- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുവർണാവസരം പാഴാക്കി സഞ്ജു സാംസൺ!
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിന് മുമ്പായി പരിശീലന മത്സരത്തിൽ നിരാശപ്പെടുത്തി സഞ്ജു സാംസൺ. ആറ് പന്ത് നേരിട്ട താരം ഒരു റൺസ് മാത്രമാണ് നേടിയത്. ടീമിൽ തുടർന്നുള്ള മത്സരത്തിൽ അവസരംനേടാനുള്ള സുവർണാവസരമാണ് സഞ്ജു പാഴാക്കിയത്. ഷൊറിഫുൾ ഇസ്ലാമിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് മലയാളി താരം പുറത്തായത്. മത്സരത്തിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായാണ് സഞ്ജു കളത്തിലിറങ്ങിയത്.
ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം പന്തും ഹാർദിക്കും തിളങ്ങിയ മത്സരത്തിൽ ഇന്ത്യ മികച്ച സ്‌കോർ നേടി. ബംഗ്ലാദേശിന് മുന്നിൽ 183 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ഋഷഭ് പന്ത് അർധ സെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തിൽ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ ഭേദപ്പെട്ട സംഭാവന നൽകിയപ്പോൾ രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത സഞ്ജു സാംസൺ ഒരിക്കൽ കൂടി നിരാശപ്പെടുത്തി.
32 പന്തിൽ നിന്ന് നാല് വീതം സിക്സും ഫോറുമടക്കം 53 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സന്നാഹ മത്സരമായതിനാൽ തന്നെ പന്ത് പിന്നീട് റിട്ടയേർഡ് ഔട്ടായി മടങ്ങുകയായിരുന്നു. രോഹിത് 19 പന്തിൽ 23 റൺസെടുത്തപ്പോൾ ആറു പന്തുകൾ നേരിട്ട സഞ്ജു ഒരു റൺ മാത്രമെടുത്ത് പുറത്തായി.
18 പന്തിൽ നിന്ന് 31 റൺസെടുത്തെങ്കിലും സൂര്യകുമാറിന്റെ ഇന്നിങ്സിൽ പക്ഷേ ഒരു സിക്സ് പോലും ഉണ്ടായിരുന്നില്ല. 16 പന്തിൽ നിന്ന് 14 റൺസെടുത്ത ശിവം ദുബെയ്ക്ക് ഐപിഎല്ലിലെ വെടിക്കെട്ട് ആവർത്തിക്കാനായില്ല. എന്നാൽ 23 പന്തിൽ നിന്ന് നാല് സിക്സും രണ്ട് ഫോറുമടക്കം 40 റൺസോടെ പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യ മികച്ച പ്രകടനം പുറത്തെടുത്തു.
ലോകകപ്പിൽ ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയർലൻഡ് ആണ് നീലപ്പടയുടെ ആദ്യ എതിരാളികൾ. ജൂൺ ഒമ്പതിന് നടക്കുന്ന മത്സരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ നേരിടും. കാനഡയും അമേരിക്കയുമാണ് മറ്റ് മത്സരങ്ങളിൽ ടീം ഇന്ത്യയുടെ എതിരാളികൾ. നാളെ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് ജൂൺ 30 വരെ നീളും.