മുംബൈ: സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തി ബിസിസിഐ. സഞ്ജു സാംസണ്‍, ശിവം ദുബെ, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്ക് ആദ്യ രണ്ടു മത്സരങ്ങള്‍ നഷ്ടമാകും. പകരക്കാരായി ജിതേഷ് ശര്‍മ, സായ് സുദര്‍ശന്‍, ഹര്‍ഷിത് റാണ എന്നിവര്‍ ടീമിലെത്തി. ട്വന്റി20 ലോകകപ്പ് നേടിയ ടീം ബാര്‍ബഡോസില്‍ കുടുങ്ങിയ സാഹചര്യത്തിലാണ് ബിസിസിഐയുടെ നീക്കം. ബാര്‍ബഡോസില്‍നിന്ന് താരങ്ങള്‍ ബുധനാഴ്ച ഇന്ത്യയിലേക്കെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ ഇന്ത്യയിലെത്തിയ ശേഷം പിന്നീട് സിംബാബ്‌വെയിലേക്കു പോകും. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ബാര്‍ബഡോസിലുള്ള ഇന്ത്യന്‍ ടീമിന്റെ യാത്ര വൈകുന്നത്. ജൂലൈ ആറിനാണ് ഇന്ത്യ സിംബാബ്‌വെ പരമ്പരയിലെ ആദ്യ മത്സരം. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കിലും സഞ്ജു സാംസണെ ബിസിസിഐ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഋഷഭ് പന്തായിരുന്നു എല്ലാ മത്സരങ്ങളിലും ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. വിരാട് കോലി ഓപ്പണറായി എത്തിയതോടെ യശസ്വി ജയ്‌സ്വാളും കളിക്കാനിറങ്ങിയില്ല. ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തില്‍ മാത്രമാണു സഞ്ജു കളിച്ചത്. ശുഭ്മന്‍ ഗില്ലാണ് ട്വന്റി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.

നേരത്തെ വെസ്റ്റ് ഇന്‍ഡീസിലെ ബാബര്‍ബഡോസില്‍ നിന്ന് സഞ്ജുവും യശസ്വിയും ശിവം ദുബെയും ഹരാരെയിലേക്ക് പോകാനായിരുന്നു തീരുമാനം. എന്നാല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ സംഘത്തിലുള്ള മറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം ഇവരും ഇന്ത്യയിലെത്തിയശേഷം സിംബാബ്വെയിലേക്ക് അയക്കാനാണ് ബിസിസിഐ ഒടുവില്‍ തീരുമാനിച്ചത്. തിങ്കളാഴ്ചയായിരുന്നു ഇന്ത്യന്‍ ടീം വിന്‍ഡീസില്‍ നിന്ന് ന്യൂയോര്‍ക്ക്-ദുബായ് വഴി ഇന്ത്യയിലെത്തേണ്ടിയിരുന്നത്. എന്നാല്‍ പുതിയ തീരുമാനപ്രകാരം ഇന്ന് മാത്രമെ ഇന്ത്യന്‍ ടീം യാത്ര തിരിക്കൂ എന്നാണ് സൂചന.

ഇന്ത്യയുടെ മടക്കയാത്ര വൈകിയതോടെ ആറിന് തുടങ്ങുന്ന ട്വന്റി 20 പരമ്പരയില്‍ സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് സിംബാബ്വെയില്‍ എത്താനാവാത്ത സാഹചര്യം ഉള്ളതിനാലാണ് അടിയന്തിരമായി ടീമില്‍ മാറ്റം വരുത്താന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായത്. ആറിന് തുടങ്ങുന്ന ട്വന്റി 20 പരമ്പരയില്‍ 10നാണ് സിംബാബ്വെക്കെതിരായ മൂന്നാം ട്വന്റി 20 മത്സരം. ഇതിന് മുമ്പ് ഇവരെ സിംബാബ്വെയിലേക്ക് അയക്കും. സിംബാബ്വെ പര്യടനത്തിനുള്ള ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായിരുന്നു സഞ്ജു. സഞ്ജുവിന്റെ അസാന്നിധ്യത്തില്‍ ധ്രുവ് ജുറെലോ ജിതേഷ് ശര്‍മയോ ആകും ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളിലും വിക്കറ്റ് കീപ്പര്‍മാരാകുക.

ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം ഡല്‍ഹിയിലെത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ലോകകപ്പ് സംഘത്തിലുള്ള 15 പേരും ഉണ്ടാകുന്നതാകും ഉചിതമെന്ന ബിസിസിഐ നിലപാടും സഞ്ജുവിനെയും സംഘത്തിനെയും ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള കാരണമായതായി സൂചനയുണ്ട്.

സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ രണ്ടു ട്വന്റി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, വാഷിങ്ടന്‍ സുന്ദര്‍, രവി ബിഷ്‌ണോയി, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ.