടോപ് സ്‌കോറർ. ഹെനൻ നസീർ (17), അബ്ദുൽ സമദ് (19), വിവ്രാന്ത് ശർമ (11) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഉംറാൻ മാലിക്ക് 12 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 16 റൺസുമായി പുറത്താകാതെ നിന്നു.

വേഗം കൊണ്ട് വിസ്മയിപ്പിച്ച ഇന്ത്യൻ യുവപേസ് ബോളർ ഉംറാൻ മാലിക്കിനെ ഉൾപ്പെടെ തകർത്തടിച്ചാണ് ജമ്മു കശ്മീരിനെതിരെ കേരളം മികച്ച സ്‌കോർ കുറിച്ചത്. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം, നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസെടുത്തത്. ക്യാപ്റ്റൻ സഞ്ജു സാംസൺ, സച്ചിൻ ബേബി എന്നിവരുടെ അർധസെഞ്ചറികളുടെ കരുത്തിലാണ് കേരളം മികച്ച സ്‌കോറിലെത്തിയത്. അവസാന ഓവറുകളിൽ അബ്ദുൽ ബാസിതിന്റെ ബാറ്റിങ് വെടിക്കെട്ടും കേരളത്തിന് മികച്ച സ്‌കോർ സമ്മാനിക്കുന്നതിൽ നിർണായകമായി.

32 പന്തിൽ 62 റൺസെടുത്ത സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. ഏഴു ഫോറും മൂന്നു സിക്‌സും ഉൾപ്പെടുന്നതാണ് സച്ചിന്റെ ഇന്നിങ്‌സ്. കരുതലോടെ ബാറ്റു ചെയ്ത ക്യാപ്റ്റൻ സഞ്ജു, 56 പന്തിൽ 61 റൺസെടുത്ത് പുറത്തായി. ആറു ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. അവസാന ഓവറിൽ റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിലാണ് സഞ്ജു പുറത്തായത്. അബ്ദുൽ ബാസിത് 11 പന്തിൽ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 24 റൺസുമായി പുറത്താകാതെ നിന്നു. വിഷ്ണു വിനോദ് ഒരു പന്തിൽ ഒരു റണ്ണെടുത്ത് ബാസിതിനു കൂട്ടുനിന്നു. ഓപ്പണർ രോഹൻ എസ്.കുന്നുമ്മൽ 20 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 29 റൺസെടുത്തു. നിരാശപ്പെടുത്തിയത് നേരിട്ട ആദ്യ പന്തിൽ പുറത്തായ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻ മാത്രം.

ഇന്നിങ്‌സിലെ ആദ്യ പന്തിൽത്തന്നെ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റ് നഷ്ടമായ കേരളത്തിന് രണ്ട്, മൂന്ന്, നാല് വിക്കറ്റുകളിൽ യഥാക്രമം രോഹൻ എസ് കുന്നുമ്മൽ, സച്ചിൻ ബേബി, അബ്ദുൽ ബാസിത് എന്നിവരെ കൂട്ടുപിടിച്ച് പടുത്തുയർത്തിയ മികച്ച കൂട്ടുകെട്ടുകളാണ്. ഇതിൽ ആദ്യ രണ്ടും അർധസെഞ്ചറി കൂട്ടുകെട്ടുകളായിരുന്നു.

രണ്ടാം വിക്കറ്റിൽ സഞ്ജു രോഹൻ സഖ്യം 44 പന്തിൽ 50 റൺസ് കൂട്ടിച്ചേർത്തു. മൂന്നാം വിക്കറ്റിൽ സഞ്ജു സച്ചിൻ വെറും 55 പന്തിൽനിന്ന് അടിച്ചെടുത്തത് 90 റൺസാണ്. പതുക്കെ ബാറ്റിങ് തുടങ്ങിയ ഇരുവരും പിന്നീട് തകർത്തടിച്ചാണ് കേരള ഇന്നിങ്‌സിന് കരുത്തു പകർന്നത്. സച്ചിൻ ബേബി പുറത്തായ ശേഷം അബ്ദുൽ ബാസിതിനെ കൂട്ടുപിടിച്ച് സഞ്ജു ആക്രമണം തുടർന്നു. നാലാം വിക്കറ്റിൽ വെറും 18 പന്തിൽ 42 റൺസടിച്ചുകൂട്ടിയ സഞ്ജു അബ്ദുൽ ബാസിത് സഖ്യത്തിന്റെ ബാറ്റിങ് വിസ്‌ഫോടനമാണ് കേരള സ്‌കോർ 180 കടത്തിയത്.

ജമ്മു കശ്മീരിനായി മുസ്തഫ യൂസഫ് നാല് ഓവറിൽ 47 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. ഉംറാൻ മാലിക്ക് നാല് ഓവറിൽ 41 റൺസ് വഴങ്ങിയും ആബിദ് മുഷ്താഖ് നാല് ഓവറിൽ 34 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്‌ത്തി.