- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി 20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ പോരാട്ടം ഇന്ന്
ന്യൂയോർക്ക്: പതിറ്റാണ്ടുകൾ പിന്നിട്ട ഇന്ത്യയുടെ ഐസിസി ട്രോഫി വരൾച്ചയ്ക്ക് വിരാമമിടാൻ രോഹിതും സംഘവും ഇന്ന് ഇറങ്ങും. ടി20 ലോകകപ്പിലെ ആദ്യമത്സരത്തിൽ അയർലന്റാണ് ഇന്ത്യയുടെ എതിരാളികൾ.നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം.
കഴിഞ്ഞദിവസം ഇതേ സ്റ്റേഡിയത്തിൽനടന്ന ശ്രീലങ്ക-ദക്ഷിണാഫ്രിക്ക മത്സരത്തിൽ ബൗളർമാരുടെ അശ്വമേധമായിരുന്നു.പേസ് ബോളർമാർക്കും സ്പിന്നർമാർക്കും ഒരുപോലെ ആനുകൂല്യം ലഭിക്കുന്ന പിച്ചാണ് നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലേത്. ന്യൂയോർക്കിൽ ഇന്ന് മൂടിക്കെട്ടിയ കാലാവസ്ഥയാകുമെന്നാണ് പ്രവചനം. ഇത് ഇന്നിങ്സിന്റെ തുടക്കത്തിൽ പേസ് ബോളർമാരെ സഹായിക്കും.അതുകൊണ്ടു തന്നെ ബൗളർമാർക്ക് പ്രധാന്യം നൽകുന്ന ഇലവനെയാകും ഇന്ത്യ പരീക്ഷിക്കാൻ സാധ്യത.താരതമ്യേന വലിയ ബൗണ്ടറികളാണ് നാസോ കൗണ്ടി സ്റ്റേഡിയത്തിലേത്. വശങ്ങളിലെ ദൂരം 70 മീറ്ററിലുമേറെയാണ്. വിക്കറ്റിനു മുന്നിലെയും പിന്നിലെയും ബൗണ്ടറികളുടെ നീളം 65 70 മീറ്ററും.
കഴിഞ്ഞവർഷം ഇന്ത്യയിൽനടന്ന ഏകദിന ലോകകപ്പിൽ അപാരഫോമിൽ കളിച്ച രോഹിതും സംഘവും ഫൈനലിൽ ഓസ്ട്രേലിയക്ക്. മുന്നിൽ അപ്രതീക്ഷിതമായി വീഴുകയായിരുന്നു.ആ നിരാശയുടെ പശ്ചാത്തലത്തിലാണ് ടി 20 ലോകകപ്പിൽ രോഹിത്തിനു കീഴിൽത്തന്നെ ഇറങ്ങാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തീരുമാനിച്ചത്.കോച്ച് രാഹുൽ ദ്രാവിഡിന്റെ കാലാവധിയും നീട്ടിനൽകി.രോഹിത് ശർമയ്ക്ക് 37 വയസ്സായി. കോലിക്ക് 35 വയസ്സുണ്ട്. ഏറെക്കാലമായി ഇന്ത്യൻ ടീമിന്റെ കരുത്തായിനിൽക്കുന്ന ഇരുവരും ഇനിയൊരു ലോകകപ്പിൽ ഒന്നിച്ചുകളിക്കുമോയെന്ന് ഉറപ്പില്ല. 2027-ൽ ദക്ഷിണാഫ്രിക്കയിലാണ് അടുത്ത ഏകദിന ലോകകപ്പ്. അതുകൊണ്ടുതന്നെ രോഹിതിനും കോലിക്കുംവേണ്ടി കിരീടം എന്ന ഒറ്റലക്ഷ്യത്തോടെയാണ് ടീം മുന്നോട്ടുപോകുന്നത്.
2013ൽ ചാംപ്യൻസ് ട്രോഫി വിജയിച്ച ശേഷം മറ്റൊരു ഐസിസി ടൂർണമെന്റിൽ കിരീടം നേടാൻ ടീം ഇന്ത്യയ്ക്കു സാധിച്ചിട്ടില്ല. 2014 ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ ശ്രീലങ്കയോടു തോറ്റപ്പോൾ 2016 ട്വന്റി20 ലോകകപ്പിന്റെ സെമിയിൽ വെസ്റ്റിൻഡീസിനു മുന്നിൽ വീണു. 2021, 2022 ട്വന്റി20 ലോകകപ്പുകളിൽ ഫൈനലിൽ എത്താനായില്ല. 2015, 2019 ഏകദിന ലോകകപ്പുകളിൽ സെമിയിലും തോറ്റു. 2017ലെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോട് തോറ്റപ്പോൾ 2 തവണ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും കാലിടറി.
