- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യ ചേസ് ചെയ്ത് ജയിക്കുന്ന ഏറ്റവും വലിയ സ്‌കോർ; നായകനായുള്ള അരങ്ങേറ്റത്തിൽ അർധസെഞ്ചുറിയോടെ ജയം; വിവാദങ്ങൾക്ക് ബാറ്റുകൊണ്ട് മറുപടി നൽകി സൂര്യകുമാർ; ഇന്ത്യ വീണ്ടും വിജയവഴിയിൽ
വിശാഖപട്ടണം: ഓസ്ട്രേലിയക്കെതിരാ ആദ്യ ടി20യിൽ ഇന്ത്യയുടെ വിജയം ഒട്ടേറെ റെക്കോർഡുകളോടെ. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യ പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്‌കോറാണിത്. വിശാഖപട്ടണത്ത് ഓസ്ട്രേലിയ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. രണ്ട് വിക്കറ്റ് ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തുകയും ചെയ്തു. സൂര്യകുമാർ യാദവ് (80), ഇഷാൻ കിഷൻ (58) എന്നിവരുടെ ബാറ്റിങ് മികവും റിങ്കു സിംഗിന്റെ (14 പന്തിൽ 22) ഫിനിഷിംഗുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ജോഷ് ഇൻഗ്ലിന്റെ (50 പന്തിൽ 110) സെഞ്ചുറി കരുത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 19.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് (42 പന്തിൽ 80) ഇന്ത്യയുടെ വിജയശിൽപി. ഇഷാൻ കിഷൻ (39 പന്തിൽ 58) മികച്ച പ്രകടനം പുറത്തെടുത്തു. 14 പന്തിൽ 22 റൺസെടുത്ത് പുറത്താവാതെ നിന്ന റിങ്കു സിംഗാണ് വിജയം പൂർത്തിയാക്കിയത്. അവസാന പന്തിൽ റിങ്കു സിക്‌സ് നേടിയെങ്കിലും അംപയർ നോബോൾ വിളിച്ചു. സിക്‌സിന് മുമ്പ് ഇന്ത്യ വിജയം പൂർത്തിയാക്കി. ഇതോടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
നാലാം വിക്കറ്റിൽ കിഷനും സൂര്യയും ഒത്തുചേർന്നതോടെയാണ് കൈവിട്ട മത്സരം ഇന്ത്യയുടെ വരുതിയിലായത്. ഇരുവരും 112 റൺസാണ് കൂട്ടിചേർത്ത്. 13-ാം ഓവറിൽ കിഷൻ പുറത്തായതോടെ കൂട്ടുകെട്ട് പൊള്ളിഞ്ഞു. 39 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. നായകനായുള്ള അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ചുറിയോടെ ഇന്ത്യക്ക് വിജയം സമ്മാനിക്കാൻ സൂര്യകുമാറിന് കഴിഞ്ഞു.
കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പതറാതെ ചരിത്ര ബാറ്റിങ് പ്രകടനത്തോടെ സൂര്യകുമാർ യാദവും സംഘവും വിജയത്തിലേക്കെത്തുകയായിരുന്നു. നായകനെന്ന നിലയിൽ മുന്നിൽ നിന്ന് നയിക്കാൻ സൂര്യക്കായി. 80 റൺസോടെ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയാണ് സൂര്യകുമാർ യാദവ് പുറത്തായത്. നായകനായുള്ള അരങ്ങേറ്റ ടി20യിൽ ഇന്ത്യയുടെ ടോപ് സ്‌കോററായി മാറാൻ സൂര്യക്കായി.
ജയത്തോടെ 2019ൽ ഹൈദരാബാദിൽ വിൻഡീസിനെതിരെ 208 റൺസ് പിന്തുടർന്നത് രണ്ടാമതായി. 2009ൽ ശ്രീലങ്കയ്ക്കെതിരെ മൊഹാലിയിൽ 209 റൺസ് ചേസ് ചെയ്തത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2020ൽ ന്യൂസിലൻഡിനെതിരെ ഓക്ലൻഡിൽ (204), 2013ൽ ഓസ്ട്രേലിയക്കെതിരെ രാജ്കോട്ടിൽ (202) റൺസും പിന്തുടർന്ന് ഇന്ത്യ ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ജോഷ് ഇൻഗ്ലിന്റെ (50 പന്തിൽ 110) സെഞ്ചുറി കരുത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്.
ഓസീസിന് ഭേദപ്പട്ട തുടക്കമാണ് ലഭിച്ചത്. സ്‌കോർബോർഡിൽ 31 റൺസുള്ളപ്പോൾ മാത്യു ഷോർട്ടിന്റെ (13) വിക്കറ്റ് ഓസീസിന് നഷ്ടമായിരുന്നു. രവി ബിഷ്ണോയിയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. പിന്നീട് ഇൻഗ്ലിസ് - സ്മിത്ത് സഖ്യം ഇന്ത്യൻ ബൗളർമാരെ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പായിച്ചു. ഇരുവരും 131 റൺസാണ് കൂട്ടിചേർത്തത്. 16-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സ്മിത്ത് റണ്ണൗട്ടായി. എട്ട് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു ഓസീസ് ഓപ്പണറുടെ ഇന്നിങ്സ്.
അധികം വൈകാതെ ഇൻഗ്ലിസ് സെഞ്ചുറി പൂർത്തിയാക്കി. പതിനെട്ടാം ഓവറിലാണ് താരം മടങ്ങുന്നത്. പ്രസിദ്ധിന്റെ പന്തിൽ യഷസ്വി ജെയ്സ്വാളിന് ക്യാച്ച്. 50 പന്തുകൾ മാത്രം നേരിട്ട താരം എട്ട് സിക്സും 11 ഫോറും നേടിയിരുന്നു. മാർകസ് സ്റ്റോയിനിസ് (19) ടിം ഡേവിഡ് (8) സഖ്യം സ്‌കോർ 200 കടത്തി. ബിഷ്ണോയ് നാല് ഓവറിൽ 54 റൺസ് വിട്ടുകൊടുത്തു. പ്രസിദ്ധിന് 50 റൺസും വഴങ്ങേണ്ടിവന്നു. ഇരുവരും ഓരോ വിക്കറ്റും വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്