ഗുവാഹത്തി: ട്വന്റി 20 ലോകകപ്പ് മുന്നിൽക്കണ്ട് ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ടീമിൽ മാറ്റം വരുത്താനൊരുങ്ങി ഓസ്‌ട്രേലിയ. ലോകകപ്പിൽ കളിച്ച സീനിയർ താരങ്ങൾക്ക് പകരം മൂന്ന് ജൂനിയർ താരങ്ങളെ ഇന്ത്യയിലേക്ക് അയക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പദ്ധതിയിടുന്നതെന്ന് സിഡ്‌നി മോർണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. യുവതാരങ്ങളായ ബെൻ മക്ഡർമോർട്ട്, ജോഷ് ഫിലിപ്പെ, ക്രിസ് ഗ്രീൻ എന്നിവരാണ് ഇന്ത്യയിലേക്ക് വരുന്ന യുവതാരങ്ങൾ.

ലോകകപ്പിൽ കളിച്ച ട്രാവിസ് ഹെഡ്, ഗ്ലെൻ മാക്‌സ്വെൽ, സ്റ്റീവ് സ്മിത്ത്, ആദം സാംപ, ഷോൺ ആബട്ട്, മാർക്കസ് സ്റ്റോയ്‌നിസ്, ജോഷ് ഇംഗ്ലിസ്, തൻവീർ സംഗ എന്നിവർ ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലും കളിക്കുന്നുണ്ട്. ഇവരിൽ ആരൊക്കെയാകും ഓസ്‌ട്രേലിയയിലേക്ക് തിരിച്ചുപോകുക എന്ന് വ്യക്തമല്ല.

അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ ഓസ്‌ട്രേലിയ 0-2ന് പിന്നിലാണ്. ഗുവാഹത്തിയിൽ ഇന്ന് നടക്കുന്ന മൂന്നാം ടി20യിലും തോറ്റാൽ ഓസ്‌ട്രേലിയക്ക് പരമ്പര നഷ്ടമാവും. പരമ്പര നഷ്ടമായാൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ടീമിലേക്കായിരിക്കും യുവതാരങ്ങൾ എത്തുക എന്നാണ് റിപ്പോർട്ട്.

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ഓസ്‌ട്രേലിയൻ ടീം: മാത്യു വെയ്ഡ് (ക്യാപ്റ്റൻ), ആരോൺ ഹാർഡി, ജേസൺ ബെഹ്റൻഡോർഫ്, ഷോൺ അബോട്ട്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഗ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, കെയ്ൻ റിച്ചാർഡ്സൺ, ആദം സാംപ.