പോൾ സ്റ്റർലിങ് നയിക്കുന്ന അയർലൻഡ് ടീം ലോകകപ്പിനുമുമ്പ്, പാക്കിസ്ഥാനെതിരായ പരമ്പരയിൽ ഒരു മത്സരം ജയിച്ചിരുന്നു.ഈ ആത്മവിശ്വാസത്തോടെയാകും ഇന്ത്യക്കെതിരെ ടീം ഇന്ന് കളത്തിലിറങ്ങുക.രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ ഇതുവരെ 8 തവണ ഇന്ത്യയും അയർലൻഡും നേർക്കുനേർ മത്സരിച്ചു. ഇതിൽ 7 തവണയും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു.ട്വന്റി20 ലോകകപ്പിൽ ഒരു തവണ മാത്രമേ ഇരു ടീമുകളും ഏറ്റമുട്ടിയിട്ടുള്ളൂ. 2009ൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിന് ഇന്ത്യ ജയിച്ചു.
അതേസമയം ഇന്ത്യയുടെ പ്ലേയിങ് ഇലവൻ സംബന്ധിച്ച സസ്പെൻസ് അവസാനിച്ചിട്ടില്ല. ഓപ്പണിങ്ങിൽ രോഹിത് ശർമ, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, പേസ് ബോളിങ്ങിൽ ജസ്പ്രീത് ബുമ്ര എന്നിവരാണ് ടീമിൽ സ്ഥാനം ഉറപ്പായിട്ടുള്ള 3 പേർ.രോഹിത് ശർമയ്ക്കൊപ്പം വിരാട് കോലി ഓപ്പൺചെയ്യണമെന്ന നിർദ്ദേശവുമുണ്ട്.ഇടംകൈയനായ യശസ്വി ജയ്സ്വാളാണ് ടീമിലെ മറ്റൊരു ഓപ്പണർ.രോഹിത്
-യശസ്വി സഖ്യം ഓപ്പൺ ചെയ്യുകയാണെങ്കിൽ വൺഡൗണായി കോലി, തുടർന്ന് സൂര്യകുമാർ, വിക്കറ്റ് കീപ്പർ, ഫിനിഷറായി ഹാർദിക് എന്നിങ്ങനെയാണ് സാധാരണയായി ബാറ്റിങ് ഓർഡർ. കോലി ഓപ്പണറായാൽ ഇലവനിലും ബാറ്റിങ് ഓർഡറിലും കാര്യമായ മാറ്റംവരും.
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തന്റെ ക്വാട്ട മുഴുവൻ ബൗൾ ചെയ്യുകയാണെങ്കിൽ മറ്റൊരു ബാറ്ററെക്കൂടി കളിപ്പിക്കാൻ അവസരമുണ്ടാകും.സ്പിൻ ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയുമുണ്ട്. സ്ലോ ട്രാക്ക് ആയതിനാൽ മറ്റുരണ്ടു സ്പിന്നർമാരെക്കൂടി കളിപ്പിക്കാനിടയുണ്ട്. കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നീ സ്പെഷലിസ്റ്റ് സ്പിന്നർമാർ ടീമിലുണ്ട്. സ്പിൻ ഓൾറൗണ്ടറായി അക്സർ പട്ടേലുമുണ്ട്. പേസിൽ ജസ്പ്രീത് ബുംറ ഉറപ്പാകുമ്പോൾ മുഹമ്മദ് സിറാജ്/അർഷ്ദീപ് സിങ് എന്നിവരിൽനിന്നാകും മൂന്നാമനെ തിരഞ്ഞെടുക്കുക.
ലോകകപ്പിനു മുന്നോടിയായി കളിച്ച ഏക സന്നാഹ മത്സരത്തിൽ 8 ബോളർമാർക്ക് ഇന്ത്യ അവസരം നൽകിയിരുന്നെങ്കിലും ബാറ്റിങ്ങിൽ 7 പേരെ മാത്രമാണ് പരീക്ഷിക്കാനായത്.