- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തകർപ്പൻ അർദ്ധ സെഞ്ചുറിയുമായി പട നയിച്ച് സഞ്ജു; 47 പന്തിൽ 64 റൺസെടുത്ത് സച്ചിൻ ബേബിയും; സൗരാഷ്ട്രയുടെ റൺമലയ്ക്ക് മുന്നിൽ പൊരുതിവീണ് കേരളം; മുഷ്താഖ് അലി ട്രോഫിയിൽ നിന്നും പുറത്ത്

കൊൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ സൗരാഷ്ട്രയോട് പൊരുതിത്തോറ്റ് കേരളം ക്വാർട്ടർ കാണാതെ പുറത്ത്. ഒൻപത് റൺസ് വിജയവുമായി സൗരാഷ്ട്ര ക്വാർട്ടറിലെത്തി. നായകൻ സഞ്ജു സാംസണിന്റെയും സച്ചിൻ ബേബിയുടേയും അർധസെഞ്ചുറികൾ കേരളത്തെ തുണച്ചില്ല.
അർധസെഞ്ചറി നേടിയ ഷെൽഡൻ ജാക്‌സന്റെ ബാറ്റിങ്ങാണ് സൗരാഷ്ട്രയെ തുണച്ചത്. 44 പന്തുകളിൽനിന്ന് 64 റൺസ് താരം നേടി. സമർഥ് വ്യാസ് (18 പന്തിൽ 34), വിശ്വരാജ്‌സിൻഹ് ജഡേജ (23 പന്തിൽ 31) എന്നിവരും സൗരാഷ്ട്രയ്ക്കായി തിളങ്ങി. കേരളത്തിനു വേണ്ടി കെ.എം. ആസിഫ് മൂന്നു വിക്കറ്റുകൾ വീഴ്‌ത്തി. മനു കൃഷ്ണൻ രണ്ടും മിഥുൻ എസ് ഒരു വിക്കറ്റും നേടി.
184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് 20 ഓവറിൽ നാല് വിക്കറ്റിന് 174 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സഞ്ജു 38 പന്തിൽ 59 റൺസെടുത്ത് പുറത്തായതോടെ കേരളം പതറുകയായിരുന്നു. 11 ഓവറിൽ 100 കടന്നിട്ടും കേരളത്തിന് ഫിനിഷിങ് പിഴച്ചു.
മറുപടി ബാറ്റിംഗിൽ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീനെ ഇന്നിങ്സിലെ നാലാം പന്തിൽ കേരളത്തിന് നഷ്ടമായിരുന്നു. മറ്റൊരു ഓപ്പണർ രോഹൻ കുന്നുമ്മൽ 18 പന്തിൽ 22 റൺസ് നേടി. പിന്നാലെ ക്രീസിലൊന്നിച്ച സഞ്ജു സാംസണും സച്ചിൻ ബേബിയും 98 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ കേരളം പ്രതീക്ഷയിലായി. 16-ാം ഓവറിലെ ആദ്യ പന്തിൽ സഞ്ജു(38 പന്തിൽ 59) ക്യാച്ചിലൂടെ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. സഞ്ജു പുറത്താകുമ്പോൾ 15.1 ഓവറിൽ ടീം സ്‌കോർ 129ലെത്തിയിരുന്നു.
പക്ഷേ പിന്നീട് ആർക്കും ഫിനിഷിങ് ചെയ്യാനായില്ല. സച്ചിൻ ബേബി(47 പന്തിൽ 64*) അർധസെഞ്ചുറിയുമായി പുറത്താകാതെ നിന്നെങ്കിലും ഫലമുണ്ടായില്ല. അബ്ദുൾ ബാസിത് 7 പന്തിൽ 12 റൺസിൽ മടങ്ങി. സച്ചിനൊപ്പം വിഷ്ണു വിനോദ് 7 പന്തിൽ 12* റൺസുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 183 എന്ന മികച്ച സ്‌കോറാണ് കേരളത്തിനെതിരെ പടുത്തുയർത്തിയത്. 44 പന്തിൽ 64 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഷെൽഡൺ ജാക്സൻ, 18 പന്തിൽ 34 നേടിയ സമർഥ് വ്യാസ്, 23 പന്തിൽ 31 സ്വന്തമാക്കിയ വിശ്വരാജ് ജഡേജ എന്നിവർ സൗരാഷ്ട്രയ്ക്ക് തുണയായി. ഓപ്പണർമാരായ ഹാർവിക് ദേശായി 12നും ചേതേശ്വർ പൂജാര 11നും പുറത്തായി. കേരളത്തിനായി കെ എം ആസിഫ് മൂന്നും ഉണ്ണികൃഷ്ണൻ മനു കൃഷ്ണൻ രണ്ടും എസ് മിഥുൻ ഒന്നും വിക്കറ്റ് വീഴ്‌ത്തി.


