കൊൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 കിരീടം മുംബൈക്ക്. ഫൈനലിൽ ഹിമാചലിനെ മൂന്ന് വിക്കറ്റിന് കീഴടക്കിയാണ് മുംബൈ ആദ്യ കിരീടം സ്വന്തമാക്കിയത്. കൊൽക്കത്ത, ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹിമാചൽ 143 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ മുംബൈ മൂന്ന് പന്തുകൾ ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 31 പന്തിൽ പുറത്താവാതെ 36 റൺസെടുത്ത സർഫറാസ് ഖാനാണ് മുംബൈയുടെ ജയം ഉറപ്പിച്ചത്.

മോശം തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ഓപ്പണർമാരായ പൃഥ്വി ഷാ (11), അജിൻക്യ രഹാനെ (1) എന്നിവർ തുടക്കത്തിലെ മടങ്ങി. അപ്പോൾ സ്‌കോർബോർഡിൽ 28 റൺസ് മാത്രം. പിന്നീട് യഷസ്വി ജയ്സ്വാൾ (27) ശ്രേയസ് അയ്യർ (34) സഖ്യമാണ് ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും 41 റൺസ് കൂട്ടിചേർത്തു. ജയ്സ്വാൾ മടങ്ങിയെങ്കിലും സർഫറാസ് ക്രീസിലെത്തിയതോടെ മുംബൈ ജയിക്കുന്ന അവസ്ഥയായി. ഇതിനിടെ ശ്രേയസിനെ പുറത്താക്കി വൈഭവ് അറോറ ഹിമാചലിന് ബ്രേക്ക് ത്രൂ നൽകി.

ശിവം ദുബെ (7), അമിൻ ഹകിം ഖാൻ (6), ഷംസ് മുലാനി (2) എന്നിവർ പെട്ടന്ന് മടങ്ങിയത് മുംബൈയെ പ്രതിരോധത്തിലാക്കി. എന്നാൽ തനുഷ് കൊട്യനെ (5 പന്തിൽ 9) കൂട്ടുപിടിച്ച് സർഫറാസ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. മൂന്ന് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സർഫറാസിന്റെ ഇന്നിങ്സ്. വൈഭവ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഋഷി ധവാൻ, മായങ്ക ദാഗർ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.

നേരത്തെ, വാലറ്റക്കാരുടെ പ്രകടനമാണ് ഹിമാചലിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. എട്ട് വിക്കറ്റുകളാണ് ഹിമാചലിന് നഷ്ടമായത്. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ മോഹിത് അവസ്തി, തനുഷ് കൊട്യൻ എന്നിവരാണ് തകർത്തത്. 37 റൺസ് നേടിയ ഏകാന്ത് സെന്നാണ് ഹിമാചലിന്റെ ടോപ് സ്‌കോറർ. മോശം തുടക്കമായിരുന്നു ഹിമാചലിന്. 9.4 ഓവറിൽ അവർ ആറിന് 58 എന്ന നിലയിലേക്ക് തകർന്നുവീണു.

അങ്കുഷ് ബെയ്ൻസ് (4), സുമീത് വർമ (8), നിഖിൽ ഗംഗ്ത (22), നിതീഷ് ശർമ (0), ഋഷി ധവാൻ (1), പ്രശാന്ത് ചോപ്ര (19) എന്നിവരാണ് മടങ്ങിയത്. പിന്നീട് വാലറ്റം നടത്തിയ ശ്രമമാണ് ഹിമാചലിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഏകാന്തിനൊപ്പം ആകാശ് വസിഷ്ട് (25), മായങ്ക് ദാഗർ (12 പന്തിൽ പുറത്താവാതെ 21) മികച്ച പ്രകടനം പുറത്തെടുത്തു. വൈഭവ് അറോറ (2) പുറത്താവാതെ നിന്നു.