തിരുവനന്തപുരം: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ തോൽവിയുടെ നിരാശമറന്ന് കേരളം ക്രിക്കറ്റ് ലഹരിയിലേക്ക്. രണ്ടാം ട്വന്റി 20 മത്സരത്തിനായി ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് ആറരയോടെ വിമാനമിറങ്ങുന്ന ടീമുകൾ നാളെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം. ആദ്യമായാണ് തിരുവനന്തപുരത്ത് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത്. നാലാമത്തെ അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിനാണ് കാര്യവട്ടം വേദിയാവാൻ ഒരുങ്ങുന്നത്. അടുത്തിടെ ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയായിരുന്നു.

ടീം ഇന്ത്യക്ക് ഹയാത്ത് റീജൻസിയിലും ഓസീസിന് വിവാന്ത ബൈ താജിലുമാണ് താമസം. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണി വരെ ഓസ്‌ട്രേലിയൻ ടീമും അഞ്ച് മണി മുതൽ എട്ട് മണി വരെ ടീം ഇന്ത്യയും സ്പോർട്സ് ഹബ്ബിൽ പരിശീലനത്തിനിറങ്ങും. ഞായറാഴ്ചത്തെ രണ്ടാം ട്വന്റി 20 കഴിഞ്ഞ് തിങ്കളാഴ്ചയാണ് ഇന്ത്യ, ഓസീസ് ടീമുകൾ അടുത്ത മത്സരത്തിനായി ഗുവാഗത്തിയിലേക്ക് പറക്കുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

വിശാഖപട്ടണം വേദിയായ ആദ്യ ട്വന്റി 20യിൽ ടീം ഇന്ത്യ രണ്ട് വിക്കറ്റിന് വിജയിച്ചിരുന്നു. ഓസ്ട്രേലിയ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ഇന്ത്യൻ യുവനിര മറികടന്നു. അവസാനപന്തിലേക്കുനീണ്ട ആവേശപ്പോരിൽ രണ്ടുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. അവസാന പന്തിൽ വിജയിക്കാൻ ഒരു റൺസ് വേണമെന്നിരിക്കെ റിങ്കുസിങ് പന്ത് സിക്സർ പറത്തി. എന്നാൽ പന്ത് ഓവർസ്റ്റെപ്പ് ചെയ്തതിന് അമ്പയർ നോബോൾ വിളിച്ചതോടെ റിങ്കുവിന്റെ സിക്സർ കൂടാതെതന്നെ ഇന്ത്യ വിജയം സ്വന്തമാക്കി. സ്‌കോർ: ഓസ്ട്രേലിയ 20 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 208. ഇന്ത്യ 19.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 209. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും ഇഷാൻ കിഷനും അർധസെഞ്ചുറി നേടി.